മലയാള സിനിമയിലെ ഹിറ്റ് മേക്കർമാരിൽ ഒരാളായ വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. സിജു വിൽസൺ നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ നായികയായി എത്തുന്നത് കയാദു ലോഹർ എന്ന അന്യഭാഷാ നടിയാണ്.
ഇപ്പോഴിതാ തന്റെ ബ്രഹ്മാണ്ഡ ചിത്രത്തിലെ നായിക കയാദുവിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകാണ് സംവിധായകൻ വിനയൻ. കയാദു ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിന്റെ അഭിമാന താരമായി മാറുമെന്നാണ് വിനയൻ പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കയാദുവിനെ പ്രകീർത്തിച്ച് വിനയൻ രംഗത്ത് എത്തിയത്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
19ാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ അനുഭവിച്ച അവഗണനയും, അപമാനവും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഹീനമായിരുന്നു. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികൾക്കും, അയ്യൻകാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്റെ പടവാളുയർത്തിയിരുന്നു.
ആ നായകന്റെയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. ഇതിലെ നായകൻ സിജു വിൽസൺ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും എന്നു ഞാൻ പറഞ്ഞിരുന്നു
അതുപോലെ തന്നെ പത്തൊൻപതാം നുറ്റാണ്ടിലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിന്റെ അഭിമാന താരമായിമാറും. ഇന്നു മലയാളത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയിൽ, നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂർത്തങ്ങളും, രംഗങ്ങളും ആകർഷകമായി ഒരുക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
മലയാളത്തിലെ അൻപതോളം പ്രശസ്ത നടീനടൻമരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാൻ എന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ എന്നായിരുന്നു വിനയൻ കുറിച്ചത്.
അതേ സമയം ചിത്രത്തിലെ നായകനായ സിജു വിൽസൺ ഈ സിനിമയോടെ താര സിംഹാസനത്തിൽ എത്തുമെന്നും വിനയൻ നേരത്തെ പറഞ്ഞിരുന്നു.