മലയാള സിനിമയിലെ സൂപ്പർസ്റ്റാറും ബിജെപിയുടെ രാജ്യസഭാ എംപിയുമാണ് നടൻ സുരേഷ് ഗോപി. കേരളത്തിലെ ബിജെപിയുടെ ഏറ്റവും വിലകൂടിയ താരമായ സുരേഷ് ഗോപി ഇക്കഴിഞ്ഞ കേരളാ നിയമസഭാ തിരഞെടുപ്പിൽ തൃശ്ശുരിൽ നിന്നും മൽസരിച്ചിരുന്നു.
അതേ സമയം നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്.
ഇപ്പോളിതാ സിനിമ ജീവിതത്തിൽ നിന്നും തനിക്ക് ലഭിച്ച കുഞ്ഞനുജത്തിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള അതിലുപരി മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള നടി ജോമോളെ കുറിച്ചാണ് സുരേഷ് ഗോപി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
ഒരു മാധ്യാമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം മലയാള സിനിമയിലെ മികച്ച ഒരു നായിക കൂടിയായ ജോമോളെ കുറിച്ച് ഹൃദ്യമായ അനുഭവം പങ്കുവെച്ചത്. സുരേഷ്‌ഗോപിയുടെ വാക്കുകൾ ഇങ്ങനെ:
ജോമോൾ എന്ന ഗൗരിയെക്കുറിച്ച് ഓർക്കുമ്പോൾ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയാണ് മനസ്സിൽ വരുന്നത്. 1988 തൃത്താല പുഴ, ചുട്ടുപൊള്ളുന്ന പുഴമണലിൽകൂടി പല്ലക്കിലിരുന്ന് പോകുന്ന ഒരു ഉണ്ടക്കണ്ണിയായിട്ടാണ് ഞാൻ ആദ്യമായി ഗൗരിയെ കാണുന്നത്.
അന്ന് ഗൗരിയെ കാണുമ്പോൾ ഭയങ്കര കൗതുകം തോന്നും, സാധാരണ കുട്ടികളിൽ കാണാൻ പറ്റാത്ത ഒരു മുഖം, വല്ലാത്തൊരു ഭംഗി. അതിലുപരി മനോഹരമായ ചിരി. ഇതൊക്കെ ഭയങ്കരമായിട്ട് ആകർഷിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞു 90 കാലഘട്ടങ്ങളിൽ എന്റെ കുടുംബവും ഗൗരിയുമായി ഭയങ്കര ആത്മ ബന്ധമായി.
എന്റെ ഭാര്യയും മക്കളുമൊക്കെയായി ഗൗരി നല്ല അടുപ്പമായി. എന്റെ ഫാമിലിയിലെ ഒരംഗത്തെ പോലെ നുഴഞ്ഞുകയറിയ സഹോദരിയാണ് ഗൗരി എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.