മലയാളത്തിടക്കം സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ച നടി സൗന്ദര്യ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയനടിയായിരുന്നു . യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ സൗന്ദര്യയെക്കുറിച്ച് സംവിധായകൻ ഉദയകുമാർ പങ്കുവച്ച വാക്കുകൾ വൈറൽ ആകുന്നു.
തണ്ടഗൻ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് സംവിധായകന്റെ വികാരഭരിതമായ വാക്കുകൾ. ചിത്രത്തിലെ നായികയായ ദീപ സംവിധായകൻ മഹേന്ദ്രനെ അച്ഛനെന്നു വിശേഷിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ഉദയകുമാർ സംസാരിച്ചു തുടങ്ങിയത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ.
വേദിയിൽ സംസാരിക്കുന്നതിനിടയിൽ ദീപ സംവിധായകൻ കെ മഹേന്ദ്രനെ അച്ഛനെന്നു വിശേഷിപ്പിച്ചതിൽ ഞാനേറെ സന്തോഷവാനാണ്. സിനിമ എന്നു പറയുന്നത് വലിയൊരു കുടുംബം തന്നെയാണ്. എനിക്കൊരു കാര്യം ഇവിടെ പറയാനുണ്ട്. ഞാനിത് മുമ്ബൊരിക്കലും എവിടെയും പറഞ്ഞിട്ടില്ല.
പൊന്നുമണി എന്ന എന്റെ സിനിമയിലൂടെയാണ് നടി സൗന്ദര്യ സിനിമയിലേയ്ക്ക് എത്തിയത്. അണ്ണനെന്നാണ് സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. ആദ്യമൊക്കെ ആ വിളിയിൽ ഞാൻ അതൃപ്തനായിരുന്നു. മറ്റുള്ളവർക്ക് മുമ്ബിൽ എന്നെ സാർ എന്നു വിളിച്ചാൽ മതിയെന്നു സൗന്ദര്യയോട് ഞാൻ പറയുമായിരുന്നു.
എന്നാൽ അധികം വൈകാതെ ഞാനവരെ സഹോദരിയായി കണ്ടു തുടങ്ങുകയും അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്നേഹവും അവർക്കുണ്ടായിരുന്നു. പൊന്നുമണിയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോൾ തന്നെയാണ് ഒരു ചിരഞ്ജീവി പടത്തിലേക്ക് ഞാനവരെ റെക്കമൻഡ് ചെയ്തത്. അതിനുശേഷം അവർ വലിയ താരമായി മാറി. അന്നൊക്കെ ഓരോരോ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഞാൻ തന്നെയാണ് ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയും വരികയും ചെയ്തിരുന്നത്..
സൗന്ദര്യ എന്നെ ഗൃഹപ്രവേശത്തിനും ക്ഷണിച്ചിരുന്നു. എനിക്കു പോകാനായില്ല. വിവാഹത്തിനും വിളിച്ചു. നിർഭാഗ്യവശാൽ അതിനും എനിക്കു പങ്കെടുക്കാനായില്ല. ആയിടയ്ക്കാണ് തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത്. അതിൽ സൗന്ദര്യ അഭിനയിച്ചിരുന്നു. ആ സിനിമ കഴിഞ്ഞ് അവർ എന്നെ ഒരുദിവസം വിളിച്ചു. എന്നിട്ട് പറഞ്ഞു- ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി ഞാൻ അഭിനയിക്കുന്നുണ്ടാവില്ല. രണ്ടുമാസം ഗർഭിണിയാണ്. അന്ന് എന്നോടും ഭാര്യയോടും അവർ ഫോണിൽ ഒരു മണിക്കൂറോളം സംസാരിച്ചു.
അടുത്ത ദിവസം രാവിലെ 7.30ക്ക് ടിവി വച്ചപ്പോൾ അവർ അപകടത്തിൽ മരണപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയി. അവർ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്കു പോകാൻ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്കാരച്ചടങ്ങിനാണ് ഞാൻ പോകുന്നത്. ഞാൻ അവരുടെ വീട്ടിൽ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോൾ എന്റെ വലിയൊരു ചിത്രം ചുമരിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. എനിക്ക് കരച്ചിലടക്കാനായില്ല.
സിനിമയിലെ ആളുകൾക്ക് പരസ്പരം കുടുംബമായും തോന്നും. അതു മനസ്സിലാക്കിത്തരാനാണ് ഞാനീ സംഭവം പറഞ്ഞത്. ദീപ സംവിധായകനെ അപ്പ എന്നു വിളിച്ചപ്പോൾ ഏറെ സന്തോഷം തോന്നി. അദ്ദേഹം അതിൽ അഭിമാനിക്കണം, കാരണം ദീപ അദ്ദേഹത്തെ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നു.’ ഉദയകുമാർ പറഞ്ഞു.