കലോത്സവ വേദികളിൽ നിന്നും സിനിമയിലെത്തി പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിമാരിൽ ഒരാളായി മാറിയ താരമാണ് നടി നവ്യാ നായർ. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നവ്യാ നായർ അഭിനയം തുടങ്ങിയത്.
പിന്നീട് മോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായി നവ്യാ നായർ മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യാ നായർ അഭിനയിച്ചിരുന്നു. ഗ്ലാമറസ് റോളുകളേക്കാൾ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതൽ എത്തിയത്.
മലയാള സിനിമയിൽ യുവതാരങ്ങൾക്കും സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള നവ്യാ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹിതയാകുന്നത്. വിവാഹ ശേഷം സിനിമ വിട്ട താരം നൃത്തത്തിൽ സജീവമായിരുന്നു. ഏതാനും വർഷമുമ്പ് ലാൽ ചിത്രത്തിലൂടെ തിരിച്ചെത്തിയ നവ്യ വീണ്ടും ഒരു ഇടവേള എടുത്തിരുന്നു.
ആ ചെറിയ ഇടവേളയ്ക്കും ശേഷം കഴിഞ്ഞ വർഷം താരം വീണ്ടും തിരിച്ചെത്തിയിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. കൂടാതെ ദൃശ്യം 2ന്റെ കന്നഡ പതിപ്പിലും നായികയായി നവ്യയാണ് എത്തുന്നത്.
അതേസമയം മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ നവ്യാ നായർക്കൊപ്പമുളള ഒരനുഭവം പങ്കുവെച്ചിരുക്കയാണ് ഇപ്പോൾ. നവ്യയ്ക്കും കുടുംബത്തിനുമൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോൾ നടന്ന സംഭവമാണ് എംജി ശ്രീകുമാർ പറഞ്ഞത്.
ഞാനും നവ്യയും ഒരേ നാട്ടുകാരാണ്, നവ്യയെ കുറിച്ച് പറയുമ്പോൾ ചില ചമ്മലിന്റെയൊക്കെ കഥ വെളിപ്പെടുത്തേണ്ടതുണ്ട്. വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോൾ ഞാനും നവ്യയും കുടുംബവുമൊക്കെയായി ഗാംബ്ലിങ് നടക്കുന്നിടത്ത് പോയി.
പക്ഷേ നവ്യക്ക് മാത്രം അങ്ങോട്ടേക്ക് പ്രവേശനം ലഭിച്ചില്ല. ഇരുപത് വയസായാൽ മാത്രമേ അങ്ങോട്ടേക്ക് പ്രവേശനമുളളു. അന്ന് നവ്യക്ക് പത്തൊൻപത് വയസേ ആയിട്ടുളളൂ. അവിടെ അഞ്ച് എൻട്രി ഗേറ്റ് ഉണ്ടായിരുന്നു. അഞ്ചിലും നവ്യയെ തടഞ്ഞു. അതിൽ എങ്ങനെയെങ്കിലും ഒന്ന് കയറാൻ വേണ്ടി നവ്യ പഠിച്ച പണി പതിനെട്ടും നോക്കി.
വലിയവരെ പോലെ സാരിയൊക്കെ ചുറ്റി വലിയ ഒരു കണ്ണടയൊക്കെ വെച്ച് വന്നിട്ടും നവ്യയുടെ പാസ്പോർട്ട് കാണിക്കാൻ അവർ ആവശ്യപ്പെട്ടു. ഒടുവിൽ ഗാബ്ലിങ് സ്ഥലത്തേക്ക് കയറാമെന്ന മോഹം നവ്യക്ക് അവിടെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും എംജി ശ്രീകുമാർ പറഞ്ഞു.