മിമിക്രി രംഗത്ത് നിന്നും എത്തി മിനിസ്ക്രീൻ കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സാജു നവോദയ എന്ന പാഷാണം ഷാജി. മിനിസ്ക്രീനിൽ നിന്നും സിനിമയിലേക്കും ചുവടുവെച്ച സാജു പിന്നീട് കോമഡി വേഷങ്ങൾ ചെയ്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു.
അതേ സമയം ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ പങ്കെടുത്തതോടെയാണ് സാജു നവോദയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്തെത്തുന്നത്. കൊവിഡ് ലോക്കഡൗൺ കാരണം ഷോ പാതി വഴിയിൽ നിർത്തിയെങ്കിലും ഷാജിയ്ക്ക് പുറത്ത് വലിയ ആരാധകരെ ലഭിച്ചിരുന്നു.
ബിഗ് ബോസിൽ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്ക്കൊപ്പം ചേർന്ന് യൂട്യൂബ് ചാനലും സാജു നവോദയ തുടങ്ങിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് പലപ്പോഴും സാജു തുറന്ന് പറഞ്ഞിട്ടുണ്ട്
സാജുവും രശ്മിയും പ്രണയിച്ച് വിവാഹിതരായവരാണ്. വീട്ടുകാരുടെ സമ്മതം ഇല്ലാതിരുന്നതിനാൽ എടുക്കേണ്ടി വന്ന റിസ്ക്കുകളെ കുറിച്ചും രശ്മിയെ ഓട്ടോയിൽ കടത്തി കൊണ്ടു പോയതിനെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് സാജു ഇപ്പോൾ.
മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെ ആണ് സാജുവിന്റെ തുറന്നു പറച്ചിൽ.
സാജുവിന്റെ വാക്കുകൾ ഇങ്ങനെ:
വിവാഹം എന്ന് ചിന്തിച്ചപ്പോൾ തന്നെ ആദ്യം രശ്മിയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു. അമ്മയോട് ആണ് പറഞ്ഞത്. കേൾക്കേണ്ട താമസം അമ്മ ചൂലെടുത്തു. നിനക്കൊന്നും എന്റെ മോളെ കെട്ടിച്ച് തരില്ലെന്ന് പറഞ്ഞു. അപ്പുറത്ത് അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു എങ്കിലും ചോദിക്കാൻ പോയില്ല.
കാരണം അദ്ദേഹത്തിന്റെ കൈയ്യിൽ ചുറ്റികയുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ തന്നെ ഒളിച്ചോടാൻ തീരുമാനിച്ചു. ഓട്ടോറിക്ഷയിൽ കയറിയാണ് ഒളിച്ചോടിയത്. ഒളിച്ചോട്ടമാണെന്ന് മനസിലായ ഡ്രൈവർ കാശ് പോലും വാങ്ങാതെ കൃത്യ സ്ഥലത്ത് എത്തിച്ചു.കൂട്ടുകാരന്റെ വീട്ടിൽ തങ്ങിയാണ് രജിസ്റ്റർ വിവാഹം നടന്നത്.
വിവാഹ ശേഷം സംഭവമറിഞ്ഞ വീട്ടുകാർ പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. തിയ്യതി നിശ്ചയിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു. രശ്മിയെ കൂട്ടാൻ അവളുടെ വീട്ടിൽ നിന്ന് ഒരുപാട് ആളുകൾ വന്നിരുന്നു.
ഒളിച്ചോടിപ്പോയ എന്ന കൂട്ടാൻ ആരും വന്നില്ല. ഞാൻ തന്നെ ബസ് കയറി വീട്ടിലേക്ക് പോവുകയായിരുന്നു. ഇപ്പോൾ യാതൊരു പ്രശ്നവുമില്ലാതെ സുഖമായി ജീവിതം മുന്നോട്ട് പോകുന്നു എന്നും സാജു പറയുന്നു.