മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ സിനിമ മാമാങ്കത്തിന് എതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയതിന് ഏഴു പേർക്കെതിരെ കേസെടുത്തു. സിനിമയുടെ മുൻ സംവിധായകൻ സജീവ് പിള്ള ഉൾപ്പടെയുള്ളവർക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്.
സിനിമയുടെ നിർമ്മാണ കമ്പനി നൽകിയ പരാതിയിലാണ് കേസ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം നിർമിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത് ശങ്കർ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റർ അച്യുതൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കണ്ണൂർ, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമൺ എന്നീ സ്ഥലത്താണ് ചിത്രീകരണം നടന്നത്.
മാമാങ്കം സിനിമക്കെതിരെ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച് നിർമ്മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സിനിമയെ തകർക്കാൻ ചില ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികൾ ക്വട്ടേഷൻ എടുത്തതായി സംശയമുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെ കണ്ടെത്തണം എന്നും ആവശ്യപ്പെട്ടാണ് മാമാങ്കത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആൻറണി ജോസ് പൊലീസിന് പരാതി നൽകിയത്. തിരുവനന്തപുരം റേഞ്ച് ഡി.ഐജിക്കാണ് പരാതി നൽകിയിരുന്നത്.