സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് ഗായിക നഞ്ചിയമ്മ. ഈ ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചിയമ്മയ്ക്ക് ഇത്തവണത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭച്ചിരുന്നു.
എന്നാൽ നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്തതിനെ വിമർശിച്ച് ചിലർ എത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ.
തന്റെ പുതിയ തെലുങ്ക് ചിത്രമായ സീതാ രാമന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്. വിവാദത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പക്ഷെ തന്റെ മനസിൽ നഞ്ചിയമ്മയ്ക്കാണ് അവാർഡെന്നും നഞ്ചിയമ്മ അത് പാടിയ രീതിയും പാട്ടും ഒരുപാട് ഇഷ്ടപ്പെട്ടുയെന്നും ദുൽഖർ പറഞ്ഞു.
വിവാദം എന്താണെന് അറിഞ്ഞില്ല പക്ഷെ എന്റെ മനസിൽ നഞ്ചിയമ്മയ്ക്കാണ് അവാർഡ്. നഞ്ചിയമ്മ അത് അങ്ങേയറ്റം അർഹിക്കുന്നുണ്ട്. ആ പാട്ടും നഞ്ചിയമ്മ അത് പാടിയ രീതിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ എല്ലാത്തിന്റെയും ശാസ്ത്രം നോക്കാൻ എനിക്കറിയില്ല, ഞാൻ തന്നെ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് പാടുന്നത്.
ലൈവിൽ ചുന്ദരി പെണ്ണേ പാടാൻ പറഞ്ഞാൽ ഞാൻ തന്നെ പെട്ടു പോകുമെന്നും ദുൽഖർ സൽമാൻ പറയുന്നു. നേരത്തെ സംഗീതജ്ഞൻ ലിനുലാൽ നഞ്ചിയമ്മക്ക് പുരസ്‌കാരം നൽകിയതിന് എതിരെ രംഗത്ത് വന്നിരുന്നു. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർക്ക് നഞ്ചിയമ്മക്ക് അവാർഡ് നൽകിയത് അപമാനമായി തോന്നി എന്നായിരുന്നു ഇയാൾ പറഞ്ഞത്.
മൂന്നും നാലും വയസ് മുതൽ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവർ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയൊക്കെ ഉള്ളവർ. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവർ.
അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോൾ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണൽ അവാർഡ് കൊടുക്കുക എന്നുപറഞ്ഞാൽ. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാൽ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു ലിനു ലാൽ പറഞ്ഞത്.
സംഭവം വിവാദമായതോടെ ഗായികമാരായ സിതര കൃഷ്ണകുമാറും സുജാതയും സംഗീത സംവിധായകൻ അൽഫോൺസും അടക്കം നിരവധി പേരാണ് നഞ്ചിയമ്മക്ക് പിന്തുണയുമായി എത്തിയത്. സൂപ്പർതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയും നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി എത്തയിരുന്നു.
അതേസമയം ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തിയേറ്ററുകളിൽ എത്തുന്നത്. ലോക മെമ്പാടും വലിയ റിലീസാണ് ചിത്രത്തിന് ഒരുക്കിയിട്ടുള്ളത്. 1965ലെ ഇൻഡോ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.