അഭിനയ ജീവിതത്തിന്റെ അമ്പതാണ്ടുകളും പിന്നിട്ട് ഇപ്പോഴും പകരംവെക്കാനില്ലാത്ത മെഗാസ്റ്റാർ ആയി വിലസുകയാണ് മലയാളത്തിന്റെ താര ചക്രവർത്തി മമ്മൂട്ടി. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പലവട്ടം മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
മാസ്സ് സിനിമകൾ ആയാലും സെന്റിമെന്റ്‌സ് ആയാലും തമാശപ്പടങ്ങൾ ആയാലും എല്ലാം മമ്മൂട്ടിയുടെ കൈകളിൽ ഭദ്രമാണ്. എന്നിരുന്നാലും സെന്റമെന്റ്‌സ് വേഷങ്ങളിൽ മമ്മൂട്ടിക്ക് ഒരു പ്രത്യേക വൈഭവം തന്നെയാണ്. മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയാൽ തന്നെ മലയാളത്തിലെ കുടുംബ പ്രേക്ഷകർക്ക് അത് സഹിക്കാൻ കഴിയില്ല.
അവരും കൂടെ കരഞ്ഞുതുടങ്ങും. അതോടെ പടം ഹിറ്റാവുകയും ചെയ്യും. അങ്ങനെ ഹിറ്റായ എത്രയെത്ര ചിത്രങ്ങളാണ് ഉണ്ടായിട്ടുള്ളത്. 1992 ലെ ഓണക്കാലത്ത് മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസും മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ചിത്രമായ യോദ്ധയും നേർക്കുനേർ മത്സരിച്ചു.
യോദ്ധ ഒരു തകർപ്പൻ കോമഡി ചിത്രമായിരുന്നു. മോഹൻലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച സിനിമ. കൂടാതെ എആർ റഹ്‌മാന്റെ ഗാനങ്ങളും. പടം റെക്കോർഡ് വിജയം നേടുമെന്നാണ് സംവിധായകൻ സംഗീത് ശിവൻ ധരിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഫാസിൽ ഒരുക്കിയ പപ്പയുടെ സ്വന്തം അപ്പൂസ് ഒരു ഹൈലി ഇമോഷണൽ സബ്ജക്ട് ആയിരുന്നു കൈകാര്യം ചെയ്തത്. ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കരച്ചിൽ പ്രേക്ഷകരെ നൊമ്പരപ്പെടുത്തി. ഓലത്തുമ്പത്തിരുന്നു ഊയലാടും ചെല്ലപൈങ്കിളി എന്ന ഗാനം കേരളം മുഴുവൻ ഏറ്റുപാടി. ഫാസിൽ സംവിധാനം ചെയ്ത അപ്പൂസ് ചരിത്ര വിജയമായി മാറി.
അപ്പൂസിന്റെ മഹാ വിജയത്തിന്റെ നിഴലിൽ ഒരു സാധാരണ ഹിറ്റ് മാത്രമായി യോദ്ധ മാറി. ആക്ഷനും കോമഡിയും മിക്സ് ചെയ്ത് ഹോളിവുഡ് ശൈലിയിൽ വൻ ബജറ്റിൽ അണിയിച്ചൊരുക്കിയ യോദ്ധയുടെ ബോക്സോഫീസ് പ്രകടനം സംഗീത് ശിവനെ നിരാശയിലാഴ്ത്തി.
എന്നാൽ പ്രേക്ഷകരുടെ പൾസ് മനസിലാക്കി പടമെടുത്ത് പപ്പയുടെ സ്വന്തം അപ്പൂസിനെ ബ്ലോക് ബസ്റ്ററാക്കി ഫാസിൽ ആ ഓണക്കാലം ആഘോഷമാക്കി മാറ്റുകയായിരുന്നു. ശോഭനയും ബോളിവുഡ് നടി സീന ദാദിയും സുരേഷ് ഗോപിയും ശങ്കരാടിയും എല്ലാം മൽസരിച്ച് അഭിനയിച്ച ചിത്രത്തിന് ഇളയരാജയുടെ പാട്ടുകൾ സിന്ദൂര തിലമായി മാറി.