മിനിസ്ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ ഏഷ്യാനെറ്റ് ചാനലിൽ വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാനുള്ള തയ്യാറെടപ്പിലാണ് അണിയറ പ്രവർത്തകർ. ബിഗ് ബോസ് വീണ്ടും വരുമെന്ന് പറഞ്ഞത് മുതൽ മത്സരാർഥികൾ ആരൊക്കെയാവും എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകൻ എന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. എന്നാൽ മത്സരാർഥികളായി പല പ്രമുഖ താരങ്ങളും ബിഗ് ബോസിൽ ഉണ്ടാവുമെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇതുവരെ പ്രചരിച്ച പല താരങ്ങളും ഷോ യിൽ ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയും രംഗത്ത് വന്നുകഴിഞ്ഞു. ചിലർ ക്ഷണം കിട്ടിയിട്ടും വേണ്ടെന്ന് വെച്ചപ്പോൾ മറ്റ് ചിലർ തങ്ങൾക്ക് അവസരം ലഭിച്ചാൽ തീർച്ചയായിട്ടും വരുമെന്നും സൂചിപ്പിച്ചിരുന്നു.
യുവനടി അർച്ചന കവിയുടെ പേരിലും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ റിപ്പോർട്ടുകൾ വന്നിരുന്നു. അർച്ചനയും ബിഗ് ബോസിലേക്ക് വരികയാണെന്നും ആരാധകർക്ക് ആകാംഷ നൽകുമെന്നുമൊക്കെ ചർച്ചയായി. എന്നാൽ താൻ ഷോ യിൽ ഉണ്ടാവില്ലെന്ന് നടി തന്നെ അറിയിച്ചിരിക്കുകയാണിപ്പോൾ.
ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരോട് സംവധിക്കുമ്പോഴായിരുന്നു ബിഗ് ബോസിനെ കുറിച്ച് പറഞ്ഞത്.
ചേച്ചി ബിഗ് ബോസിലുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിലും ഭേദം എനിക്ക് വട്ടുണ്ടോന്ന് ചോദിക്കുന്നത് ആയിരുന്നു നല്ലത് എന്നാണ് അർച്ചന മറുപടിയായി നൽകിയത്.
ഇതോടെ അർച്ചന കവിയും ഷോ യിൽ ഇല്ലെന്നുള്ള കാര്യം വ്യക്തമായി. അതേ സമയം നടൻ നോബി മാർക്കോസ്, ധന്യ നാഥും, കിടിലം ഫിറോസും എന്തായാലും ബിഗ് ബോസിൽ ഉണ്ടാവുമെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ചെന്നൈയിൽ നടക്കുന്ന ഷോയ്ക്ക് മുന്നോടിയായി ഇവരെല്ലാം ക്വാറന്റൈനിലാണെന്നും ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുണ്ട്.
മുൻപ് റിമി ടോമി, രശ്മി ആർ നായർ, അനാർക്കലി മരിക്കാർ, മോഹനൻ വൈദ്യർ, ജൂഹി റുസ്തഗി, ഗോവിന്ദ് പത്മസൂര്യ, രഹ്ന ഫാത്തിമ, ബോബി ചെമ്മണ്ണൂർ, അനു കെ അനിയൻ, തങ്കച്ചൻ, അനു, എന്ന് തുടങ്ങി ഒരുപാട് താരങ്ങളുടെ പേരുകൾ ഉയർന്ന് വന്നിരുന്നു.
ഇവരിൽ ഭൂരിഭാഗം പേരും ബിഗ് ബോസിലേക്ക് ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അങ്ങനെയെങ്കിൽ ഇനി വരാനിരിക്കുന്നത് ആരൊക്കെയാവും എന്നറിയാനാണ് എല്ലാവരുടെയും ആകാംഷ.
അതേ സമയം ആദ്യ രണ്ട് സീസണുകളെയും കടത്തിവെട്ടാൻ പാകത്തിനൊരു ഷോ ആയിരിക്കും അണിയറയിൽ ഒരുങ്ങുന്നതെന്നാണ് ആരാധകർക്ക് പറയാനുള്ളത്.