മിമിക്രി വേദികളിൽ നിന്ന് സിനിമാലോകത്തേക്ക് എത്തി മലയാളത്തിലെ ഏറ്റവും ജനപ്രിയ സിനിമ താരങ്ങളിൽ ഒരാളായി മാറിയ സൂപ്പർ നടനാണ് ദിലീപ്. സംവിധാനം പഠിക്കാൻ സിനിമയിലേക്ക് എത്തിയ ദിലീപ് ഏവരേയും അമ്പരപ്പിച്ച് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയെ തന്റെ നിയന്ത്രണത്തിലേക്ക് ആക്കിയെടുത്തിരുന്നു.
എക്കാലത്തും ദിലീപിന്റെ കൂടെയുള്ള ഉറ്റ സുഹൃത്താണ് നാദിർഷ. മിമിക്രിയിലൂടെ തുടങ്ങിയതാണ് ദിലീപ് നാദിർഷ ബന്ധം. ഏഷ്യാനെറ്റിലെ ജനപ്രിയമായ കോമിക്കോള, സിനിമാല എന്നീ പരിപാടികളിൽ ഒരുകാലത്ത് ദിലീപും നാദിർഷയും ഒക്കെ സജീവ സാന്നിധ്യമായിരുന്നു.
ദിലീപ് എന്ന താരത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നാദിർഷ കൂടെത്തന്നെ ഉണ്ടായിരുന്നു. സിനിമ ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിർഷ. ദിലീപിന്റെ എന്ത് കാര്യത്തിനും മുന്നിൽ തന്നെ ഉണ്ടാകും നാദിർഷ എന്ന സുഹൃത്ത്.
മലയാളികളോട് ഇവരുടെ സൗഹൃദത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഒരുപാട് വേദികളിൽ ഇവർ തന്നെ പരസ്പരം തങ്ങളുടെ പഴയകാല സൗഹൃദ ബന്ധങ്ങളെ കുറിച്ച് ഒരുപാട് വാചാലമായി സംസാരിക്കാറുണ്ട്. ഇവരുടെ സൗഹൃദം എത്രത്തോളം ദൃഢമാണ് എന്നും ഇവർ തമ്മിൽ മാത്രമല്ല ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെ മികച്ച ബന്ധത്തിലാണ് എന്നും തെളിയിക്കുന്നതാണ് ഇരുവരും ഇടയ്ക്കിടെ പങ്കുവെക്കുന്ന ചിത്രങ്ങൾ.
ഉറ്റ സുഹൃത്തുക്കൾ മാത്രപമല്ല ബിസിനസും ഇരുവരും ഒരുമിച്ചാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇപ്പോഴിതാ ദിലീപിനെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും സൗഹൃദം എങ്ങനെ തുടങ്ങി എന്നതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നാദിർഷ. ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ നടൻ മണിയൻ പിള്ള രാജുവുമായി വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് ദിലീപിനോടുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് നാദിർഷ പറഞ്ഞത്.
ഞാൻ ദിലീപിനെ പരിചയപ്പെടുന്ന കാലത്ത് കൊച്ചിൻ ഓസ്‌കാർ എന്ന ട്രൂപ്പിൽ പ്രവർത്തിക്കുകയായിരുന്നു. അന്ന് ദിലീപിന് ഒരു ട്രൂപ്പിലും കയറി പറ്റാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ ഞാൻ വീട്ടിലേക്ക് ഫോൺ ചെയ്യാനായി എറണാകുളത്തുള്ള ഒരു ബസ്റ്റോപ്പിലെ ബൂത്തിൽ നിൽക്കുകയായിരുന്നു.
അതിനിടെ വെറുതെ ചുറ്റും പാളി നോക്കിയപ്പോൾ മുണ്ടുടുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി നിൽക്കുന്നു. ഞാൻ ശ്രദ്ധിക്കുന്നുവെന്ന് കണ്ടപ്പോൾ അവൻ ഉടനെ മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ടിട്ട് വിനയം കാണിക്കാൻ തൊഴുത് കാണിച്ചു. പേര് ഗോപാലകൃഷ്ണനെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ഞാൻ ചോദിച്ചപ്പോൾ താൻ മിമിക്രി ചെയ്യുമെന്നും കൊച്ചിൻ ഓസ്‌കാറിൽ അവസരം വാങ്ങിത്തരണമെന്നും പറഞ്ഞു.
അന്ന് ആവശ്യത്തിന് ആളുകൾ ട്രൂപ്പിൽ ഉണ്ടായിരുന്നതിനാൽ ചാൻസ് കിട്ടില്ലെന്ന് ദിലീപിനോട് പറഞ്ഞു. മിമിക്രിയിലെ ഗുരുവിന്റെ ക്ഷണ പ്രകാരം ഒരു കലോത്സവത്തിൽ എനിക്ക് വിധികർത്താവായി ഇരിക്കേണ്ടി വന്നു. എന്നെ അവിടെ ജഡ്ജായി കൊണ്ടു പോയത് എന്റെ സ്വാധീനത്തിലൂടെ അദ്ദേഹത്തിന് മിമിക്രിയിൽ ഫസ്റ്റ് വാങ്ങാനാണ്.
ഞാൻ ജഡ്ജിങ്ങിന് ഇരുന്നപ്പോൾ കുറച്ച് ദിവസം മുമ്പ് കണ്ട ചെറുപ്പക്കാരൻ മിമിക്രി അവതരിപ്പിക്കുന്നത് കണ്ടു. നിരവധി സിനിമാ താരങ്ങളെ മനോഹരമായി ചെയ്തു ദിലീപ്. അവന്റെ പ്രകടനം കണ്ട് ഗുരുവിനെ മറന്ന് ഞാൻ ദിലീപിന് ഫസ്റ്റ് കൊടുത്തു. അന്ന് ഞാൻ ദിലീപിനെ കണ്ട് കൊച്ചിൻ ഓസ്‌കാറിലേക്ക് വരാൻ പറഞ്ഞു.
അവിടെ മുതൽ തുടങ്ങിയതാണ് ദിലീപുമായുള്ള സൗഹൃദം എന്ന് നാദിർഷ പറയുന്നു. അതേ സമയം നാദിർഷ സംവിധാനം ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ ഉറ്റ സുഹൃത്ത് ദിലീപിനെ വെച്ച് സിനിമകൾ ചെയ്തിരുന്നില്ല. ഇപ്പോൾ നാദിർഷയുടെ നാലാമത്തെ സംവിധാന സംരംഭമായ കേശു ഈ വീടിന്റെ നാഥനിൽ ദിലീപിനെ പ്രിയ സുഹൃത്ത് നായകനാക്കിയിരിക്കുകയാണ്.
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഈ വരുന്ന 31ന് സിനിമ റിലീസ് ചെയ്യും. സിനിമയിൽ അറുപത് കഴിഞ്ഞ കേശുവായിട്ടാണ് ദിലീപ് എത്തുന്നത്. നടി ഉർവ്വശിയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. സിനിമയിടെ ട്രെയിലറും യൂടൂബിൽ ട്രെന്റിങ്ങ് ആയി മാറിയിരുന്നു.