-ഫഖ്‌റുദ്ധീൻ പന്താവൂർ
ആമസോൺ പ്രൈമിലൂടെ ജൂലൈ 25ന് ഒടിടി റിലീസയി എത്തി മികച്ച് അഭിപ്രായം നേടി മുന്നേറുന്ന സിനിമയാണ് ബനേർഘട്ട. ഞെട്ടിപ്പിക്കുന്ന ത്രില്ലർ അനുഭവമാണ് നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ബനേർഘട്ട എന്ന സിനിമ പ്രക്ഷകർക്ക് നൽകുന്നത്. ഷിബു എന്ന സിനിമയിലൂടെ പ്രേക്ഷകരിലെത്തിയ കാർത്തിക് രാമകൃഷ്ണനാണ് നായകൻ.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, പതിപ്പുകളും ഉണ്ട്. പാലക്കാട്ടുകാരനായ റാവുത്തർ വർഗത്തിൽപ്പെട്ട മുസ്ലിം യുവാവ് ആഷിഖ് ( കാർത്തിക് രാമകൃഷ്ണൻ ) നടത്തുന്ന ഒരു യാത്രയാണ് സിനിമയുടെ പശ്ചാത്തലം. യാത്രക്കിടയിൽ വരുന്ന ഫോൺ കോളിലൂടെയാണ് കഥ വികസിക്കുന്നത്. പൊള്ളാച്ചിയിലേക്ക് പോകുന്ന ആഷിഖ് ബാംഗ്ലൂരിൽ ഇന്റർവ്യൂവിന് പോയ സഹോദരിയെ ആരോ തട്ടിക്കൊണ്ടു പോയതായി അറിയുന്നു.
ഭാര്യയോടും സുഹൃത്തുക്കളോടും പലവിധ കള്ളങ്ങൾ പറഞ്ഞാണ് ആഷിഖിന്റെ യാത്ര. ഒരൊറ്റ രാത്രിയിൽ നടക്കുന്ന നിഗൂഡമായ അനുഭവങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടു പോകുന്നത്. പരീക്ഷണമായ മേക്കിംഗ് സ്‌റ്റൈൽ വിജയിച്ചിട്ടുണ്ട്. തമിഴ് സിനിമയായ കൈദിക്ക് ശേഷം രാത്രിയിൽ മാത്രം കഥ നടക്കുന്ന മറ്റൊരു ത്രില്ലിംഗ് സിനിമയാണിത്.
ഒരു നിമിഷവും ബോറടിപ്പിക്കാതെ ത്രില്ലിംഗ് നഷ്ടപ്പെടാതെ പ്രേക്ഷകരെ പിടിച്ചു നിർത്തുന്നതിൽ സംവിധായകൻ വിഷ്ണു നാരായണൻ വിജയിച്ചിട്ടുണ്ട്.താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആമസോൺ ഈ സിനിമ വാങ്ങിയത് ചുമ്മാതല്ലെന്ന് സിനിമ കാണുമ്പോൾ പേക്ഷകർക്ക് ബോധ്യപ്പെടും.
നായകനായി വന്ന കാർത്തിക് രാമകൃഷ്ണന്റെ മികച്ച പ്രകടനം എടുത്തു പറയേണ്ടതാണ്. ആഷിഖ് എന്ന നിസ്സഹായനായ യുവാവായി അസൂയാർഹമായ പ്രകടനമാണ് കാർത്തിക് നടത്തിയത്.അടിയും ഇടിയും കൊലയും കൊള്ളയും ചോരയും ഇല്ലാതെ മികച്ച ത്രില്ലിംഗ് ഒരുക്കാമെന്ന് ബനേർഘട്ട ( കർണാടകയിലെ സ്ഥലപ്പേര് ) നമുക്ക് കാണിച്ചു തരുന്നുണ്ട്.
അതേ സമയം ഇത്തരം പരീക്ഷണ സിനിമകൾ തമിഴിലാണെങ്കിൽ പ്രേക്ഷകർ വാനോളം പുകഴ്ത്തുമായിരുന്നു. ഇതിപ്പോ മലയാളത്തിൽ ആയതുകൊണ്ടാണ് പലരും കണ്ടില്ലെന്ന് നടിക്കുന്നത്.മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയിൽ ഒരു പേര് കൂടി ഇനി ചേർക്കാം പാലക്കാട്ടുകാരനായ വിഷ്ണു നാരായണൻ.
അർജുൻ പ്രഭാകരനും ഗോകുൽ രാമകൃഷ്ണനുമാണ് ബനേർഘട്ടയുടെ തിരക്കഥ. കാർത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനിൽ, അനൂപ് എ.എസ്, ആശ മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പി റൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ബിനു, എഡിറ്റർ പരീക്ഷിത്ത്, കല വിഷ്ണു രാജ്, മേക്കപ്പ് ജാഫർ, വസ്ത്രാലങ്കാരം ലസിത പ്രദീപ്, സംഗീതം റീജോ ചക്കാലയ്ക്കൽ, പ്രൊജക്റ്റ് ഡിസൈനർ വിനോദ് മണി, പരസ്യകല-കൃഷ്ണപ്രസാദ് കെ വി, അസ്സോ: ഡയറക്ടർ അഖിൽ ആനന്ദ്, അസ്സോ: ക്യാമറമാൻ അഖിൽ കോട്ടയം, ടൈറ്റിൽ- റിയാസ് വൈറ്റ് മാർക്കർ, സ്റ്റിൽസ് ഫ്രാങ്കോ ഫ്രാൻസിസ്സ്, വാർത്ത പ്രചരണം പി ശിവപ്രസാദ് എന്നവരാണ് മറ്റ് അണിയറപ്രവർത്തകർ.