താരരാജാവ് മോഹൻലാലും സൂപ്പർ സംവിധായകൻ പ്രിയദർശനും തമ്മിലുള്ള ആത്മ ബന്ധം ഇരുവരും സിനിമയിലെത്തുന്നതിന് മുമ്പേ തുടങ്ങിയതാണ്. സിനിമയിൽ പകരവെക്കാനില്ലാത്തവരായി മാറിയിട്ടും അവരുടെ ബന്ധത്തിന് ഒരുകോട്ടവും തട്ടിയിട്ടുമില്ല.
അതേ പോലെ മലയാളത്തിൽ പ്രിയൻ ഏറ്റവും കൂടുതൽ സിനിമകൾ ഒരുക്കിയിട്ടുള്ളതും മോഹൻലാലിന് ഒപ്പമാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളെ പോലെ ബോളിവുഡ് സൂപ്പർ താരങ്ങളും പ്രിയദർശൻ സിനിമകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്.
ഇപ്പോഴിതാ പ്രിയദർശന്റെ പുതിയ ബോളിവുഡ് ചിത്രത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുമ്പോൾ മറ്റൊരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ ഹിറ്റ് മേക്കർ. മോഹൻലാൽ കഴിഞ്ഞാൽ തനിക്ക് ഏറ്റവും വർക്ക് ചെയ്യാൻ എളുപ്പമുള്ള സൂപ്പർ താരം തന്റെ പുതിയ ബോളിവുഡ് ചിത്രത്തിലെ നായകനായ അക്ഷയ് കുമാർ ആണെന്നായിരുന്നു ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ പ്രിയദർശൻ വ്യക്തമാക്കിയത്.
മലയാളത്തിൽ മരയാക്കാർ അറബിക്കടലിന്റെ സിംഹം എന്ന മെഗാ പ്രോജക്റ്റ് ചെയ്ത പ്രിയദർശൻ അടുത്ത സിനിമ ചെയ്യുന്നത് ബോളിവുഡിലാണ്. പഴയ ട്രാക്കിൽ വീണ്ടും തിരിച്ചെത്തുന്ന പ്രിയദർശൻ കോമഡി സിനിമയാണ് ഇത്തവണ ആരാധകർക്കായി ഒരുക്കുന്നത്.
അടുത്ത സെപ്റ്റംപറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഖാട്ട മീട്ട എന്ന ചിത്രമാണ് അക്ഷയ് കുമാർ പ്രിയൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. പത്ത് വർഷത്തിനു ശേഷമാണു അക്ഷയ് കുമാർ പ്രിയദർശൻ ടീം ഒന്നിക്കുന്നത്. ബോളിവുഡിൽ നിരവധി ഹിറ്റ് കോമഡി ചിത്രങ്ങൾ ഇതേ ടീമിന്റെ പുറത്തുവന്നിട്ടുണ്ട്.