ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായിരുന്നു ഗൗതമി. ഒരു പിടി മലയാള സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിച്ചിട്ടുള്ള ഗൗതമി മലയാളികൾക്കും പ്രിയങ്കരിയായിരുന്നു. അതേ സമയം ഉലക നായകൻ കമൽ ഹാസനുമായുള്ള ജീവിതവും വേർപിരിയലും എല്ലാം ഗൗതമിയെ വാർത്തകളിൽ നിറച്ചിരുന്നു.
കമൽ ഹാസനുമായി 11 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ച ഗൗതമി ഇപ്പോൾ ബിജെപിയിലെ പ്രമുഖ രാഷ്ട്രീയ സാന്നിധ്യമാണ്. അടുത്ത കാലത്ത് രാഷ്ട്രീയത്തിൽ സജീവമായ താരം ബിജെപിയുടെ താര പ്രചാരകകൂടിയാണ്. അതേ സമയം കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) സ്ഥാപകൻ കമൽ ഹാസന് എതിരെ താൻ പ്രചാരണത്തിനിറങ്ങുമെന്ന് ഗൗതമി വെളിപ്പെടുത്തിയിരിക്കുകയാണ്.
കമലിന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നാണ് ഗൗതമി പറയുന്നത്. ബിജെപി സ്ഥാനാർഥികൾക്കായി തമിഴ്നാട്ടിൽ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ് ഗൗതമി. സീറ്റിനു വേണ്ടിയല്ല ബിജെപിയിൽ ചേർന്നതെന്ന് രാജപാളയത്ത് സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഗൗതമി പറഞ്ഞു.
തമിഴ്നാട്ടിൽ ബിജെപിയോടുള്ള അകൽച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു. നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും.
വിരുദ് നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്നായിരുന്നു ബിജെപി നേതാക്കൾ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ സീറ്റ് അണ്ണാഡിഎംകെ വിട്ടുകൊടുത്തില്ല. എന്നാൽ ബിജെപിയിലേക്ക് താൻ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വർഷം മുമ്പേ എടുത്ത തീരുമാനമാണതെന്നും ഗൗതമി വ്യക്തമാക്കി.
വാജ്പേയുടെയും നരേന്ദ്ര മോദിയുടെയും തേതൃത്വത്തിലുള്ള മതിപ്പാണ് ബിജെപി ആഭിമുഖ്യത്തോട് കാരണമെന്നും രാജ്യത്തെ നേർദിശയിലേക്ക് നയിക്കുന്നത് ബിജെപിയാണെന്നും ഗൗതമി പറഞ്ഞു. തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികൾ മത്സരിക്കുന്നതു കൊണ്ട് മറ്റ് പാർട്ടികൾ മത്സരിക്കരുതെന്ന് നിയമമൊന്നുമില്ലെന്നും ഗൗതമി പറഞ്ഞു.
ഒപ്പം മുൻ പങ്കാളി കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയോടുള്ള എതിർപ്പും ഗൗതമി വ്യക്തമാക്കി.
മാറ്റത്തിനു വേണ്ടാണ് മത്സരിക്കുന്നതെന്ന് മക്കൾ നീതി മയ്യം പറയുന്നു. എന്നാൽ അത് ജനത്തിനു വേണോ എന്ന് അവർ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാമെന്നും ഗൗതമി വ്യക്തമാക്കി.
പുതിയ പാർട്ടി വരുമ്പോൾ ജനത്തെ ആകർഷിക്കാൻ ചില മാർക്കറ്റിംഗ് തന്ത്രം ഇറക്കും. അതാണ് കമൽ ഹാസന്റെ പാർട്ടി ചെയ്യുന്നതെന്നും ഗൗതമി പറഞ്ഞു. കമൽ ഹാസനുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നും സിമന്റ് കോൺക്രീറ്റ് ഇട്ട് ആ അധ്യായം അടച്ചെന്നും ഗൗതമി പറഞ്ഞു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ വിജയിക്കില്ലെന്ന് നേരത്തെ ഗൗതമി പറഞ്ഞിരുന്നു.