മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് താരരാജാവ് മോഹൻലാലും സംവിധായകൻ പ്രിയദർശനും. ആദ്യകാലത്ത മോഹൻലാൽ പ്രിയദർശൻ കോമ്പോയിൽ പിറന്ന ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളാണ്.
ബോയിംഗ് ബോയിംഗ്, പൂച്ചയ്‌ക്കൊരു മൂക്കൂത്തി, ചെപ്പ്, ചിത്രം, താളവട്ടം, കിലുക്കം, വെള്ളാനകളുടെ നാട്, ചന്ദ്രലേഖ, വന്ദനം, അഭിമന്യു, ആര്യൻ തുടങ്ങിയ ചിത്രങ്ങൾക്ക് നിരവധി കാഴ്ചക്കാരാണ് ഇപ്പോഴുമുള്ളത്. തലമുറ വ്യത്യാസം ഇല്ലാതെയാണ് ഈ ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. അതേ സമയം കോമഡി ചിത്രങ്ങളെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിൽ ഓടി എത്തുന്നത് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടാണ്.
എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കോമഡി ചിത്രങ്ങളിൽ മോഹൻലാൽ എത്താറില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം മോഹൻലാൽ വെളിപ്പെടുത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. കൈരളി ചാനലിന് നൽകി അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ആ പഴയ വീഡിയോയാണ് വീണ്ടും തരംഗം ആകുന്നത്.
കാലഘട്ടത്തിന് അനുസരിച്ച് സിനിമകൾ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്നാണ് മോഹൻലാൽ പറയുന്നത്. പണ്ട് താനും പ്രിയദർശനും ചെയ്ത സിനിമകൾ ഇപ്പോഴത്തെ പ്രേക്ഷകർ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. അപ്പോൾ നമ്മൾ വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും. ഹലോ എന്ന സിനിമ ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താൽ വിജയിക്കണം എന്നില്ലെന്ന് ലാലേട്ടൻ പറയുന്നു.
നമുക്ക് പ്രായത്തിന് അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്നതു പോലെ സിനിമയും മാറും. ആ മാറ്റങ്ങളെ നമ്മൾ അംഗീകരിക്കുക ആണ് വേണ്ടത്. തമാശ അത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യമല്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ മുഴുവൻ വൃത്തികേടാകും. പ്രിയദർശനും ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തിൽ പയറ്റി തെളിഞ്ഞവരാണ്.
ഇതുവരെ താൻ ചെയ്ത കോമഡി സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു സിനിമ എന്നെ തേടി വരാത്തതാണ് അത്തരം കാറ്റഗറികൾ തിരഞ്ഞെടുക്കാത്തതിന് പിന്നിൽ. വൈകാതെ തന്നെ ഒരു കോമഡി ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും മോഹൻലാൽ പറയുന്നു.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രം 1984ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കൂത്തി എന്ന സിനിമയാണ്. മോഹൻലാൽ തന്നെയായിരുന്നു ഈ ചിത്രത്തിലെ നായകൻ. അക്കരെയക്കരെ, ഹലോ മൈഡിയർ റോങ്ങ് നമ്പർ, കിലുക്കം,കിളിച്ചുണ്ടൻ മാമ്പഴം, മിന്നാരം എന്നിങ്ങനെ നിരവധി കോമഡി പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ ചെയ്തു. എനനാൽ കാലം മാറുന്നതിനനുസരിച്ച് ഈ സിനിമകളിൽ കോമഡിയുടെ രീതിയും മാറിയിരുന്നു. 2016 ൽ പുറത്തിറങ്ങിയ ‘ഒപ്പം’ അതുവരെ കണ്ട മോഹൻലാൽ പ്രിയദർശൻ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു.