മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനമയാണ് വൺ. കഴിഞ്ഞ ആഴ്ച പ്രദർശനത്തിന് എത്തിയ സിനിമ മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്.
എന്നാൽ വൺ സിനിമയിലെ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിന് പിണറായി വിജയനുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രം ആരുടേയും ബയോപിക്ക് അല്ലെന്നും ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്നാണ് കാണിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
വണ്ണിന്റെ വിജയാഘോഷത്തോട് അനുബന്ധിച്ചുളള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു ബയോപിക്കൊന്നുമല്ലല്ലോ സിനിമ. അത് മറ്റൊരു രാഷ്ട്രീയ നേതാവിന്റെ കഥയാണ് പറയുന്നത്.
കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും വാഹനത്തിന്റെ നമ്പർ ഒന്നാണല്ലോ? എന്ന ചോദ്യത്തിന് എല്ലാ മുഖ്യമന്ത്രിമാരുടേയും നമ്പർ ഒന്നാണ്.
ആര് മുഖ്യമന്ത്രിയായാലും നമ്പർ വണ്ണാണ്. നമ്മുടെ സിനിമയിലേയോ അല്ലെങ്കിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടേയോ മാത്രമല്ല. അത് ഒരു സാമ്യമായി കൂട്ടണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
അതേ സമയം കടക്കൽ ചന്ദ്രൻ പിണറായി വിജയനുമായി എന്തെങ്കിലും സാമ്യമുണ്ടോ? എന്ന ചോദ്യത്തിന്
ഇല്ല, എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നമ്മൾ ടിവിയിൽ കാണുന്ന പുളളിയല്ലേ. അതിനപ്പുറം സിനിമയിൽ ഒന്നുമില്ലെന്നും മമ്മൂട്ടി പറയുന്നു.
മമ്മൂക്കയുടെ അടുത്ത സുഹൃത്തല്ലേ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അങ്ങനെ ഒരുപാട് സുഹൃത്തുക്കളുണ്ട് എന്നാണ് മമ്മൂട്ടി നൽകിയ മറുപടി. അതേ സമയം മാർച്ച 26ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വണ്ണിലെ പശ്ചത്താല സംഗീതത്തിനും മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിർവ്വഹിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെയും മുരളി ഗോപിയുടെയും പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. മുരളി ഗോപി പ്രിപക്ഷ നേതാവിന്റെ വേഷമാണ് ചെയ്തിരിക്കുന്നത്.
വണ്ണിന് നിലവിൽ കേരളത്തിലുള്ള ഒരു രാഷ്ട്രീയ പാർട്ടിയായും സാമ്യം തോന്നിയില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം 2020 ഏപ്രിലിലാണ് റിലീസ് ചെയ്യാനിരുന്നത്. കൊവിഡ് മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.
വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിർവ്വഹിച്ചത്. മുരളി ഗോപി, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിർവ്വഹിച്ചത്.