മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും ആക്ടിവിസ്റ്റുമാണ് മാലാ പാർവതി. സനാടക നടി കൂടിയായ പാർവതി അഭിനയത്തിന് പുറമെ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ പങ്കാളിയാകാറുണ്ട്. എല്ലാ സാമൂഹിക വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ മുഖം നോക്കാതെ സംസാരിക്കുക കൂടി ചെയ്യുന്നതിനാൽ ഫെമിനിസ്റ്റ് എന്നും മാലാ പാർവതിയെ ചിലർ വിളിക്കുന്നുണ്ട്.
നാടക അഭിനയത്തിലൂടെയാണ് സിനിമയിലേക്കുള്ള മാലാ പാർവതിയുടെ പ്രവേശനം. വിദേശ രാജ്യങ്ങളിലടക്കം മാലാ പാർവതിയും സംഘവും നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജ്, വിമൻസ് കോളേജ്, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്, തിരുവന്തപുരം ലോ കോളജ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മാലാ പാർവതി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
സൈക്കോളജിയിൽ എംഫില്ലും കരസ്ഥമാക്കിയിട്ടുണ്ട്. സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിലാണ് ടെലിവിഷൻ അവതാരകയാവുന്നത്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ നിരവധി ചാനലുകളിൽ അവതാരകയായി മാലാ പാർവതി പ്രവർത്തിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് മാലാ പാർവതി സിനിമാഭിനയം തുടങ്ങിയത്.
പിന്നീട് നിരവധി ചിതങ്ങളിൽ അഭിനയിച്ചു. നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, മുന്നറിയിപ്പ്, ഗോദ, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ തെലുങ്ക്, തമിഴ് സിനിമാ മേഖലകളിലും സജീവ സാന്നിധ്യമാണ് മാലാ പാർവതി.
നാടക പ്രവർത്തകരായ രഘുത്തമൻ, ജ്യോതിഷ് എന്നിവർ പാർവതിയുടെ അഭിനയ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ജ്യോതിഷിന്റെ സാഗരകന്യക എന്ന നാടകത്തിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്ത് വേഷമവതരിപ്പിച്ച കഥകൾ മാലാ പാർവതി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്തെ അഭിനയ തിയറ്റർ റിസേർച്ച് സെന്ററിലെ നാടകങ്ങളിൽ അഭിനയിക്കുന്ന പാർവതി ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് എന്ന നാടകത്തിന്റെ രചനയും നിർവഹിച്ചിരുന്നു. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ മാലാ പാർവതിയുടെ സിനിമ മാലിക്കാണ്. നാടാകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ സഞ്ചരിപ്പോൾ ഉണ്ടായ രസകരമായ ഒരു സംഭവം പറയുന്ന മാലാ പാർവതിയുടെ വീഡിയോ ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്.
കൗമുദി ടിവിക്ക് വേണ്ടി നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾ നീണ്ട സിനിമാഭിനയ ജീവിതത്തെ കുറിച്ചും രസകരമായ അനുഭവങ്ങളെ കുറിച്ചും മാലാ പാർവതി വിവരിക്കുന്നത്. ഒരിക്കൽ വിദേശരാജ്യത്ത് നാടകം അവതരിപ്പിക്കുമ്പോൾ അതുകൊണ്ട് ഒരു ഓസ്‌ട്രേലിയക്കാരിയായ സ്ത്രീ ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ച സംഭവം ഉണ്ടായതിനെ കുറിച്ചാണ് മാലാ പാർവതി സംസാരിച്ചത്.
ഞങ്ങളുടെ പ്രദർശനം നടക്കുമ്പോഴെല്ലാം കാണാൻ ഓസ്‌ട്രേലിയക്കാരിയായ സ്ത്രീ എത്തുമായിരുന്നു. നാല് തവണയോളം അവർ വന്ന് ഞങ്ങളുടെ നാടകം കണ്ടു. ഇംഗ്ലീഷ് സബ്‌ടൈറ്റിൽ ഉണ്ടായിരുന്നതിനാൽ നാടകം ആസ്വദിക്കാൻ നിരവധി പാശ്ചാത്യർ എത്തിയിരുന്നു. അങ്ങനെ നാടകത്തിന്റെ അവസാന ദിവസം ആ ഓസ്‌ട്രേലിയക്കാരി ഞങ്ങളെ സമീപിച്ച് നാടകത്തെ പുകഴ്ത്തി സംസാരിച്ചു.
നിങ്ങളുടെ നാടകത്തിൽ നിന്നും സ്‌നേഹത്തെ കുറിച്ചും മറ്റും ഞാൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കി. എന്റെ ഭർത്താവിന്റെ സ്‌നേഹത്തിൽ ഇപ്പോൾ എനിക്ക് വിശ്വാസമില്ല. അതിനാൽ ഞാൻ അദ്ദേഹവുമായുള്ള ബന്ധം വേർപിരിയാൻ പോവുകയാണ്. എന്നായിരുന്നു അവർ പറഞ്ഞത് ഓസ്‌ട്രേലിയക്കാരിയുടെ വാക്കുകൾ കേട്ട മറ്റ് അഭിനേതാക്കളും താനും ആശ്ചര്യപ്പെട്ട് നിന്നുവെന്നും ചെറുചിരിയോടെ മാലാ പാർവതി പറയുന്നു.