നഞ്ചിയമ്മക്ക് അല്ലാതെ ആ പാട്ട് വേറെയാർക്കും പാടാൻ കഴിയില്ല, എന്തുകൊണ്ടും വളരെ പെർഫക്ടാണ് ആ പാട്ട്: അപർണ ബാലമുരളി

65

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഗായികക്കുള്ള അവാർഡ് നഞ്ചിയമ്മയ്ക്ക് ലഭിച്ചതിന് എതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി അപർണ ബാലമുരളി.
ആ പാട്ട് യൂണിക്കാണെന്നും നഞ്ചിയമ്മയ്ക്കല്ലാതെ വേറെ ആർക്കും പാടാൻ കഴിയില്ലെന്നമാണ് അപർണ ബാലമുരളു പറയുന്നത്.

ആ പാട്ട് ഭയങ്കര യൂണീക്കാണ്. വെറുതെ ഇരുന്ന് അത് പാടാൻ പറ്റുമെന്ന് തോന്നുന്നില്ല. മനസ്സിൽ നിന്നും പാടേണ്ട പാട്ടാണത്. നഞ്ചിയമ്മ ഒരു ഗായിക അല്ലാത്തതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആ കഴിവാണ് സച്ചി സാർ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുവന്നത്.

Advertisements

ആ പാട്ട് എന്തുകൊണ്ടും വളരെ പെർഫക്ടാണ്. അതിനുവേണ്ട ശബ്ദം തന്നെയാണ് നഞ്ചിയമ്മയുടേത്. അതുകൊണ്ടുതന്നെ നഞ്ചിയമ്മ പുരസ്‌കാരത്തിന് അർഹയാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു അപർണയുടെ പ്രതികരണം. തൃശൂർ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

Also Read
എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ്; ആ ദുശ്ശീലമാണ് എല്ലാത്തിനും കാരണം; അതുകൊണ്ട് ‘വർക് ഷോപ്പിൽ’ ഒന്ന് കയറേണ്ടി വന്നുവെന്ന് സുബി സുരേഷ്

നഞ്ചിയമ്മയെ മികച്ച ഗായികയായി തിരഞ്ഞെടുത്തതിന് പിന്നാലെ സംഗീതഞ്ജൻ ലിനു ലാലാണ് വിമർശനവുമായി ആദ്യം രംഗത്തെത്തിയത്. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേ എന്നുമായിരുന്നു ലിനു ലാലിന്റെ വിമർശനം.

അതേസമയം, അവാർഡ് വിവാദത്തിൽ പ്രതികരണവുമായി അവാർഡ് ജേതാവ് നഞ്ചിയമ്മ തന്നെ രംഗത്ത് എത്തിയിരുന്നു. ‘ദേശീയ പുരസ്‌കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല’ എന്നാണ് നഞ്ചിയമ്മ പറഞ്ഞത്.

അതേ സമയം ലിംഗ വിവേചനം സിനിമാമേഖലയിൽ മാത്രം നിലനിൽക്കുന്ന പ്രശ്നമല്ല, എല്ലാ തൊഴിൽ മേഖലയിലും ഉള്ളതാണെന്നും അപർണ ബാലമുരളി പറഞ്ഞു. എല്ലാ മേഖലകളിലും എല്ലാ തരം ജോലികളിലും ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണിത്. സിനിമ വലിയ ഒരു ഇടമായതിനാൽ മാത്രമാണ് ആളുകൾ ചർച്ച ചെയ്യുന്നതെന്നും അവർ പറഞ്ഞു.

തുല്യ അധ്വാനത്തിൽ ഒരേ ജോലി ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലം എന്നതിനോട് യോജിക്കാൻ കഴിയില്ല. തുല്യ വേതനം ആണ് പ്രധാനം. പ്രവൃത്തിപരിചയത്തെ അടിസ്ഥാനമാക്കി സിനിമാതാരങ്ങൾക്ക് പ്രതിഫലം കൊടുക്കേണ്ടതും അത്യാവശ്യമാണ്. ഒരുപാട് വർഷത്തെ സിനിമാ അഭിനയ പരിചയമുള്ള ആളുകൾക്ക് ഇന്നും തുച്ഛമായ തുകയാണ് പ്രതിഫലം നൽകുന്നത് അത് മാറണം.

Also Read
എന്റെ കൂടെ വരാമെന്ന് പറഞ്ഞ സീമ വന്നത് ഹണിമൂൺ ആഘോഷിക്കാൻ; അമേരിക്കയിൽ ഒരേ റൂമിലുണ്ടാകുമെന്ന് പറഞ്ഞ് താരം പറ്റിച്ച കഥ പറഞ്ഞ് ഷീല

പ്രവൃത്തി പരിചയം പ്രതിഫലത്തിന്റെ മറ്റൊരു മാനദണ്ഡമായി മാറ്റണമെന്നും അപർണ ബാലമുരളി പറഞ്ഞു. രാഷ്ട്രീയ കൃത്യത സിനിമാ തിരക്കഥകളിൽ പാലിക്കപ്പെടെണ്ടതുണ്ട്. തെറ്റായ കാര്യങ്ങളെ മഹത്വവത്കരിക്കുന്ന സിനിമകൾ തെരഞ്ഞെടുക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയമാണ്.

സിനിമകളിലൂടെ നൽകുന്ന സന്ദേശമാണ് കാഴ്ചകാർ സ്വീകരിക്കുന്നത്. അതുകൊണ്ട് സിനിമയിലൂടെ നല്ല സന്ദേശം നൽകാനാണ് ശ്രമിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രി ആർ ബിന്ദു അപർണ ബാലമുരളിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisement