സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസ്സിന്റെ ജനപ്രിയ എപ്പിസോഡുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കൂടുകൂട്ടിയ കലാകാരനായിരുന്നു ഷാബു രാജ്. ഹൃദ്രോഗത്തെ തുടർന്ന് ശസ്ത്ര ക്രിയകൾക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കെ ഈ ലോകത്ത്‌നിന്നും വിടവാങ്ങിയ ഹാസ്യ കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങിയിരിക്കയാണ്. ഷാബുരാജിന്റെ കുടുംബത്തിനു പുതിയ വീടിന്റെ താക്കോൽ കൈമാറിയത് ബി സത്യൻ എംഎൽഎയാണ്.
എംഎൽഎയുടെ അഭ്യർഥന മാനിച്ച് എംഎൽഎയുടെ സമീപവാസിയും സുഹൃത്തുമായ ദുബായിയിലെ സംരംഭകൻ കോശി മാമ്മൻ, ഭാര്യ ലീലാ കോശി എന്നിവർ ചേർന്നാണ് വീടിന്റെ പണി പൂർത്തിയാക്കാൻ സന്മനസ്സു കാണിച്ചത്.
ഹൃദ്രോഗത്തെ തുടർന്നാണ് ഷാബുരാജ് മരണപ്പെട്ടത്. ഇതോടെ ഷാബുവിന്റെ തണലിൽ കഴിഞ്ഞിരുന്ന അസുഖ ബാധിതയായ ഭാര്യ ചന്ദ്രികയും നാലുമക്കളും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. കടക്കെണി മൂലം നിർത്തി വെച്ച വീടിന്റെ പണി പുനഃരാരംഭിക്കാനും ഇവർക്കായിരുന്നില്ല.
തുടർന്ന് ബി സത്യൻ എംഎൽഎ വീട് സന്ദർശിക്കുകയും സർക്കാർ വക ധനസഹായം നൽകുകയും ചെയ്തിരുന്നു. പിന്നീടാണ് എംഎൽഎയുടെ അഭ്യർഥനയെ തുടർന്ന് വിദേശ മലയാളി വീട് പണി പൂർത്തീകരിക്കാൻ സഹായിച്ചത്.
ഷാബുവിന്റെ മൂന്ന് മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ടെലിവിഷനും എംഎൽഎ കൈമാറി. കരവാരം ഗ്രാമപഞ്ചായത്ത് ഓണക്കിറ്റും രാജകുമാരി ഗ്രൂപ്പ് ഓണക്കോടികളും നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഐഎസ് ദീപ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, വാർഡ് മെമ്ബർമാരായ വിഎസ് പ്രസന്ന, സുനി പ്രസാദ്, പൊതുപ്രവർത്തകരായ സജീർ രാജകുമാരി, അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.
20 വർഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. ഷാബുവിന്റെ സൈക്കോ ചിറ്റപ്പൻ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. കല്ലമ്പലം സ്വദേശിയായ ഷാബു മിമിക്രി വേദികളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. നിരവധി വേദികളിൽ ഹാസ്യ പരിപാടികൾ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
കോമഡി സ്റ്റാർസ് 2വിൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ വേഷങ്ങൾ ഷാബുരാജ് ചെയ്തിരുന്നു. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിൽ ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്. സ്ത്രീവേഷങ്ങളായിരുന്നു അധികവും ചെയ്തിരുന്നത്.