ലതാമങ്കേഷ്‌കറിനെ പോലും അമ്പരപ്പിക്കുന്ന ഗാനം കൊണ്ടാണ് രാണാഘട്ടിന്റെ വാനമ്പാടി രാണു മൊണ്ടാൽ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. തെരുവോര ഗായികയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ സിനിമാ പിന്നണി ഗായികയിലേക്ക് രാണുവിന്റെ മേൽവിലാസം തന്നെ മാറ്റി മറിച്ചിരിക്കുകയാണ് അവരുടെ ശബ്ദമാധുര്യം. ഇപ്പോഴിതാ ബോളിവുഡിൽ നിന്ന് മറ്റൊരു സന്തോഷകരമായ റിപ്പോർട്ട് കൂടി പുറത്തു വന്നിരിക്കുകയാണ്. സൽമാൻ ഖാൻ രാണുവിന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്നാണ് വിവരം.
കൂടാതെ സൽമാന്റെ പുതിയ ചിത്രമായ ദബാങ്ങ് 3 ക്കു വേണ്ടി രാണുവിനെ കൊണ്ട് ഒരു പാട്ട് പാടിക്കാനും പദ്ധതിയുള്ളതായി റിപ്പോർട്ടുകളുകൾ പ്രചരിക്കുന്നുണ്ട്.
അതേസമയം, ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് രാണു. നടനും സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രഷാമിയയുടെ ‘ഹാപ്പി ഹാർഡി ആന്റ് ഹീർ’ എന്ന ചിത്രത്തിൽ ‘തേരി മേരി കഹാനി’ എന്ന ഗാനമാണ് രാണു പാടിയിരിക്കുന്നത്.
‘ഹാപ്പി ഹാർഡി ആന്റ് ഹീറിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോർഡ് ചെയ്തു..എത്തിപ്പിടിക്കാൻ ധൈര്യമുണ്ടെങ്കിൽ സ്വപ്നങ്ങൾ കൈയിലൊതുങ്ങും’, എന്നാണ് രാണു പാടുന്നതിന്റെ വീഡിയോ പങ്കു വച്ച് ഹിമേഷ് കുറിച്ചത്. നിരവധി പേരാണ് ഹിമേഷിനെയും രാണുവിനെയും അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.