മലയാള സിനിമയിലെ എണ്ണം പറഞ്ഞ സൂപ്പർ സംവിധായകരിൽ ഒരാളാണ് ഭദ്രൻ മാട്ടേൽ. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിൽ ഒരുക്കിയ ഭദ്രൻ ആരാധകരുടെ പ്രിയപ്പെട്ട സംവിധായകൻ കൂടിയാണ്. അതേ സമയം മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റുകളിൽ ഒന്നായ സ്ഫടികം ഒരുക്കിയതും ഭദ്രൻ ആയിരുന്നു.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആടുതോമയായി പൂണ്ടു വിളയാടിയ സിനിമയായിരുന്നു സ്ഫടികം. മലയാളത്തിൽ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടാണ് മോഹൻലാൽ ഭദ്രൻ ടീം. സ്ഫടികം പോലുളള ഇവരുടെ മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളിൽ ലഭിച്ചത്.
ആദ്യ ചിത്രമായ എന്റെ മോഹങ്ങൾ പൂവണിഞ്ഞു മുതൽ ഭദ്രൻ സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ലാലേട്ടൻ. നായകനായും സഹനടനായുമൊക്കെ ഭദ്രന്റെ സിനിമകളിൽ നടൻ എത്തി. എന്നാൽ ഇന്നും ഇവരുടെ സിനിമകളിൽ പ്രേക്ഷക മനസുകളിൽ നിന്നും മായാതെ നിൽക്കുന്ന ചിത്രം സ്ഫടികം തന്നെയാണ്.
അതേസമയം മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിൽ ഒന്നാണ് അങ്കിൾ ബൺ. 1991ലാണ് ചാർളി ചാക്കോ എന്ന റോളിൽ മോഹൻലാൽ അഭിനയിച്ച ചിത്രം റിലീസ് ചെയ്തത്. 150 കിലോ ഭാരമുളള കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. അങ്കിൾ ബണിലെ ചാർളി മോഹൻലാലിന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ്.
ഖുശ്ബു, ചാർമിള, നെടുമുടി വേണു, റാണി, മോണിക്ക, ഫിലോമിന, ശാന്തകുമാരി, സുകുമാരി, മാള അരവിന്ദൻ ഉൾപ്പെടെയുളള താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. 1989ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി ചിത്രം അങ്കിൾ ബക്കിൽ നിന്നും പ്രചോദനമുൾകൊണ്ട് ഒരുക്കിയ സിനിമ കൂടിയാണ് അങ്കിൾ ബൺ.
അതേസമയം അങ്കിൾ ബൺ കോപ്പിയടിച്ചതാണെന്ന ആരോപണത്തെ കുറിച്ച് ഒരഭിമുഖത്തിൽ സംവിധായകൻ ഭദ്രൻ മനസുതുറന്നിരുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭദ്രൻ സിനിമയെ കുറിച്ച് സംസാരിച്ചത്. അങ്കിൾ ബൺ ഒരു ഇംഗ്ലീഷ് സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ചെയ്ത സിനിമയായിരുന്നു. അതിന്റെ കഥ എന്നോട് പറഞ്ഞത് സിനിമയുടെ നിർമ്മാതാവാണ്.
150 കിലോ ഭാരമുളള ഒരു തടിയൻ ചാർളി അങ്കിളും അയാൾക്കൊപ്പം മൂന്ന് പിളേളരും എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് ആ സിനിമ ചെയ്യാൻ ഭയങ്കര താൽപര്യം തോന്നി. സത്യത്തിൽ ഞാൻ ആ ചിത്രത്തിന്റെ ഇംഗ്ലീഷ് വേർഷൻ ഇതുവരെയും കണ്ടിട്ടില്ല. എന്നിട്ടും സിനിമ ചെയ്ത് കഴിഞ്ഞ് എന്റെ പേരിൽ ചില ആരോപണങ്ങൾ വന്നു.
ഒരേ രീതിയിലുളള പ്രമേയം സിനിമയാക്കുമ്പോൾ ഒരേ രീതിയിലുളള ചിന്തയും സംഭവിച്ചേക്കാം. അങ്ങനെയാവും ആ സിനിമയുമായി സാദൃശ്യം വന്നത്. അല്ലാതെ ആ സിനിമ കണ്ടിട്ടില്ല ഞാൻ അങ്കിൾ ബൺ ചെയ്തത്. അഭിമുഖത്തിൽ ഭദ്രൻ വ്യക്തമാക്കി. അതേസമയം 2005ൽ പുറത്തിറങ്ങിയ ഉടയോൻ ആണ് മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.