മലയാളത്തിൽ സഹനടിയായുളള വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് നടി അഞ്ജലി നായർ. ബാലതാരമായി സിനിമയിൽ എത്തിയ താരം നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം പുലിമുരുകനിലും ഒരു ചെറിയ റോളിൽ നടി എത്തിയിരുന്നു.
പുലിമുരുകനിലെ മുരുകന്റെ ചെറുപ്പാലം കാണിക്കുമ്പോൾ അമ്മയുടെ റോളിലാണ് അഞ്ജലി നായർ എത്തിയത്. അതേസമയം പുലിമുരുകനെ കുറിച്ച് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു.
അന്ന് പുലിമുരുകൻ ഇത്ര വലിയ സിനിമയാണെന്ന് ചിത്രീകരണ സമയത്ത് തനിക്ക് അറിയില്ലായിരുന്നുവെന്ന് നടി പറയുന്നു. ഞാൻ വളരെ ലാഘവത്തോടെ പോയി ഒരു ഗർഭിണിയുടെ വേഷം ചെയ്തു. അജാസാണ് എന്റെ കൂടെ നിൽക്കണേ. അത് വൈശാഖേട്ടന്റെ ഒരു പടം, ഞാൻ പോയി ചെയ്തു. അതില് പുലി ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു.
എനിക്ക് അത്ര വലിയ സിനിമയാണെന്ന് ഒന്നും അറിയില്ല. പുലിമുരുകനിലും മറ്റു സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും കുട്ടികളൊക്കെ കണ്ടാൽ പുലിമുരുകനിലെ ചേച്ചിയല്ലെ എന്നാണ് ചോദിക്കാറുളളത്. ഇത്രയും സിനിമകളുടെ എണ്ണമൊന്നും ആരും ചോദിക്കാറില്ല. അപ്പോ അതുപോലെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ എപ്പോഴും ചെയ്യുക എന്നാണ് ആഗ്രഹമെന്നും അഞ്ജലി നായർ പറയുന്നു.
മലയാളത്തിൽ ചെറിയ വേഷങ്ങളിലാണ് അഞ്ജലി നായർ കൂടുതൽ അഭിനയിച്ചത്. മോഹൻലാലിന്റെ എറ്റവും പുതിയ ചിത്രമായ ദൃശ്യം 2വിലും നടി എത്തുന്നുണ്ട്. മണിയറയിലെ അശോകനാണ് നടിയുടെതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഒടിടി പ്ലാറ്റ്ഫോം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിൽ ഒരു സൈക്യാട്രിറ്റിന്റെ റോളിലായിരുന്നു അഞ്ജലി നായർ അഭിനയിച്ചത്.
അതേ സമയം 2016ലായിരുന്നു പുലിമുരുകൻ തിയ്യേറ്ററുകളിലേക്ക് എത്തിയത്. വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ചിത്രം ആദ്യമായി നൂറ് കോടി ക്ലബിലെത്തിയ മലയാള ചിത്രമാണ്. 150 കോടിക്കടുത്ത് കളക്ഷനാണ് പുലിമുരുകൻ നേടിയത്.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രത്തിൽ കമാലിനി മുഖർജി, നമിത, സുരാജ് വെഞ്ഞാറമൂട്, ജഗപതി ബാബു, ലാൽ, നോബി മാർക്കോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.