ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളം സിനിമ സീരിയൽ രംഗത്ത് സ്ഥാനമുറപ്പിച്ച നടിയാണ് സ്വാസിക വിജയ്. മിനി സ്‌കീൻ ആരാധകർ ഇന്ദ്രന്റെ സീതയായി ഏറ്റെടുത്തപ്പോൾ ബിഗ് സ്‌ക്രീനിൽ ആരാധകർ തേപ്പുകാരി എന്ന ഓമന പേര് നൽകിയാണ് സ്വാസികയെ സ്വീകരിച്ചത്.
അഞ്ചോളം സീരിയലുകളിൽ അഭിനയിച്ച സ്വാസിക പിന്നീട് നിരവധി സിനിമകളിലാണ് അഭിനയിച്ചത്. വാസന്തി എന്ന സിനിമയിലൂടെ ഈ വർഷം മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയുമുണ്ടായി.
ഇപ്പോഴിതാ സീ കേരളം ചാനലിൽ മനം പോലെ മംഗല്യം എന്ന സീരിയലിലൂടെ രണ്ട് വർഷത്തിനുശേഷം മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സ്വാസിക. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ:
നമ്മൾ വർഷങ്ങളായി മലയാള സീരിയലുകളിൽ കണ്ടു വരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാതന്തുവാണ് മനംപോലെ മംഗല്യത്തിന്റേത്. സാധാരണമായി കണ്ടുവരുന്ന സീരിയലുകളിലെപ്പോലെ അമ്മായിമ്മ മരുമകൾ, ഭാര്യ ഭർത്താവ് കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഈ കാലഘട്ടത്തിനു യോജിക്കുന്ന രീതിയിൽ പുരോഗമനപരമായ ആശയം പങ്കുവെക്കുന്ന ഒരു കഥയാണ് മനംപോലെ മംഗല്യത്തിന്റേത്.
രണ്ട് വർഷത്തിന് ശേഷമാണ് ഞാൻ വീണ്ടും സീരിയൽ ചെയ്യുന്നത്. തീർച്ചയായും നല്ലൊരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുയായിരുന്നു. സീരിയലുകളുടെ മേന്മ എന്തെന്നാൽ അതിലെ കഥാപാത്രങ്ങൾ എന്നും എപ്പോഴും ആൾക്കാരുടെ മനസ്സിൽ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇടവേള എടുത്തു എന്ന് തോന്നുന്നില്ല.
കൂടാതെ എന്റെ ആദ്യ സീരിയലിന്റെ ഡയറക്ടറും ഗുരുവും കൂടിയായ എ എം നസീർ സാറിൻറെ സീരിയലിൽ കൂടെ തന്നെ തിരിച്ചു വരാൻ സാധിച്ചതിൽ വളരെയേറെ സന്തോഷമുണ്ട്. മുൻപ് ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ കൂടുതലും എൻറെ യാഥാർഥ്യങ്ങളിൽ നിന്നും മാറി ഒരു കണ്ണീർ നായിക ഇമേജുള്ളവയായിരുന്നു.
പക്ഷെ ഈ സീരിയലിൽ ഈ കാലഘട്ടത്തിനു യോജിക്കുന്ന ചിന്തകളും തീരുമാനങ്ങളും ഉള്ള രസകരമായ ഒരു കഥാപാത്രമാണുള്ളത്. സീരിയലുകളിൽ അങ്ങനെയൊരു കഥാപാത്രം കിട്ടുക എന്നത് വളരെ അപൂർവ്വമാണ്. അതാണ് എന്നെ ഈ കഥാപാത്രം തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിച്ചത്.
സാധാരണയായി ഞാൻ ചെയ്തു വരുന്ന കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് മനം പോലെ മംഗല്യത്തിലേത്. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഈ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷയുണ്ട്.
കൂടുതൽ പേർക്കും നാടൻ കഥാപാത്രമായി എന്നെക്കാണാനാണ് ഇഷ്ടം. പക്ഷെ അതിൽ നിന്നൊക്കെ വ്യത്യസ്തമായാണ് എന്റെ കഥാപാത്രത്തെ ഈ സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും സ്വാസിക വെളിപ്പെടുത്തി.സീ കേരളത്തിൽ മനംപോലെ മംഗല്യം സംപ്രേഷണം ചെയ്യുന്നത് ഈ ഡിസംബർ 28 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 9 മണിക്കാണ്.