ഫോട്ടോഗ്രാഫർ സിനിമയിൽ പച്ച പുൽച്ചാടി പാട്ടും പാടി മോഹൻലാലിനൊപ്പം കുസൃതി കാണിച്ച് നടന്ന മണിയെ ഓർമ്മയില്ലെ. മണിക്ക് ഇപ്പോൾ ഇരട്ടി മധുരമാണ്. താൻ നായകനായി അഭിനയിച്ച സിനിമ തിയേറ്ററിൽ എത്താനിരിക്കെ തന്റെ ഇഷ്ട താരത്തിനെ പതിമൂന്ന് വർഷങ്ങൾക്ക് ശേഷം നേരിട്ട് കണ്ടിരിക്കുകയാണ് മണി.
മോഹൻലാലിനെ കാണാൻ ആഗ്രഹമുണ്ടെന്ന് മണി പറഞ്ഞതിന് പിന്നാലെ മണിയെ ലേക്കേഷനിലേക്ക് മോഹൻലാൽ ക്ഷണിക്കുകയായിരുന്നു. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് മണിയെത്തിയത്. വയനാട് സ്വദേശിയായ മണിക്ക് ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചിരുന്നു.
13 വർഷങ്ങൾക്കിപ്പുറം ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്യുന്ന ഉടലാഴം എന്ന സിനിമയിലൂടെയാണ് മണി നായകനായെത്തുന്നത്. ചിത്രത്തിൽ അനുമോളാണ് നായിക. വിമെൻസെസ്, ലാസ്റ്റ് പേജ് എന്നീ ശ്രദ്ധേയ ഡോക്യുമെന്ററി സിനിമകളുടെ സംവിധായകനാണ് ഉണ്ണികൃഷ്ണൻ.
ചിത്രത്തിൽ ജോയ് മാത്യു, ഇന്ദ്രൻസ്, സജിത മഠത്തിൽ, അബു വളയംകുളം, രാജീവ് വെള്ളൂർ, നിലമ്പൂർ ആയിഷ, രമ്യ രാജ്, മഞ്ജു, പ്രിയ, സുനിൽ, സുരേഷ് തിരുവാലി, മഞ്ജു ബാണത്തൂർ തുടങ്ങിയവരും അഭിനയിക്കുന്നു. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനർ.
ബിജിബാൽ പശ്ചാത്തല സംഗീതവും, ഗായിക സിതാര, മിഥുൻ ജയരാജ് എന്നിവർ ചേർന്ന് സംഗീത സംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റർ. ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ എ. മുഹമ്മദാണ് കാമറ.