മലയാളസിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു നടി മോനിഷ. അഭിനയ മികവിന്റെ ഉർവശിപ്പട്ടം സ്വന്തമാക്കിയ ഇന്നും സിനിമാപ്രേമികളുടെ ഹൃദയത്തിൽ ജീവിക്കുന്ന കലാകാരിയാണ് മോനിഷ. നാല് ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മോനിഷ തന്റെ 21ാം വയസിലാണ് ഈ ലോകത്തോട് വിടപറയുന്നത്.
എംടിയുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നുവരികയും ക്ഷണനേരം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച് മറഞ്ഞു പോവുകയും ചെയ്ത താരമാണ് മോനിഷ. ആദ്യ സിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ചായിരുന്നു മോനിഷ രംഗപ്രവേശനം.
ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു മോനിഷ. മലയാളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ അവാർഡ് നേടിയെടുത്ത താരം കൂടിയായി അവർ. പൂക്കൾ വിടും ഇതൾ എന്ന നഖക്ഷതങ്ങളുടെ റീമേക്കിലൂടെ തമിഴിലും താരമായി. ദ്രാവിഡൻ എന്ന തമിഴ് ചലച്ചിത്രത്തിലും രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചു.
ഒമ്പത് വയസുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ച് 1985ൽ കർണ്ണാടക സർക്കാരിന്റെ ഭരതനാട്യം നർത്തകർക്കായുള്ള കൗശിക അവാർഡ് കരസ്ഥമാക്കി. ബാംഗ്ലൂരിലെ സെന്റ് ചാൾസ് ഹൈസ്‌കൂളിൽ നിന്നും ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്‌കൂളിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട് കാർമൽ കോളജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടിയിട്ടുണ്ട്.
21 വയസുള്ള സമയത്ത് അഭിനയരംഗത്ത് സജീവമായി നിൽക്കുമ്പോൾ 1992 ഡിസംബർ 5ന് ചെപ്പടിവിദ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്ക് അടുത്തുള്ള ചേർത്തലയിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിനുണ്ടായ പരിക്കുമൂലം മോനിഷ സംഭവസ്ഥലത്ത് വെച്ചുതന്നെ മ, രി, ച്ചു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇപ്പോഴിതാ മോനിഷയെന്ന നടിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മനോജ് കെ ജയൻ. മോനിഷയ്ക്ക് ഒപ്പമുള്ള പഴയ കാലചിത്രങ്ങളും മനോജ് കെ ജയൻ പങ്കുവെച്ചിട്ടുണ്ട്. മോനിഷ എന്നും നൊമ്പരം ഉണർത്തുന്ന ഓർമ്മ. എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു സഹപ്രവർത്തകയായിരുന്നു. 1990ൽ പെരുന്തച്ചന് ശേഷം സാമഗാനം എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ ഫോട്ടോസ് ആണിത്. 1992ൽ കുടുംബസമേതത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു എന്ന് മനോജ് കെ ജയൻ കുറിച്ചു.
1990ൽ ആയിരുന്നു പെരുന്തച്ചൻ സിനിമ റിലീസ് ചെയ്തത്. എംടി വാസുദേവൻ നായർ രചന നിർവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തത് അജയനാണ്. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനും, മകനും തമ്മിലുള്ള അന്തർ സംഘർഷങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. തിലകനായിരുന്നു കേന്ദ്രകഥാപാത്രമായിരുന്നത്. മോനിഷയ്‌ക്കൊപ്പം മനോജ് കെ ജയനും ചിത്രത്തിന്റെ ഭാഗമായി.
കുഞ്ഞാക്കാവു തമ്പബുരാട്ടി എന്നായിരുന്നു മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഉണ്ണി തമ്പുരാൻ എന്നായിരുന്നു മനോജ് കെ ജയന്റെ കഥാപാത്രത്തിന്റെ പേര്. പിന്നീട് ഇരുവരും സീരിയലുകളിലൂടെയാണ് ഒരുമിച്ച് പ്രവർത്തിച്ചത്. തെന്നിന്ത്യൻ സിനിമാമേഖലയെ ഒന്നാകെ ഞെട്ടിച്ച ദുരന്തമായിരുന്നു മോനിഷയ്ക്ക് സംഭവിച്ചത്.