പാതി മലയാളിയായ തമിഴകത്തെ യുവതാരമാണ് ആര്യ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള ആര്യയ്ക്ക് ആരാധകരും ഏറെയാണ്. തെന്നിന്ത്യൻ താര സുന്ദരി സയേഷയെ ആണ് ആര്യ വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവർക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു.
അതേ സമയം ആര്യയുടേയും നടി സയേഷയുടെയും വിവാഹം വളരെയധികം വിവാദങ്ങൾക്ക് ശേഷമാണ് നടന്നത്. തനിക്ക് വധുവിനെ കണ്ടെത്താൻ ആര്യ ഒരു റിയാലിറ്റി ഷോ നടത്തിയിരുന്നു. എന്നാൽ റിയാലിറ്റി ഷോയിൽ നിന്ന് ഒരു പെൺകുട്ടിയെയും ആര്യ തിരഞ്ഞെടുത്തിരുന്നില്ല. ഇത് പ്രതിഷേധത്തിന് കാരണവുമായിരുന്നു.
തുടർന്നായിരുന്നു ആര്യ സയേഷ വിവാഹം നടന്നത്. ഗജനികാന്ത് എന്ന സിനിമയിലാണ് ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായതും. ഇരുവരുടെയും പ്രണയകാലം അധികം ഗോസിപ്പു കോളങ്ങളിൽ നിറയുന്നതിന് മുൻപേ വിവാഹം കഴിഞ്ഞു.
വിവാഹശേഷം സയേഷയ്ക്കൊപ്പമുള്ള ജീവിതം എങ്ങിനെയുണ്ട് എന്നറിയാൻ ആര്യയുടെ ആരാധികമാർക്കും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹശേഷം സയേഷയ്ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആണ് ആര്യയുടെ തുറന്നുപറച്ചിൽ. വിവാഹത്തിന് ശേഷം ജീവിതത്തിൽ എന്ത് മാറ്റമാണ് സംഭവിച്ചത് എന്നായിരുന്നു ചോദ്യം.
സയേഷയുമായുള്ള വിവാഹത്തിന് ശേഷം ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ സംഭവിച്ചു എന്നായിരുന്നു ആര്യയുടെ പ്രതികരണം. ഞങ്ങളുടെ വിവാഹം നടന്നത് 2019 ൽ ആണ്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം ആയപ്പോഴേക്കും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ, കുടുംബത്തിന്റെ വില എത്രമാത്രം വലുതാണ് എന്ന് എനിക്ക് ആ സമയത്ത് മനസിലായി.
ജീവിതം ഒരുപാട് മാറി. എല്ലാം നല്ലതിന് വേണ്ടിയായിരുന്നു. അതെല്ലാം തന്നെ ഞാൻ ആസ്വദിക്കുകയും ചെയ്യുന്നു. അന്തരിച്ച ഇതിഹാസ നടൻ ദിലീപ് കുമാർ സയേഷയുടെ ഗ്രാന്റ് അങ്കിൾ ആണ്. കുട്ടിക്കാലം മുതലേയുള്ള ഒരുപാട് ഓർമകൾ സയേഷയ്ക്ക് ദിലീപ് സാബുമായി ഉണ്ട്.
അദ്ദേഹത്തെ കഴിഞ്ഞ രണ്ട് വർഷമായിട്ടാണ് ഞാൻ അടുത്തറിഞ്ഞത് (കുടുംബപരമായി). പിന്നീട് ദിലീപ് സാബ് ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത് കാരണം അതികം സംസാരങ്ങളൊന്നും ഞങ്ങൾ തമ്മിൽ നടന്നില്ല. എന്നിരുന്നാലും അദ്ദേഹത്തിനൊപ്പം ചെലഴിക്കാൻ പറ്റിയ കുറച്ചു സമയം തന്നെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ് എന്നും ആര്യ വ്യക്തമാക്കി.