ഷെയ്ൻ നിഗമിന് എട്ടിന്റെ പണി, ഇനി സിനിമയിൽ അഭിനയിപ്പിക്കില്ല, വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിപിച്ചു; വിലക്ക് മാറാൻ ഏഴ് കോടി രൂപ കൊടുക്കണം

25

നടൻ ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻറെ വിലക്ക്. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാനും തീരുമാനം. ഇതുവരെ ചെലവായ തുക ഷെയിനിൽ നിന്ന് ഈടാക്കും. രണ്ട് ചിത്രങ്ങൾക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ പണം നൽകാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് തീരുമാനം എന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.

മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്‌നിൽ നിന്ന് ഉണ്ടായതെന്നും വിലക്കിൻറെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു. ഇത്രയും മോശം അനുഭവം മറ്റൊരാളിൽ നിന്നും ഉണ്ടായിട്ടില്ലെന്നും നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ ആരോപിച്ചു.

Advertisements

ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി ഉയർന്നതിന് പിന്നാലെയാണ് പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻറെ തീരുമാനം. ഉല്ലാസം സിനിമയുടെ അണിയറപ്രവർത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി.

25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നും എന്നാൽ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമ്മാതാക്കൾ പരാതിയിൽ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കിൽ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിൻ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ ആരോപണം ഷെയ്ൻ നിഗം തള്ളി.

വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രതിഷേധം എന്ന് ഫോട്ടോയിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

ശരത് സംവിധാനം ചെയ്യുന്ന വെയിൽ സിനിമയിൽ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്‌നിന്റേത്. വെയിലിൻറെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു. മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയ്‌നിന്റെ വെല്ലുവിളിയെ ഗൗരവമായി നേരിടാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

Advertisement