ആലപ്പുഴ നിവാസികളുടെ ചിരകാല സ്വപ്‌നം സാക്ഷാത്കരിച്ച് ആലപ്പുഴ ബൈപാസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു ബൈപാസ് ഉത്ഘാടനം ചെയ്തത്. അതേ സമയം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ്സ് പൂർത്തീകരിച്ചത് പിണറായി സർക്കാരിന്റെ നേട്ടമാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്‌സംവിധായകൻ ഫാസിൽ.
ബൈപ്പാസ്സ് പൂർത്തീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഒരു ആലപ്പുഴക്കാരൻ എന്ന നിലയ്ക്ക് ത്രില്ല് അടിച്ചിരിക്കുകയാണെന്നും ഫാസിൽ പറഞ്ഞു. 40 വർഷം എന്ന് പറയുമ്പോൾ ഞാൻ സിനിമയിലേക്ക് വന്ന സമയമാണ്. അവിടം മുതൽ സമാന്തരമായി കാത്തിരിക്കുന്നത്. പണി പൂർത്തീകരിച്ചു എന്നത് തന്നെ വലിയൊരു കാര്യമാണ്. ഏതൊരു ആലപ്പുഴക്കാരന്റെയും സ്വപ്നമാണ് ആ വഴിയിലൂടെ ഒന്നു പോവുക എന്നത്.
വർഷങ്ങൾക്ക് ശേഷം ഞാൻ ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ ആയിരുന്നു. അതുമൂലം പോകാൻ സാധിച്ചില്ല. ഉറപ്പായും പോകും, ഫാസിൽ പറഞ്ഞു. തനിക്ക് ഇതിന്റെ രാഷ്ട്രീയം അറിയില്ല എങ്കിലും ബൈപ്പാസ്സ് പൂർത്തീകരിക്കാൻ ഇത്രയേറെ വർഷങ്ങളെടുത്തത് എന്ത് കൊണ്ട് എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബൈപ്പാസ്സ് പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് ഈ സർക്കാരിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയുടെ എഡിടേഴ്‌സ് അവറിൽ സംസാരിക്കുകയായിരുന്നു ഫാസിൽ. അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ആലപ്പുഴ ബൈപ്പാസ്സ് തുറന്നു കൊടുത്തിരിക്കുന്നത്.
ദേശീയപാത 66ൽ കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ആലപ്പുഴ ബൈപ്പാസ്. ഇതിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 4.8 കിലോമീറ്റർ ആകാശപാത (എലിവേറ്റഡ് ഹൈവേ)യാണ്. മേൽപ്പാലംമാത്രം 3.2 കി.മീ. വരും.
കേരളത്തിലെ ഏറ്റവും വലുതും കടൽത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങൾക്ക് ഇനി ആലപ്പുഴ നഗരത്തിൽ കയറാതെ എളുപ്പത്തിൽ യാത്ര ചെയ്യാം.
കേന്ദ്രസർക്കാർ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയിൽവേയ്ക്ക് നൽകിയതുംകൂടി ചേർത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയിൽ 92 വഴിവിളക്കുകൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 412 വിളക്കുകളുണ്ട്.