അതിനി വിശ്വാസമായാലും അന്ധവിശ്വാസമായാലും സിനിമാർക്കിടയിൽ ചില പ്രത്യക വിശ്വാസങ്ങൾ നിനലനിൽക്കുന്നുണ്ട്. അത് സിനിമയുടെ പൂജ മുതൽ സിനിമയ്ക്ക് പേരിടുന്നതിലും വരെയുണ്ട്. എന്തിനേറെ പറയുന്നു താരങ്ങളുടേയും സംവിധായകരുടേയും പേരിലും സ്‌പെല്ലിങ്ങിലും വരെ അത്ര വിശ്വാസങ്ങൾ ഉണ്ട്.
ഉദാഹരണത്തിന് സംവിധായകൻ ഫാസിലിൻ തന്റെ ചിത്രങ്ങളുടെ പേര് അവസാനിക്കുന്നത് ചന്ദ്രക്കല അടയാളത്തിൽ ആണെങ്കിൽ സൂപ്പർഹിറ്റാവും എന്ന വിശ്വാസമുണ്ടായിരുന്നു. അതേ പോലെ ജോഷി ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയത് തന്റെ പേരിന്റെ സ്‌പെല്ലിങ്ങ് മാറ്റിയാണ്.
അതേ പോലെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കരഞ്ഞാൽ പടം പണം വാരും എന്നത് സിനിമാക്കാർക്ക് ഇടയിൽ പരക്കെയുള്ള ഒരു വിശ്വാസമാണ്. മമ്മൂട്ടിയുടെ കരഞ്ഞഭിനയിക്കുന്ന സെൻറിമെന്റ്‌സ് സീനുകൾ സിനിമയിലുണ്ടെങ്കിൽ പടം വമ്പൻ ഹിറ്റാകും.
ക്ലൈമാക്‌സിൽ മമ്മൂട്ടിയുടെ കണ്ണുകൾ നിറയുന്ന രംഗങ്ങൾ ഉണ്ടെങ്കിൽ ആ സിനിമ തരംഗം തന്നെ സൃഷ്ടിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അതാണ് മലയാള സിനിമയിലെ ഒരു രീതി.
ക്ലൈമാക്‌സിൽ മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയപ്പോൾ ‘കഥ പറയുമ്പോൾ’ എന്ന സിനിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് നമ്മൾ കണ്ടതാണ്.
കഥ പറയുമ്പോൾ മാത്രമല്ല, നിറക്കൂട്ട്, യാത്ര, അമരം, പപ്പയുടെ സ്വന്തം അപ്പൂസ്, വാത്സല്യം, സന്ദർഭം, തനിയാവർത്തനം, കാഴ്ച, കൗരവർ തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ. ഏറ്റവു അവസാനം പേരൻപ് വരെയെത്തിനിൽക്കുന്നു ഈ സെന്റിമെന്റ്‌സ് ഹിറ്റുകൾ.
ക്ലൈമാക്‌സ് വരെ വെറും സാധാരണ സിനിമയായിരുന്ന കഥ പറയുമ്പോൾ ക്ലൈമാക്‌സിൽ മമ്മൂട്ടി കരഞ്ഞതോടെ മെഗാഹിറ്റായി മാറുകയായിരുന്നു. മമ്മൂട്ടി കരഞ്ഞാൽ പടം ഹിറ്റാകും എന്നതിന് ഒരു കാരണം കൂടിയുണ്ട്.
കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഒരു കുടുംബാംഗത്തേപ്പോലെ ഏവർക്കും പ്രിയപ്പെട്ടവൻ. ആ മമ്മൂട്ടി കരഞ്ഞാൽ സ്ത്രീകളും കുട്ടികളും കരയുമെന്ന് തീർച്ച. അതോടെ പടം ഫാമിലി ഹിറ്റായി മാറുന്നു. ഹൃദയം അലിയിപ്പിക്കുന്ന വൈകാരികരംഗങ്ങൾ ഇത്രയും ഗംഭീരമാക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ലെന്നുതന്നെ പറയാം!