സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയായ മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിൽ നായികയുടെ അമ്മ ആശാ ലതയായി പ്രേക്ഷകരുടെ കൺമുൻപിൽ തകർത്ത് അഭിനയിക്കുന്ന നടിയാണ് അർച്ചന മനോജ്. ഒരിടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും ടെലിവിഷൻ രംഗത്തേയ്ക്ക് തിരിച്ചു വന്നത്. ഗംഭീരമായ തിരിച്ചു വരവാണ് നടി നടത്തിയത്. മിസിസ് ഹിറ്റ്‌ലറിൽ അൽപ്പം നെഗറ്റീവ് കഥാപാത്രമായാണ് അർച്ചന എത്തുന്നത്.
എന്നാൽ ജീവിതത്തിലും താൻ അൽപ്പം വില്ലത്തി സ്വഭാവമാണ് ഉള്ളതെന്ന് അർച്ചന വെളിപ്പെടുത്തുകയാണ്. ഇഷ്ടമില്ലാത്തത് കണ്ടാൽ അപ്പോൾ തന്നെ പ്രതികരിയ്ക്കുന്ന സ്വഭാവം തനിക്കുണ്ടെന്ന് അർച്ചന പറയുന്നു. ഞാൻ ഇന്റസ്ട്രിയിൽ ഒരു കൊച്ചു വില്ലത്തിയാണ്, എന്നെ പലർക്കും ഇഷ്ടമല്ല എന്ന് അറിഞ്ഞതും രണ്ട് വർഷം ഇന്റസ്ട്രിയിൽ നിന്ന് മാറി നിന്ന് തിരിച്ചു വന്നപ്പോഴാണ്.
ഞാൻ അഭിനയം നിർത്തി എന്ന് പറഞ്ഞത് കേട്ട് സന്തോഷിച്ചവരും ഉണ്ടെന്ന് അറിഞ്ഞത് അപ്പോഴാണെന്ന് താരം പറയുന്നു. ഞാൻ ഭയങ്കര പ്രശ്നക്കാരിയാണെന്നാണ് ഇൻഡസ്ട്രിയിലെ സംസാരം. എനിക്ക് ദേഷ്യം വന്നാൽ സെറ്റിൽ നിന്ന് ഇറങ്ങി പോകും എന്നും നിരവധി പേർ പറഞ്ഞിട്ടുണ്ട്. ശരിയാണ് അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുൻപാണ് അത് നടന്നത്.
ആ സമയത്ത് 8ഓളം പരമ്പകളിലാണ് തുടർച്ചയായി അഭിനയിച്ചത്. പ്രസവം കഴിഞ്ഞ് 6മാസം മാത്രമെ ആയിരുന്നൊള്ളൂ. കുട്ടിയെ അമ്മയെ നോക്കാൻ ഏൽപ്പിച്ചിട്ടാണ് അഭിനയിക്കാനായി എത്തിയിരുന്നത്. മൂന്ന് മാസത്തോളം കുട്ടിയെ കാണാൻ കഴിയാതെ ഷൂട്ട് ആയിരുന്നു. ഇടയിൽ ഞാനൊരു ബ്രേക്ക് ചോദിച്ചതിന് പ്രൊഡ്യൂസർ ചൂടായി.
വെറുതേ ഒന്നുമല്ലല്ലോ, കാശ് വാങ്ങിക്കുന്നുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് വല്ലാതെ എന്റെ മേൽ തട്ടിക്കയറി. എനിക്ക് അപ്പോൾ ദേഷ്യം വന്നു. കൈയ്യിൽ കിട്ടിയത് എല്ലാം വലിച്ചെറിഞ്ഞു. ഇനി കോടി രൂപ തരാം എന്ന് പറഞ്ഞാലും അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്ന സീരിയൽ അഭിനയിക്കില്ലെന്ന് പറഞ്ഞാണ് അവിടെ നിന്ന് ഇറങ്ങിപ്പോന്നതെന്ന് താരം പറയുന്നു. അത് വിചാരിക്കാത്ത ഒരു വലിയ വഴക്കായി മാറിയെന്നും അർച്ചന പറയുന്നു.
പക്ഷെ ഇന്ന് ചിന്തിയ്ക്കുമ്പോൾ അങ്ങനെ ഒന്നും ചെയ്യണ്ടായിരുന്നുവെന്ന് ചിന്തിച്ചു പോവുന്നുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. ഒന്നുമില്ലെങ്കിലും അച്ഛന്റെ പ്രായമുള്ള മനുഷ്യനല്ലേ, അദ്ദേഹത്തിന് മറ്റ് പല പ്രശ്നങ്ങളും സമർദ്ദങ്ങളും ഉണ്ടാകാം, അതൊക്കെ ആലോചിക്കുമ്പോൾ ചെയ്തത് തെറ്റായി പോയില്ലേ എന്ന് തോന്നുമെന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ കുഞ്ഞിനെ കാണാനുള്ള ആഗ്രഹം മനസ് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും അർച്ചന പറയുന്നു.