മലയാള സിനിമയിലെ ആദ്യത്തെ 50 കോടി ക്ലബ്ബ് ചിത്രം ആയിരുന്നു മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യം എന്ന സിനിമ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം ലോകം മുഴുവൻ ഉണ്ടാക്കിയ ഓളം ചില്ലറയല്ല.
മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകർക്ക് മുന്നിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കാണ് ദൃശ്യം വഹിച്ചത് എന്നതാണ് വാസ്തവം. അതേ സമയം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ഉം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
കഴിഞ്ഞ കുറിച്ചുനാളുകളായി ദൃശ്യം 3യുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിൽ ഒന്ന്. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ദൃശ്യം 3 വരുന്നുവെന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.
മഴവിൽ മനോരമയുടെ മഴവിൽ എന്റർടൈൻമെന്റ് അവാർഡിൽ വച്ചാണ് ദൃശ്യം 3 സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്. മോഹൻലാലിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം. റാം എന്ന ചിത്രത്തിന്റെ തിരക്ക് കാരണം ജീത്തു ജോസഫിന് അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
പുതിയ പ്രഖ്യാപനം സോഷ്യൽ മീഡിയയും ആഘോഷമാക്കുകയാണ് ഇപ്പോൾ. മറ്റൊരു സൂപ്പർ ഹിറ്റ് കൂടി ഒരുങ്ങുന്നുവെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. അടുത്തിടെ ഫാൻ മെയിഡ് പോസ്റ്ററും ദൃശ്യം 3 ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയിരുന്നു.
അതേ സമയം ദൃശ്യം 3നെ കുറിച്ച് മുൻപ് ജീത്തു ജോസഫ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ദൃശ്യം ചെയ്തു കഴിഞ്ഞപ്പോൾ രണ്ടാംഭാഗത്തെ കുറിച്ച് സത്യമായിട്ടും ഒരു പ്ലാൻ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാൻ പറ്റില്ലെന്നാണ് ഞാൻ കരുതിയത്.
കഥ തീർന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ൽ പലരും കഥയുണ്ടാക്കാൻ തുടങ്ങിയപ്പോൾ ആൻറണി പറഞ്ഞതനുസരിച്ച് ഞാൻ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. പക്ഷേ കിട്ടി. മൂന്നാംഭാഗത്തിൻറെ കാര്യം ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു.
നല്ലൊരു ഐഡിയ കിട്ടുകയാണെങ്കിൽ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാൻ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാൽ തീർച്ചയായും ചെയ്യും. സത്യത്തിൽ ദൃശ്യം 3ൻറെ ക്ലൈമാക്‌സ് എൻറെ കൈയിലുണ്ട്. പക്ഷേ ക്ലൈമാക്‌സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. ഞാനത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു.
പക്ഷേ ഈ ക്ലൈമാക്‌സിലേക്ക് എത്തിക്കണമെങ്കിൽ ഒരുപാട് സംഭവങ്ങൾ വരണം. അതുകൊണ്ട് നടക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കിൽ വിട്ടുകളയും. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കും.
കാരണം തിരക്കഥ ഡെവലപ് ചെയ്ത് കിട്ടണമെങ്കിൽ അത്രയും സമയമെങ്കിലും എടുക്കുമെന്നാണ് എൻറെ തോന്നൽ. ആറ് വർഷം എടുക്കുമെന്നാണ് ഞാൻ ആൻറണിയോട് പറഞ്ഞത്. ആൻറണി പറഞ്ഞത് ആറ് വർഷം വലിയ ദൈർഘ്യമാണെന്നും രണ്ടുമൂന്ന് കൊല്ലത്തിനുള്ളിൽ സാധ്യമായാൽ നല്ലതാണെന്നുമാണ്. നോക്കട്ടെ ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട് എന്നും ആയിരുന്നു.