മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ‘ഉണ്ട’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ താൻ തൃപ്തനല്ലെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ. ചിത്രത്തിന്റെ നിർമ്മാതാവിനെതിരെയാണ് ഖാലിദിന്റെ ആരോപണങ്ങളുടെ മുന നീളുന്നത്.
മറ്റൊരു നിർമ്മാതാവ് ആയിരുന്നെങ്കിൽ ചിത്രം കുറേക്കൂടി നന്നാവുമായിരുന്നുവെന്നും ക്ലമാക്സ് അങ്ങനെ ചെയ്യേണ്ടി വന്നതാണെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു ഖാലിദിന്റെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് എ ക്വസ്റ്റ്യൻ’ ഫീച്ചർ ഉപയോഗിച്ച് ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട എന്ന ചിത്രം. ജെമിനി സ്റ്റുഡിയോസിൻറെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമിച്ച ഉണ്ടയിൽ സബ് ഇൻസ്പെക്ടർ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എന്നാൽ സിനിമയുടെ സംവിധായകനായ ഖാലിദ് റഹ്മാൻ ഇപ്പോൾ തന്റെ സിനിമയിൽ തൃപ്തനല്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിലാണ് ഖാലിദ് റഹ്മാൻ തന്റെ സിനിമയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.തന്റെ വിയോജിപ്പുകൾക്ക് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കാത്ത സംവിധായകൻ ഖാലിദ് അവ്യക്തതകളോടെയാണ് മറുപടികൾ നൽകിയിട്ടുള്ളത്. നിർമ്മാതാവ് മറ്റൊരാളായിരുന്നെങ്കിൽ സിനിമ മികച്ചതാകുമായിരുന്നു എന്നും ഇപ്പോൾ തീയറ്ററിലിറങ്ങിയ ‘ഉണ്ട’യിൽ തൃപ്തനല്ലെന്നും സംവിധായകൻ ഖാലിദ് റഹ്മാൻ പറഞ്ഞു.
ഉണ്ടയുടെ നിർമ്മാതാവ് ഇപ്പോൾ ‘ഹാപ്പിയാണോ’ എന്ന ചോദ്യത്തോട് സാധ്യതയില്ലായെന്നാണ് ഖാലിദ് നൽകുന്ന മറുപടി. ഉണ്ടയാണോ അനുരാഗകരിക്കിൻ വെള്ളമാണോ ചെയ്തതിൽ ഇഷ്ടപ്പെട്ട സിനിമ എന്നതിന് അനുരാഗകരിക്കിൻ വെള്ളമാണ് എന്ന മറുപടിയാണ് ഖാലിദ് നൽകുന്നത്. ഉണ്ടയുടെ ക്ലൈമാക്സിൽ തൃപ്തനല്ല എന്നും ‘ഒന്നും ഓർമ്മിപ്പിക്കല്ലേ അത് ചെയ്തല്ലേ മതിയാകൂ’ എന്നുമാണ് ഖാലിദ് നൽകുന്ന ഉത്തരം.