മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം മോഹൻലാൽ വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷമാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ബോളിവുഡിലേക്ക് എത്തുന്നത്. ഒടിയൻ സിനിമയുടെ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആയിരിക്കും താരം ബോളിവുഡിലേക്ക് തിരിച്ചെത്തുക.
മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ചിത്രത്തിൽ ബോളിവുഡ് താരം രൺദീപ് ഹൂഡയും അഭിനയിക്കുമെന്നാണ് സൂചന. കേരള കൗമുദിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കൊങ്കൺ റെയിൽവേയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ‘മിഷൻ കൊങ്കൺ’ എന്ന് ആദ്യം പേരിട്ടിരുന്നു .
എന്നാൽ ആ പേര് മാറ്റാനാണ് തീരുമാനം എന്നും അറിയുന്നു. കപ്പൽ നിർമാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന മാപ്പിള ഖലാസികളുടെ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചത്. നോവലിസ്റ്റ് ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
ഹോളിവുഡ് സാങ്കേതികപ്രവർത്തകരും സിനിമയുടെ അണിയറയിലുണ്ടാകും. താരനിർണയം പൂർത്തിയായി വരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ പകുതിയോടുകൂടി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.പ്രധാനമായും ഹിന്ദിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ പതിപ്പുകൾ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ഇറക്കുമെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.
2002ൽ രാംഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രലൂടെയായിരുന്നു മോഹൻലാലിന്റെ ബോളിവുഡ് അരങ്ങേറ്റം. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.2007 ൽ രാംഗോപാൽ വർമയുടെ തന്നെ ആഗിൽ അഭിനയിച്ച മോഹൻലാൽ അവസാനം അഭിനയിച്ച ഹിന്ദി ചിത്രം തേസ് ആയിരുന്നു. 2012 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു.