മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ നടിയെ ആക്രമിച്ച കേസിൽ സമയ ബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് കേസിൽ പ്രതിപ്പട്ടികയിൽ ഉള്ള നടൻ ദിലീപ് സുപ്രീം കോടതിയിയെ സമീപിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതിയിൽ ദിലീപ് അപേക്ഷ സമർപ്പിച്ചത്.
അപേക്ഷയിൽ അതിജീവിതയ്ക്കും തന്റെ മുൻഭാര്യയ്ക്കും ഏതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. വിചാരണ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം, തുടരന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് നിർദേശം നൽകണം, ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുത് തുടങ്ങിയവയാണ് അപേക്ഷയിലൂടെ ദിലീപ് ആവശ്യപ്പെടുന്നത്.
മലയാള സിനിമയിലെ ഒരു വിഭാഗത്തിന് വ്യക്തിപരമായും തൊഴിൽപരമായും എതിർപ്പുള്ളതിനാൽ തന്നെ ഈ കേസിൽപ്പെടുത്തിയത് ആണെന്നും ദിലീപ് ആരോപിക്കുന്നു. അതിജീവിതയ്ക്കും മുൻഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളും അപേക്ഷയിൽ പരാമർശിക്കുന്നുണ്ട്. തന്റെ മുൻ ഭാര്യയ്ക്ക് ഡിജിപിയുമായുള്ള ബന്ധമാണ് കേസിന് ആധാരമെന്നാണ് ദിലീപിന്റെ വാദം.
അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യുഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്ജിയെ തടസപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസിൽ പെടുത്തിയത്.
ഇവർക്ക് തന്നോട് വ്യക്തിപരവും തൊഴിൽപരവുമായ ശത്രുത ഉണ്ടെന്നും തന്റെ മുൻ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണെന്നുമാണ് ദിലീപ് ഹരജിയിൽ പറയുന്നത്.
ഈ പൊലീസ് ഓഫീസർ നിലവിൽ ഡിജിപി റാങ്കിൽ ആണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ദിലീപ് ആരോപിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന്റെ പേരിൽ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്ക് എതിരെ മാത്രമല്ല, തന്റെ അഭിഭാഷകർ, വിചാരണ കോടതി ജഡ്ജി എന്നിവർക്ക് എതിരെയും മാധ്യമ വിചാരണ നടക്കുന്നു.
തുടർ അന്വേഷണത്തിന്റെ സമയത്ത് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകൾ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയിൽ ഹരജികൾ സമർപ്പിച്ചു. വിചാരണ കോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകർക്ക് എതിരെയും അതിജീവിത ഹരജികൾ ഫയൽ ചെയ്തതായും ദിലീപ് ആരോപിക്കുന്നു.
അതിജീവിതയ്ക്ക് വേണ്ടി ചാനൽ ചർച്ചകളിൽ എത്തി വാദിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യുട്ടർ ആയി നിയമിച്ചതായും അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആകും ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുക എന്നാണ് സൂചന. കഴിഞ്ഞ ആഴ്ച്ചയാണ് നടിയെ ആ ക്ര മി ച്ച കേസിൽ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.
കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിരുന്നു. കാവ്യ മാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ക്രൈം ബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കാവ്യ ഉൾപ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്റെ കൈയ്യിലുണ്ടെങ്കിലും അത് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. ഇതോടെ കേസിൽ 9 പ്രതികളാകും. അഭിഭാഷകർ തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്നായിരുന്നു ക്രൈംബ്രാഞ്ച് വാദമെങ്കിലും അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല. സംവിധായകൻ ബാലചന്ദ്രകുമാർ പ്രധാന സാക്ഷിയാണ്.