അയാൾ എന്റെ അടുത്ത് വന്നുപറഞ്ഞു, ജയന് എന്തോ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്, അതിന്റെ മൂന്നാം ദിവസം: സ്റ്റണ്ട് മാസ്റ്ററുടെ വെളിപ്പെടുത്തൽ

62

മലയാള സിനിമയിലെ ആദ്യ ആക്ഷൻ സൂപ്പർ സ്റ്റാർ ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, ജയൻ. എഴുപതുകളും എൺപതുകളും മലയാള സിനിമയെ അടക്കിവാണ താരം പെട്ടെന്നൊരുനാൾ കാലയവനികയ്ക്കുള്ളിൽ മറയുകയായിരുന്നു. പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ജയന്റെ ഓർമ്മയ്ക്ക് മലയാളിയുടെ മനസിൽ ഒരുപഴക്കവും വന്നിട്ടില്ല. കൂടെ സഹകരിച്ചവർക്കാർക്കും തന്നെ മറക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നില്ല ജയന്റെത്.

സംഘട്ടന സംവിധായകൻ ത്യാഗരാജനും ജയൻ നീറുന്ന ഓർമ്മയാണ്. സാഹസികമായ സംഘട്ടന രംഗങ്ങളിലൂടെ മലയാളത്തിൽ ഒരു തരംഗംതന്നെ സൃഷ്ടിക്കാൻ ജയന് കഴിഞ്ഞിരുന്നെന്ന് ത്യാഗരാജൻ മാസ്റ്റർ പറയുന്നു. പിന്നീട് ജയനെ അനുകരിക്കാൻ ശ്രമിച്ചവർക്കൊന്നും ആ പെർഫെക്ഷന്റെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ല. അതുമായി ബന്ധപ്പെട്ട് ഒരു സന്ദർഭവും മാസ്റ്റർ ഓർത്തെടുക്കുന്നുണ്ട്.

Advertisements

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

തൊഴിലിനോട് അങ്ങേയറ്റം ആത്മാർത്ഥതയായിരുന്നു ജയന്. താൻ കാരണം ഒരാൾക്കും നഷ്ടമുണ്ടാകരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു. ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് മുന്നോട്ടു കുതിക്കാനും കുതിരയുമായി ഗ്ളാസ് ഹൗസ് തകർത്ത് വരാനും ഉയരത്തിൽ നിന്ന് താഴേക്ക് എടുത്ത് ചാടാനും അഗ്നിക്കിടയിൽ കിടന്ന് സ്റ്റണ്ട് ചെയ്യാനും ജയന് ഒട്ടും മടിയുണ്ടായിരുന്നില്ല. സാഹസികമായ സംഘട്ടന രംഗങ്ങളിലൂടെ മലയാളത്തിൽ ഒരു തരംഗം സൃഷ്ടിക്കാൻ ജയന് കഴിയുകയും ചെയ്തു. പിന്നീട് ജയനെ അനുകരിക്കാൻ ശ്രമിച്ചവർക്കൊന്നും ആ പെർഫെക്ഷന്റെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ല.

‘അറിയപ്പെടാത്ത രഹസ്യത്തിൽ’ ജയൻ കാട്ടാനയിൽ നിന്ന് ജയഭാരതിയെ രക്ഷിക്കുന്ന ഒരു സീനുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ തന്നെ അപകടം നിറഞ്ഞൊരു രംഗം. അത് ചിത്രീകരിക്കുമ്ബോൾ രണ്ടോ മൂന്നോ തവണ ആന ജയനെ കുത്താനോങ്ങി. അത്ഭുതകരമായി അവൻ രക്ഷപ്പെടുകയായിരുന്നു. ഷൂട്ടിംഗ് കാണാൻ വലിയൊരു ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു. മൂന്നാമതും ആന കുത്താനോങ്ങിയപ്പോൾ പാപ്പാന്റെ സമർത്ഥമായ ഇടപെടലാണ് ജയനെ രക്ഷിച്ചത്.

ഷൂട്ടിംഗ് കണ്ടു നിന്ന ഒരു കുട്ടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, ഇത് ജയന്റെ അവസാന ആനപിടിത്തമാണ്. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ പാപ്പാൻ എന്റെ അടുത്തു വന്നു. ജയന് എന്തോ അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നയാൾ വളരെ രഹസ്യമായി പറഞ്ഞു. ആന പലതവണ ജയനെ കുത്താനോങ്ങുന്നത് കണ്ട് പാപ്പാൻ വല്ലാതെ പേടിച്ചിരുന്നു. അത് അയാളുടെ വിശ്വാസമായി മാത്രമേ അന്നെനിക്ക് തോന്നിയുള്ളൂ. പക്ഷേ മൂന്ന് നാൾക്കകം അത് സംഭവിക്കുകയും ചെയ്തു.

Advertisement