വർഷങ്ങളായി മലയാല സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് സീനത്ത്. നാടക രംഗത്ത് നിന്നും സിനിമാ സീരിയൽ രംഗത്തേക്ക് എത്തിയ സീനത്ത് സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും വില്ലത്തി വേഷങ്ങളിലും കൂടിയാണ് ഏറെ ശ്രദ്ധേയായി മാറിയത്.
അതേ സമയം നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല. മുൻപ് പലപ്പോഴായി നടി തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തെ മുസ്ലിം കുടുംബത്തിൽ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാൻ സീനത്ത് ഒത്തിരി കഷ്ടപ്പെട്ടു.
Also Read
വിജയ് ദേവരകൊണ്ട പ്രണയത്തിൽ തന്നെ; കാമുകി രശ്മികയെന്ന് സ്ഥിരീകരിച്ച് ബോളിവുഡ് താരപുത്രി അനന്യ പാണ്ഡെ
നാടകത്തിൽ അഭിനയിക്കുമ്പോഴാണ് എഴുത്തുകാരൻ കെടി മുഹമ്മദുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വർഷമേ ദാമ്പത്യം മുന്നോട്ട് പോയുള്ളു. വിവാഹ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ പറ്റിയും സീനത്ത് മുൻപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇനിയും അദ്ദേഹത്തെ കുറിച്ച് പറയുന്നതിൽ വലിയ കാര്യമില്ലെന്നാണ് ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ നടി പറയുന്നത്.
വിവാഹ ജീവിതത്തിലെ സന്തോഷങ്ങളെ പറ്റിയും വിഷമങ്ങളെയും കുറിച്ചും പറയാമോ എന്ന ചോദ്യത്തിന് ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യമാണെന്നാണ് സീനത്ത് ചോദിക്കുന്നത്. ഞാൻ പറയേണ്ടത് മരിച്ച് പോയ ഒരു വലിയ എഴുത്തുകാരനെ കുറിച്ചാണ്. പതിനൊന്ന് വർഷം ഒരുമിച്ച് താമസിച്ച ആളെ കുറിച്ചാണ്. എന്റെ മകന്റെ ഉപ്പച്ചിയെ കുറിച്ചാണ്. സന്തോഷം നിറഞ്ഞ ജീവിതം ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? വിഷമങ്ങളെ കുറിച്ച് പറഞ്ഞാൽ അതിന് മറുപടി പറയാൻ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.
ഒന്ന് മാത്രം അറിയാം. കെടി മുഹമ്മദ് എന്ന എന്റെ ഗുരുവിന് എന്റെ മനസിൽ ഇപ്പോഴും സ്ഥാനമുണ്ട്. എന്റെ പ്രാർഥനകളിലും അദ്ദേഹമുണ്ടെന്ന് സീനത്ത് പറയുന്നു. ചെറുപ്പത്തിൽ ഒട്ടും ധൈര്യമില്ലാത്ത കുട്ടിയായിരുന്നു ഞാൻ. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്ന് പോവുമ്പോൾ ഓരോ അനുഭവവും നമുക്ക് കൂടുതൽ കരുത്തും ആത്മവിശ്വാസവും നൽകും.
നമ്മളെ തോൽപ്പിക്കാൻ ആരെയും അനുവദിക്കരുത്. എനിക്കും ആരെയും തോൽപ്പിക്കേണ്ടെന്നും സീനത്ത് പറഞ്ഞു. കലാകാരിയായാലും അല്ലെങ്കിലും പരസ്പരം ധാരണയില്ലെങ്കിൽ വിവാഹ ജീവിതം പെൺകുട്ടികളിൽ പലതരം മാനസിക സംഘർഷം ഉണ്ടാക്കും. സ്വന്തം സന്തോഷം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള അധികാര സ്ഥാനവുമല്ല വിവാഹം. പണ്ട് പെണ്ണിന്റെ സ്ഥാനം വാതിലിന് പിറകിൽ ആയിരുന്നില്ലേ? പക്ഷേ ഇന്ന് കാലം മാറി.
ഇന്നത്തെ പെൺകുട്ടികൾ പഠനത്തിന് ഒന്നാം സ്ഥാനവും വിവാഹത്തിന് രണ്ടാം സ്ഥാനവും കൊടുത്ത് തുടങ്ങി. അവളുടെ ശബ്ദം ബലപ്പെട്ടു, വാക്കുകൾക്ക് മൂർച്ചയേറിയെന്നും സീനത്ത് പറയുന്നു. ചെറിയ പ്രായം മുതലേ ജീവിതം കലയെ ചുറ്റിപ്പറ്റിയാണ്. ഒരു കലാകാരിയായാണ് ഇന്നും ഞാൻ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഒരിക്കലും ഒരു തണൽമരം ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും. അക്കാരണം കൊണ്ട് ആരോടും വലിയ കടപ്പാടുകളും ഇല്ല. അഭിനയിക്കാൻ വിളിച്ചാൽ പോകും. ഇല്ലെങ്കിൽ പരാതിയുമായി ആരുടെയും പിന്നാലെ ചെല്ലാറുമില്ലെന്ന് സീനത്ത് വ്യക്തമാക്കുന്നു.