നിരവധി സിനിമകളിലൂടെ വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായ മുകേഷ് ഇപ്പോൾ കൊല്ലം എംപി കൂടിയാണ്. കഥകൾ പറയാൻ ഏറെ ഇഷ്ടമുള്ള മുകേഷ് പരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ പഴയകാല അനുഭവ കഥകൾ പറയുന്ന ശീലം കൊണ്ടുനടക്കുന്ന ആൾകൂടിയാണ്.
ഇപ്പോഴിതാ മുകേഷ് സ്പീക്കിംഗ് തന്റെ യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് മുകേഷ്. ചാനലിലെ ആദ്യത്തെ വീഡിയോയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചുള്ളൊരു കഥയാണ്. സൈന്യം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവമാണ് അദ്ദേഹം വിവരിക്കുന്നത്.
മുകേഷിന്റെ വാക്കുകൾ ഇങ്ങനെ:
സൈന്യം ഒരു പട്ടാളക്കഥയാണ് ഇന്ത്യയിലെ വിവിധ പട്ടാളക്ക്യാമ്പുകളിലും സൈന്യം ഷൂട്ട് ചെയ്തു. നമ്മൾ വിചാരിക്കും അദ്ദേഹത്തിന്റെ മനസ് നമ്മൾ സംസാരിക്കുന്നിടത്ത് ആയിരിക്കുമെന്ന്. പക്ഷെ അദ്ദേഹത്തിന്റെ മനസ് അടുത്ത ഷോട്ട് എങ്ങനെയായിരിക്കും അടുത്ത ഡയലോഗ് എങ്ങനെയായിരിക്കും എന്നായിരിക്കും ചിന്തിക്കുന്ന. ഞങ്ങൾ അവിടെ എത്തിയ ആദ്യത്തെ ദിവസമാണ്. അവിടുത്തെ ഓഫീസർ ഒരു മലയാളിയാണ്.
ചിത്രത്തിൽ ഇപ്പഴത്തെ സൂപ്പർ താരം വിക്രം, ദിലീപ്, അന്തരിച്ച അബി അങ്ങനെ ഒരു പുതിയ സംഘം ചെറുപ്പക്കാരുണ്ട്. ഷൂട്ടിംഗ് തുടങ്ങുമ്പോൾ അദ്ദേഹം ഒരു ജൂനിയറെ വിളിച്ചു, ഇവർക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കണം ഒരു കുറവും വരരുതെന്ന് പറഞ്ഞേൽപ്പിച്ചു. അദ്ദേഹവും മലയാളിയാണ്. ഷൂട്ടിംഗ് തുടങ്ങി. മമ്മൂക്കയും ഞാനും അടുത്തത്തടുത്ത് ഇരുന്ന് സംസാരിക്കുമെങ്കിലും സിനിമയെക്കുറിച്ച് മാത്രമായിരിക്കും അത്.
Also Read
അത് ഞാൻ അല്ല, അതൊന്നും എന്റേതല്ല, ആരാധകർക്ക് മുന്നറിയിപ്പുമായി സാന്ത്വനത്തിലെ ‘അഞ്ജലി’ ഗോപികാ അനിൽ
ഈ സമയം ആ ഓഫീസർ വന്ന് എന്ത് ആവശ്യമുണ്ടെങ്കിലും പറയണം എന്ന് പറയുമായിരുന്നു. അങ്ങനെയിരിക്കെ നമ്മുടെ കമാന്റോസ് എല്ലാവരും കൂടെ ഒരു കാര്യം കണ്ടു പിടിച്ചു. അവർ എന്റെയടുത്ത് വന്നു. ചേട്ടാ ഇവിടെയൊരു കാന്റീൻ ഉണ്ട്. അവിടെ സാധനങ്ങൾക്ക് പകുതി വിലയേയുള്ളൂ. ആ ഓഫീസറോട് പറഞ്ഞ് എന്തെങ്കിലും സെറ്റപ്പ് ചെയ്തൂടെ എന്ന് പറഞ്ഞു. നമ്മൾ അതിനല്ലല്ലോ വന്നത് എന്ന് ഞാൻ പറഞ്ഞു.
ഇവിടെ നല്ല ഡ്രിംഗ്സ് കിട്ടും. ചേട്ടൻ ഒന്നു ചോദിച്ചു നോക്കൂ. വൈകുന്നേരും ഒരു ജന്മദിന പാർട്ടി ഉണ്ടല്ലോ അതിന് ചോദിച്ചു നോക്കൂവെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഓഫീസറെ കണ്ട് കാര്യം പറഞ്ഞു. അത് ഞാൻ റെഡിയാക്കി തരാം എന്ന് അദ്ദേഹം പറഞ്ഞു. ബ്രാ ണ്ടി യായിരുന്നു. ഒരു കുപ്പിയ്ക്ക് 100 രൂപയാണെന്ന് പറഞ്ഞു. പുറത്ത് 300 രൂപയാണ്. പാർട്ടിയ്ക്ക് അത് തുറന്നപ്പോൾ അതിന് ബ്രാണ്ടിയുടെ മണമല്ല കോർണിയാക്കിന്റെ മണം.
പിറ്റേദിവസം കമാന്റോസ് ഭയങ്കര ചർച്ചയാണ് ഒരെണ്ണം കൂടി കിട്ടിയാൽ കൊള്ളാം. ഞാൻ ആദ്യം പറ്റില്ലെന്ന് പറഞ്ഞു. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി വീണ്ടും ആ ഓഫീസറെ കണ്ടു. സെലിബ്രേഷൻ ആയത് കൊണ്ട് മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്, നിർബന്ധിച്ചത് കൊണ്ട് ഒരു സിപ്പ് കഴിച്ചു. കഴിച്ചതും കൊള്ളാമല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞങ്ങൾ നിങ്ങളുടെ കാര്യം പറഞ്ഞുവെന്നും ഞാൻ അയാളോട് പറഞ്ഞു.
ഒരു ബോട്ടിലൂടെ കിട്ടുമോ എന്ന് ചോദിച്ചു. ഓ തരാമല്ലോ എന്ന് പറഞ്ഞ് അദ്ദേഹം രണ്ട് കുപ്പി തന്നു. ഇതൊന്നും മമ്മൂക്ക അറിയുന്നില്ല. അടുത്ത ദിവസം ആയപ്പോൾ ഈ ജൂനിയർ ഓഫീസർക്ക് മമ്മൂക്കയോടുള്ള ആരാധനയുടെ ആഴം കൂടി. പുള്ളിയ്ക്ക് ഇത് എങ്ങനെയെങ്കിലും മമ്മൂക്കയെ അറിയിക്കണം. അടുത്ത് വന്ന് കാര്യങ്ങളൊക്കെ ഞാൻ ചെയ്യുന്നുണ്ട് കെട്ടോ എന്ന് പറയും.
ഒരു കാരണവശാലും മമ്മൂക്ക ഇതിൽ നിന്നൊരു സിപ്പ് എടുത്തുവെന്ന് പുറത്ത് പറയരുതെന്ന് ഞാനയാളോട് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഞാനും മമ്മൂക്കയും ഇരിക്കുമ്പോൾ അദ്ദേഹം അവിടേക്ക് വന്നു. എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു. ഞാൻ കിടുങ്ങി എല്ലാം ഓക്കെയാണെന്ന് മമ്മൂക്ക. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം എന്ന് പറഞ്ഞ് അയാൾ പോയി.
അയാൾ എന്താണ് അങ്ങനെ ചോദിച്ചതെന്ന് മമ്മൂക്ക ചോദിക്കുമെന്ന് ഞാൻ കരുതി. അപ്പോൾ മമ്മൂക്ക സംസാരിക്കുന്നത് അടുത്ത രംഗത്തെക്കുറിച്ചായിരുന്നു. ഞാൻ ഓഫീസറെ കണ്ടു. ഇനി ഇങ്ങനെ ചെയ്യരുതേയെന്ന് പറഞ്ഞു. രണ്ട് ബോട്ടിൽ കൂടി വേണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. പിറ്റേദിവസം അദ്ദേഹത്തിന്റെ ആവേശം പിന്നേയും കൂടി. ഞങ്ങൾ നടന്നു വരുമ്പോൾ ഇങ്ങനെ എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചു.
എല്ലാം നല്ലതായിരുന്നുവെന്ന് മമ്മൂക്കയും. നല്ലതാ എന്നായി ഓഫീസർ. നല്ലത് തന്നെ എന്ന് മമ്മൂക്കയും. ഇപ്രാവശ്യം എങ്കിലും എന്താണ് സംഭവമെന്ന് മമ്മൂക്ക ചോദിക്കുമെന്ന് ഞാൻ കരുതി. പക്ഷെ മമ്മൂക്ക സംസാരിച്ചത് അവസാനം എടുത്ത ഷോട്ടിനെക്കുറിച്ചായിരുന്നു. വീണ്ടും സിനിമയിലേക്ക്.മൂന്നാമത്തെ ദിവസം ഞാനയാളെ വീണ്ടും കണ്ടു. ഇങ്ങനെയാണെങ്കിൽ അയാളുടെ സഹായങ്ങളൊന്നും വേണ്ടെന്ന് പറയാൻ പറഞ്ഞുവെന്ന് പറഞ്ഞു.
ഒന്നും മിണ്ടത്തില്ലെന്നായി ഓഫീസർ. കുറച്ച് കഴിഞ്ഞ് ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് അയാൾ വന്നു. കുറച്ച് പുതിയ സാധനങ്ങൾ വന്നിട്ടുണ്ട്. എല്ലാം നല്ല ഇനമാണ്. എന്തെങ്കിലും വേണമെങ്കിൽ റെഡിയാണ് എന്ന് പറഞ്ഞു. എന്താവശ്യം ഉണ്ടെങ്കിലും ഞങ്ങൾ ചോദിക്കും കെട്ടോ എന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ പോയി. അപ്പോഴും മമ്മൂക്ക ഒന്നും ചോദിക്കുന്നില്ല.
അങ്ങനെ ഷൂട്ടിംഗിന്റെ അവസാന ദിവസമായി. ഓഫീസർ വന്നു. കാറിനകത്തേക്ക് വെക്കട്ടേയെന്ന് ചോദിച്ചു. മമ്മൂക്ക അയ്യോ വേണ്ടാന്ന് പറഞ്ഞു. ഓഫീസർ പോയതും അയാൾ എന്താണ് അങ്ങനെ ചോദിച്ചതെന്ന് മമ്മൂക്ക ആദ്യമായിട്ട് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു പുള്ളിയ്ക്ക് ആത്മാർത്ഥ കൂടിപ്പോയിട്ടാണ്. ജ്യൂസ് അടിക്കുന്ന മിക്സി രണ്ടെണ്ണം മമ്മൂക്കയ്ക്ക് കൊടുത്തു വിടട്ടെ എന്ന് ഇന്നലെ എന്നോട് ചോദിച്ചിരുന്നു.
പക്ഷെ മമ്മൂക്കയുടെ വീട്ടിൽ 200 മിക്സിയുണ്ടെന്ന് ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ നീ എന്തിനാണ് 200 മിക്സി എന്നൊക്കെ പറയാൻ പോയതെന്നായി മമ്മൂക്കി. നൂറ് എന്ന് പറഞ്ഞിരുന്നുവെങ്കിൽ കാറിൽ വച്ചേനെ എന്ന് ഞാൻ ഉത്തരം കൊടുത്തു. മിക്സിയൊന്നും നമുക്ക് വേണ്ട എന്നായി മമ്മൂക്ക.
Also Read
അങ്ങനെയൊരു വിചിത്ര സ്വഭാവം കരീനയ്ക്ക് ഉണ്ട്, കിടപ്പുമുറിയിലെ ആ രഹസ്യം പരസ്യമാക്കി സെയ്ഫ് അലിഖാൻ
പോകുമ്പോൾ ഞാൻ ഒരു മിക്സി വേണമെന്ന് അയാളോട് പറഞ്ഞിട്ടുണ്ടെന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു. നീ ഒരെണ്ണം വാങ്ങിക്കോ എന്നിട്ട് ജ്യൂസ് അടിച്ച് കുടിക്ക്. ഒരു സിനിമാ താരത്തിന്റെ ഗ്ലാമർ ഒക്കെ വരട്ടെ എന്നായി മമ്മൂക്ക. അതെ അതുകൊണ്ട് ഒരെണ്ണം എന്തായാലും വാങ്ങുമെന്ന് ഞാനും. അങ്ങനെ പോകാൻ നേരം ഇതേപോലെയുള്ള ക്യാന്റീൻ നാട്ടിലുമുണ്ടെന്നും എന്ത് വേണമെങ്കിലും പറയണമെന്ന് ആ ഓഫീസർ പറഞ്ഞു.
എല്ലാം രഹസ്യമായിരിക്കുമെന്നും പറഞ്ഞു. അതെന്താണ് രഹസ്യമെന്ന് മമ്മൂക്ക ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു എല്ലാവരും അറിയില്ലെ മിക്സിയുടെ കാര്യം അതാണെന്ന്. ഏയ് അതിൽ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് മമ്മൂക്ക റ്റാറ്റയൊക്കെ കൊടുത്ത് അവിടെ നിന്നും പോന്നു. അങ്ങനെ തലനാരിഴയ്ക്ക് ഞങ്ങൾ രക്ഷപ്പെട്ടു. പിന്നീട് ഞാൻ അദ്ദേഹത്തോട് ഒരു സംശയവും തോന്നുന്നില്ലേയെന്ന് ചോദിച്ചു. എന്താണ് കാര്യമെന്ന് മമ്മൂക്ക ചോദിച്ചു.
ഒന്നും തോന്നിയില്ലല്ലോ എന്നാൽ അങ്ങനെ തന്നെയിരിക്കട്ടെ എന്ന് ഞാൻ പറഞ്ഞു. ഇന്ന് ഇപ്പോൾ ഈ കഥ പറയുമ്പോഴായിരിക്കും, ഒരു തുള്ളി പോലും കഴിക്കാത്ത ഫുൾ ടൈം സിനിമ മാത്രം ചിന്തിക്കുന്ന അദ്ദേഹത്തിന്റെ പേരിൽ ഞങ്ങൾ അന്ന് കുറേ കുപ്പികൾ വാങ്ങിച്ചെന്ന് അദ്ദേഹം അറിയുന്നത്. മമ്മൂക്ക മാപ്പ്. എന്നു പറഞ്ഞാണ് മുകേഷ് കഥ അവസാനിപ്പിക്കുന്നത്.