ഒരു കാലത്ത് മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സൃഷ്ടിച്ച കൂട്ടുകെട്ടായിരുന്നു മോഹൻലാൽ ശ്രീനിവസൻ കൂട്ടുകെട്ട്. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ സൂപ്പർ സംവിധായകരെല്ലാം ശ്രീനിവാസന്റെ രചനയിൽ മോഹൻലാലിനേയും ശ്രീനിവാസനേയും പ്രധാന കഥാപാത്രങ്ങൾ ആക്കി സിനിമകൾ എടുത്തിരുന്നു.
പിന്നീട് എറെക്കാലത്തിന് ശേഷം റോഷൻ ആൻഡ്രൂസിന്റെ ഉദയനാണ് താരം എന്ന സിനിമയിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരുന്നു. എന്നാൽ ഉദയനാണ് താരത്തില സരോജ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത പത്മിശ്രി ഡോ. ഭരത് സരോജ് കുമാർ എന്ന ചിത്രം മോഹൻലാലിനെ പരഹിസിക്കുന്നതായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു.
അതേ സമയം ഈ ചിത്രത്തിലൂടെ ശ്രീനിവാസൻ തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത് . കൈരളി ടിവിയിലെ ജെബി ജംങ്ഷൻ എന്ന പരിപാടിയിൽ ആടിരുന്നു മോഹൻലാലിന്റെ തുറന്നുപറച്ചിൽ.
സരോജ് കുമാർ എന്ന ചിത്രത്തിലൂടെ മോഹൻലാലിനെ ശ്രീനിവാസൻ പരിഹസിക്കുകയായിരുന്നോയെന്നും സിനിമയിലെ സരോജ് കുമാറിന്റെ കഥാപാത്രം മോഹൻലാലിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നോ എന്നുമായിരുന്നു അവതാരകന്റെ ചോദ്യം. എന്നാൽ ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താൻ ചിന്തിച്ചാൽ പോരെയെന്നാണ് മോഹൻലാൽ ചോദിക്കുന്നത്. താനും ശ്രീനിവാസനും തമ്മിൽ പിണക്കമൊന്നുമില്ലെന്നും മോഹൻലാൽ പറയുന്നു.
ഉദയനാണ് താരത്തിന് ശേഷം ഞങ്ങൾക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് ഞാൻ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പണ്ടും ശ്രീനിവാസനെ എല്ലാ ദിവസവും വിളിച്ച് ഫോണിൽ സംസാരിക്കുന്നയാളല്ല ഞാൻ. ഞങ്ങൾ നല്ല ഫലിതങ്ങൾ പറയുന്നവരാണ്. സരോജ് കുമാറിന് തൊട്ടുമുമ്പ് പോലും ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തിരുന്നു.
ഒരു നാൾ വരും എന്ന ചിത്രം. ഒരു സിനിമ അദ്ദേഹത്തിന് ചെയ്യണമെന്ന് തോന്നിയാൽ അദ്ദേഹമത് ചെയ്യുന്നതു കൊണ്ടെന്താ. ശ്രീനിവാസൻ തന്നെ അപമാനിക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്ത സിനിമയാണ് സരോജ് കുമാർ എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.
തന്നെക്കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ലെന്നാണ് താൻ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേർ തന്നോട് ഇതിനെക്കുറിച്ചെല്ലാം ചോദിച്ചിരുന്നുവെന്നും എന്നാൽ അതിനൊന്നും പ്രതികരിക്കാൻ പോയില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.