കളക്ഷനിൽ അമ്പത് കോടി പിന്നിട്ട മൂന്നാമത്തെ സിനിമയുമായി മലയാളത്തിന്റെ യുവതാരം നിവിൻ പോളി. ഓണച്ചിത്രമായെത്തിയ ലവ് ആക്ഷൻ ഡ്രാമ ബോക്സ് ഓഫീസ് കളക്ഷനിൽ 50 കോടി പിന്നിട്ടതായി നിവിൻ പോളി തന്നെയാണ് പ്രഖ്യാപിച്ചത്. നടൻ അജു വർഗ്ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേർന്ന് നിർമ്മിച്ച ലവ് ആക്ഷൻ ഡ്രാമ സംവിധാനം ചെയ്തത് ധ്യാൻ ശ്രീനിവാസനാണ്.
ഗ്ലോബൽ കളക്ഷകനിലാണ് സിനിമയുടെ അമ്പത് കോടി നേട്ടം. നിവിൻ പോളിക്കൊപ്പം മോഹൻലാലും പ്രധാന കഥാപാത്രമായെത്തിയ കായംകുളം കൊച്ചുണ്ണി, അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്നിവയാണ് 50 കോടി ടോട്ടൽ ബിസിനസിൽ പിന്നിട്ട നിവിൻ ചിത്രങ്ങളിൽ.
കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. നിവിൻ പോളിയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായ ലവ് ആക്ഷൻ ഡ്രാമ ചെന്നെയിലും കേരളത്തിലുമായി ചിത്രീകരിച്ച സിനിമയാണ്. മിഖായേലിന് ശേഷം തിയറ്ററുകളിലെത്തിയ നിവിൻ പോളി ചിത്രവുമാണ്.
രാജീവ് രവി സവിധാനം ചെയ്ത തുറമുഖം, ഗീതു മോഹൻദാസ് സിനിമ മൂത്തോൻ എന്നിവയാണ് നിവിൻ പോളിയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ.