മലയാളത്തിന്റെ സൂപ്പർതാരവും ബിജെപിയുടെ രാജ്യ സഭാ എംപിയുമായ സുരേഷ് ഗോപിയുടെ മകനാണ് ഗോകുൽ സുരേഷ്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ അദ്ദേഹം ഇപ്പോൾ മലയാളത്തിലെ അറിയപ്പെടുന്ന യുവ നടനാണ്.
വിജയ് ബാബു സാന്ദ്ര തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് വിപിൻ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയിൽ കൂടിയാണ് ഗോകുൽ സുരേഷ് സിനിമയിലേക്ക് അരങ്ങേറിയത്. 2016 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നാലെ അജയ് വാസുദേവ് സംവിധാനം ചെയ്ത 2017 ൽ പുറത്തിറങ്ങിയ മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലും ഗോകുൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
2018ൽ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനൊപ്പം ഗോകുലും പ്രധാനവേഷത്തിൽ എത്തിയിരുന്നു. 2019ൽ പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും ഗോകുൽ എത്തിയിരുന്നു
ഇപ്പോഴിതാ ഗോകുൽ സുരേഷിന് ഒപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടൻ സുബീഷ് സുധി. തന്നെ ഗോകുൽ ഞെട്ടിച്ച ഒരു അനുഭവത്തെ കുറിച്ചാണ് സുബീഷ് സുധി പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
സുബീഷ് സുധിയുടെ വാക്കുകൾ ഇങ്ങനെ: സെറ്റിൽ ഗോകുൽ സുരേഷും താനും പിഷാരടിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു. താൻ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ പെട്ടെന്ന് ഫോൺ വന്നു. പ്ലേറ്റ് വച്ചിട്ട് ഫോണിൽ സംസാരിക്കുകയായിരുന്നു.
കുറച്ച് കഴിഞ്ഞ് നോക്കുമ്പോാൾ കണ്ടത് ഗോകുൽ തങ്ങളുടെയെല്ലാം പാത്രം എടുത്തു കൊണ്ടു പോയി കഴുകി വയ്ക്കുന്നതാണ്. എന്താ ചങ്ങായി ഈ ചെയ്തേ എന്ന് ഗോകുലിനോട് ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു, അല്ല അവൻ അങ്ങനെയാ ശീലിച്ചതെന്ന്. ശരിക്കും ഞെട്ടിപ്പോയി.
രാഷ്ട്രീയത്തിലും സിനിമയിലും ഇത്രയും വലിയ പ്രശസ്തിയുള്ള ഒരാളുടെ മകൻ, ഇങ്ങനെയൊക്കെ ചെയ്തപ്പോൾ ഞെട്ടിപ്പോയി എന്ന് സുബീഷ് പറയുന്നു. 2019ൽ പുറത്തിറങ്ങിയ ഉൾട്ട എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഈ സംഭവം നടന്നത്.
സുരേഷ് പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ സുരഭി ലക്ഷ്മി, അനുശ്രീ, പ്രയാഗ മാർട്ടിൻ, രഞ്ജി പണിക്കർ, രമേഷ് പിഷാരടി എന്നിവരും വേഷമിട്ടിട്ടുണ്ട്. അതേ സമയം ജോഷിയുടെ പാപ്പൻ എന്ന സിനിമയിലാണ് ഗോകുൽ ഇപ്പോൾ അഭിനയിക്കുന്നത്. അച്ഛനും മകനും ഒന്നിച്ച് അബിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.