മലയാളത്തിന്റെ യുവ താരം ആസിഫലി നായകനായി 2019 ൽ പുറത്തിറങ്ങിയ കക്ഷി അമ്മിണിപ്പിളള എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി ഫറ ഷിബ്ല. ഒരു നടി എന്നതിലുപരി താരം ഒരു അവതാരക കൂടിയാണ്.
സോഷ്യൽ മീഡിയയിലും സജീവമാണ് ഫറ ഷിബ് ല. അടുത്തിടെ നടി പങ്കുവെച്ച ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നേരെ സൈബർ അറ്റാക്കുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ടുകൾ തന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്ന് പറയുകയാണ് ഫറ ഷിബ്ല. നടിയുടെ വാക്കുകൾ ഇങ്ങനെ:
ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് താൻ വിശ്വസിക്കുന്നത്. ഓരോ ചിത്രവും മനോഹരമായൊരു പെയ്ന്റിംഗ് പോലെ ആയിരിക്കണം. ഫോട്ടോഷൂട്ടുകൾ നിസ്സംശയമായും നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഒരു കലാകാരി എന്നതിന്റെ ഏറ്റവും വലിയ സൗന്ദര്യം എന്നത് സ്വാതന്ത്ര്യമാണ്.
മഞ്ജു ചേച്ചിയുടെ ഫോട്ടോകളും ഇത് തന്നെയാണ് പറയുന്നതെന്ന് തനിക്ക് തോന്നാറുണ്ട്. ശ്രിന്ദയുടെ ഫോട്ടോഷൂട്ടുകളും തനിക്ക് ഇഷ്ടമാണ്. അവൾ വളരെ ആർട്ടിസ്റ്റിക് ആണ്. നിങ്ങളുടെ ശരീരം തുറന്ന് കാണിക്കുന്നത് തന്നെ ഒരു കലയാണ്. ഞങ്ങൾ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് അവസരം കിട്ടാനല്ല എന്ന് സാനിയ അയ്യപ്പൻ ഈയടുത്ത് പറഞ്ഞത് തനിക്ക് ഇഷ്ടമായി.
ഫോട്ടോഷൂട്ടുകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതിൽ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു താൻ. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബോ ഡി ഷെ യ് മിംഗുകൾ കാരണമായിരുന്നു. പക്ഷെ പതിയെ അതിനെ മറികടന്നു. ഓരോ ഫോട്ടോഷൂട്ടിലൂടേയും ഒരു ബെഞ്ച് മാർക്ക് മറി കടക്കുകയാണെന്നാണ് കരുതുന്നത്.
ഫോട്ടോഷൂട്ടുകളുടെ അനന്തര ഫലം കാണാൻ ഒരുപാട് ഇഷ്ടമാണ്. അത് ഒരുപാട് സന്തോഷം തരുന്നു. എന്ത് ധരിക്കണമെന്നോ ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണം എന്നോ തീരുമാനിക്കുന്നത് കാഴ്ചക്കാരല്ല. അതെല്ലാം നിങ്ങളുടെ ഇഷ്ടമാണ്.
മറ്റുള്ളവർക്ക് അതിലൊന്നുമില്ല. അതേസമയം ഒരു മാധ്യമം തന്നെ താരങ്ങളെ തങ്ങളുടെ ഫോട്ടോഷൂട്ടിന്റെ പേരിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നത് പരിതാപകരമാണ്. ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിക്കാൻ നമ്മളൊക്കെ ശ്രമിക്കുന്ന സമയത്ത്, ഇത്തരം സംഭവങ്ങൾ സമൂഹത്തെ പിന്നോട്ട് നയിക്കുന്നതാണ്.
ഒരു മാധ്യമ സ്ഥാപനം തന്നെ ഇത്തരം ആശയങ്ങൾ ഉയർത്തി കാണിക്കുമ്പോൾ ഒരുപാട് സാധാരണക്കാർ അത് വിശ്വസിക്കുകയും ജീവിതത്തിൽ ആവർത്തിക്കുകയും ചെയ്യുമെന്ന് താരം പറയുന്നു.