മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് ആന്റണി പെരുമ്പാവൂർ. വർഷങ്ങൾക്ക് മുമ്പ് മോഹൻലാലിന്റെ ഡ്രൈവർ കം പേഴ്‌സണൽ സ്റ്റാഫായി എത്തിയ അദ്ദേഹം പിന്നീട് മലയാളത്തിലെ നമ്പർ വൺ നിർമ്മാതാവായും മാറുകയായിരുന്നു.
മലയാള സിനിമയിലെ വലിയ വിജയങ്ങളായി മാറിയ സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ആശിർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാൽ എന്ന പേരിനൊപ്പം തന്നെ മലയാളികൾ പറയുന്ന പേരാണ് ആന്റണി പെരൂമ്പാവൂർ എന്നത്.
ഇപ്പോഴിതാ മോഹൻലാലും ആന്റണിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുകയാണ് സംവിധായകൻ ജോസ് തോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം അനുഭവം പങ്കുവച്ചത്. സഹ സംവിധായകനായി സിനിമയിലെത്തി പിന്നീട് സ്വതന്ത്ര സംവിധായകനായ വ്യക്തിയാണ് ജോസ് തോമസ്.
സിബിമലയിൽ ലോഹിതദാസ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങി തകർപ്പൻ വിജയം നേടിയ കമലദളം എന്ന ക്ലാസ്സ് സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിൽ ഏതെങ്കിലും രംഗത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം ആന്റണിയ്ക്കുണ്ടായിരുന്നു. അതേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു.
എന്നാൽ കഥാസന്ദർഭത്തെ കുറിച്ച് അറിഞ്ഞതോടെ ആന്റണി പിന്മാറുകയായിരുന്നുവെന്നാണ് ജോസ് തോമസ് പറയുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ മുഖത്ത് നോക്കി പേര് വിളിക്കണമെന്ന് അറിഞ്ഞതോടെയാണ് ആന്റണി പെരുമ്പാവൂർ പിന്മാറിയത്.
സാറിന്റെ മുഖത്ത് നോക്കി പേര് വിളിക്കാനാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലാലിനെ സുഖിപ്പിക്കാൻ ആണോ അങ്ങനെ പറഞ്ഞതെന്നായിരുന്നു താൻ ആദ്യം കരുതിയതെന്ന് ജോസ് പറയുന്നു. എന്നാൽ അത് അങ്ങനെയായിരുന്നില്ലെന്നും മോഹൻലാലിന് മുമ്പിൽ ആദ്യം വന്നത് എങ്ങനെയാണോ അതേ പോലെ തന്നെയായിരുന്നു പിന്നീടെന്നും അദ്ദേഹം പറയുന്നു.
അങ്ങനെയുള്ള ആന്റണി ജീവിതത്തിൽ നന്നായില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും ജോസ് തോമസ് അഭിപ്രായപ്പെടുന്നു. അതേ സമയം ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് കാത്തു നിൽക്കുകയാണ്.
ചിത്രത്തിന് ഒടിടി റിലീസ് ഉണ്ടാകില്ലെന്നും തീയേറ്ററിൽ തന്നെയാകും റിലീസ് ചെയ്യുകയെന്നും സംവിധായകൻ പ്രിയദർശൻ വ്യക്താക്കിയിരുന്നു. ആഗാസ്റ്റിലാണ് ഇപ്പോൾ സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.