മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി 2020 ഓണക്കാലം ഇപ്പോഴേ ബുക്ക് ചെയ്തു കഴിഞ്ഞു. പ്രേക്ഷകർക്ക് ആസ്വദിച്ച് ആഘോഷിക്കാൻ പറ്റിയ ഒരു ഫാമിലി എന്റർടെയ്നറാണ് മമ്മൂട്ടിക്കായി തയ്യാറാക്കി വച്ചിരിക്കുന്നത്.
സൂപ്പർ സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും അടുത്ത വർഷം ഓണത്തിന് മമ്മൂട്ടിയുടേതായി പ്രദർശനത്തിനെത്തുക. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കും.
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു. ഇക്ബാൽ കുറ്റിപ്പുറമാണ് രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ തിരക്കുകാരണമാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ഏപ്രിലിലേക്ക് മാറ്റിയത്. അത് സത്യൻ അന്തിക്കാടും അംഗീകരിച്ചു.
അതുവരെയുള്ള സമയം തിരക്കഥ കൂടുതൽ നന്നാക്കാനായി ഉപയോഗിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും. സത്യൻ അന്തിക്കാട് 2019ൽ സിനിമയൊന്നും സംവിധാനം ചെയ്തില്ല. 2018ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ ആണ് അദ്ദേഹം ഒടുവിൽ ചെയ്ത സിനിമ.
അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണെന്ന് തീരുമാനിച്ചതുമുതൽ അദ്ദേഹത്തിൻറെ ഡേറ്റ് ശരിയാകുന്നതിനായി കാത്തിരിക്കുകയാണ്. എന്തായാലും അടുത്ത ഓണക്കാലത്ത് സത്യൻ മമ്മൂട്ടി മാജിക് എല്ലാവർക്കും ഓണസദ്യതന്നെയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.