മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പുമായി വന്ന കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും വലിയ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയ്ക്കാണ് ടിഎസ് സുരേഷ് ബാബു അറിയപ്പെടുന്നത്. എന്നാൽ വേറെയും മികച്ച കുറേ സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം.
കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, പാളയം, സ്റ്റാലിൻ ശിവദാസ് തുടങ്ങി വമ്പൻ ഹിറ്റുകൾ പലതും അദ്ദേഹത്തിന്റെ പേരിലുണ്ട്. പ്രായിക്കര പാപ്പാൻ എന്ന ഒരു സിനിമയും മുരളിയെ പ്രധാന കഥാപാത്രമാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്തിരുന്നു. 25 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രം വലിയ വിജയം നേടിയിരുന്നില്ല.
പ്രായിക്കര പാപ്പനായി വളരെ മികച്ച പ്രകടനമാണ് നടൻ മുരളി കാഴ്ച്ചവെച്ചത്. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മുരളി നായക വേഷം പണ്ട് കാലത്ത് കൈകാര്യം ചെയ്തിരുന്നത്. എന്നാലിപ്പോഴിതാ പ്രായിക്കരപാപ്പാനായി താൻ മനസിൽ കണ്ടത് മോഹൻലാലിനെ ആയിരുന്നു എന്ന് സംവിധായകൻ ടിഎസ് സുരേഷ് ബാബു മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
Also Read
ആത്മാർത്ഥമായി പരിശ്രമിച്ചു; എന്നിട്ടും പരാജയപ്പെട്ടു; ഉള്ളിലെ വിഷമം തുറന്നുപറഞ്ഞ് നടി മധുബാല
ഒരു അഭിമുഖത്തിൽ ആയിരുന്നു ടിഎസ് സുരേഷ് ബാബു തുറന്ന് പറച്ചിൽ നടത്തിയത്. 1995 ൽ ആണ് മുരളിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു പ്രായിക്കര പാപ്പാൻ ഒരുക്കിയയത്. മോഹൻലാലിനെ നായകനാക്കി കൊമേഴ്സ്യൽ രീതിയിൽ ചിത്രീകരിച്ചിരുന്നെങ്കിൽ മറ്റൊരു തലത്തിലേക്ക് ചിത്രം പോയേനേ എന്നാണ് സുരേഷ് ബാബു പറയുന്നത്.
സിനിമയുടെ തിരക്കഥാകൃത്തായ ഷാജി പാണ്ഡവത്തിന് മുരളിയെ വെച്ച് സിനിമ ചെയ്യാനായിരുന്നു താൽപര്യം. മാത്രമല്ല ആദ്യമേ മുരളിയെ കഥ കേൾപ്പിച്ചത് മൂലം അദ്ദേഹവുമായി മുന്നോട്ടു പോകുകയായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്.
പ്രായിക്കര പാപ്പാന് ആദ്യം വാരിക്കുഴി എന്നായിരുന്നു പേര് നൽകിയത്. മുരളിയെ കൂടാതെ ജഗദീഷ്, മധു, ഗണേഷ് കുമാർ, മാമുക്കോയ, കുതിരവട്ടം പപ്പു, ചിപ്പി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. പത്തനം തിട്ടയിലെ കോന്നി ആയിരുന്നു പ്രധാന ലൊക്കേഷൻ.
അതേ സമയം പ്രായിക്കര പാപ്പാൻ എന്ന ചിത്രത്തിൽ ജഗദീഷ് പാടുന്ന ഒരു പാട്ട് ആദ്യം ഇട്ടത് മോഹൻലാലിന്റെ കാറിൽ ആയിരുന്നു എന്ന് സുരേഷ് ബാബു വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ താൻ ആ ചിത്രം ചെയ്‌തേനെ എന്ന് മോഹൻലാൽ അന്ന് പറഞ്ഞിരുന്നു എന്ന് സുരേഷ് ബാബു വ്യക്തമാക്കുന്നു.