ഒരുകാലത്ത് മലയാള സിനിമയിൽ നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭ ആണ് ബാലചന്ദ്ര മേനോൻ. സൂപ്പർഹിറ്റുകളായ നിരവധി കുടുംബ ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ശോഭന, പാർവ്വതി, നന്ദിനി, ആനി തുടങ്ങി നിരവധി സൂപ്പർ നായികമാരെ മലയാളത്തിന് സമ്മാനിച്ചതും അദ്ദേഹമാണ്.
എൺപതുകളിലും തൊണ്ണൂറുകളിലുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിന്ന ബാലചന്ദ്ര മേനോൻ സിനിമയിൽ നിന്ന് വളരെ നല്ല കുറെ സുഹൃത്തുക്കളെയും സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു അന്തരിച്ച നടൻ സുകുമാരൻ.
ഉത്രാടരാത്രി, രാധ എന്ന പെൺകുട്ടി, കലിക, ഇഷ്ടമാണ് പക്ഷേ, തുടങ്ങി നിരവധി സിനിമകൾ മലയാളത്തിന് സമ്മാനിച്ച് കൂട്ടുകെട്ടാണ് ഇവരുടേത്. ഇപ്പോഴിതാ, സുകുമാരനെ കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെക്കുകയാണ് ബാലചന്ദ്ര മേനോൻ. സുകുമാരനുമായുള്ള സൗഹൃദത്തെ കുറിച്ചും ഒരിക്കൽ മക്കളായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് അദ്ദേഹം പറഞ്ഞതുമാണ് ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്.
കലാകൗമുദിയിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. സുകുമാരനും ഞാനും തമ്മിൽ നല്ല ചേർച്ചയായിരുന്നു. ഊടും പാവും പോലെയായിരുന്നു ഞങ്ങളുടെ യോജിപ്പ്. ഞാൻ എഴുതിയ ഡയലോഗുകൾ സുകുമാരൻ പറഞ്ഞപ്പോൾ അത് അങ്ങേയറ്റം സ്വഭാവികമായി പ്രേക്ഷകർക്ക് തോന്നി.
എന്റെ സിനിമയിലെ ഡയലോഗുകൾ സുകുമാരന്റെ സ്വയം രചനയാണെന്ന് വരെ ജനങ്ങൾ വിശ്വസിച്ചു. സുകുമാരൻ മരിച്ചപ്പോൾ ഞാൻ പറഞ്ഞത് യേശുദാസിന്റെ പാട്ടും സുകുമാരന്റെ സംഭാഷണവും എനിക്ക് ഒരുപോലെ ഇഷ്ടമാണെന്നാണ്
ഡയലോഗുകൾ പറയുമ്‌ബോൾ അദ്ദേഹം കൊണ്ടുവരുന്ന വ്യക്തതയും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഒപ്പം ഡബ്ബ് ചെയ്യാനുള്ള വേഗതയും.
ഷർട്ടൂരി, ഡബ്ബ് ചെയ്യുന്ന മൈക്കിന് മുന്നിൽ സുകുമാരൻ ഇരിക്കുന്നത് ഒരു ഗുസ്തിക്കാരന്റെ ഉണർവോടെയും വീറോടെയും ആയിരിക്കും. ഏറ്റവും വേഗത്തിൽ ഡബ്ബിങ് പൂർത്തിയാക്കുന്ന ആർട്ടിസ്റ്റുകളിൽ ഒരാളായിട്ടാണ് ഞാൻ സുകുമാരനെ കാണുന്നതെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.
അതേ സമയം മക്കളെ കുറിച്ച് സുകുമാരൻ ഒരിക്കെ അമ്മയോഗത്തിൽ വെച്ച് തമാശയായി പറഞ്ഞതും ബാലചന്ദ്ര മേനോൻ ഓർക്കുന്നു. അമ്മ താരസംഘടനയുടെ മീറ്റിങ്ങുകളിൽ ആദ്യം മുതലേ സുകുമാരൻ സജീവമായി പങ്കെടുത്തിരുന്നു. ഒരു ദിവസം അദ്ദേഹം ജനറൽ ബോഡി മീറ്റിങ്ങിന് വന്നത് രണ്ടു കൈകളിലായി തന്റെ രണ്ടു ആൺമക്കളെയും പിടിച്ചു കൊണ്ടാണ്.
അതായത് ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനേയും. അത് കണ്ടപ്പോൾ, ഇവർ പിള്ളേരല്ലേ സുകുമാരൻ ഇവരെ എന്തിനാണ് ഇവിടെ കൊണ്ടുവന്നതെന്ന് ഞാൻ ചോദിച്ചു. ഉടൻ സുകുമാരൻ തിരിച്ചടിച്ചു. എന്റെ കാലം കഴിഞ്ഞാലും നാളെ രണ്ട് സൂപ്പർ സ്റ്റാർസുകളെ വേണ്ടേ ആശാനേ നിങ്ങൾക്ക്, അതിനു വേണ്ടി കൊണ്ടുവന്നതാണ് ഞാൻ എന്ന് അദ്ദേഹം പറഞ്ഞതെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.
1997 ജൂൺ 16 ന് ആണ് സുകുമാരൻ അന്തരിക്കുന്നത്. 25 വർഷങ്ങൾക്ക് ഇപ്പുറം അദ്ദേഹത്തിന്റെ രണ്ടു മക്കളും ഇന്ന് മലയാള സിനിമയിലെ സൂപ്പർ താരങ്ങളായി തിളങ്ങുകയാണ്. അതിൽ പൃഥ്വിരാജാവട്ടെ നടൻ എന്നതിൽ ഉപരിയായി സംവിധായകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്ന നിലയിലൊക്കെ ശക്തനായി മാറിയിരിക്കുകയാണ്.
Also Read
അയാൾ അങ്ങനത്തെ ഒരാൾ ആയിരുന്നു, സംവിധായകൻ മുഖത്തടിച്ചതിനെ കുറിച്ച് പത്മപ്രിയ വെളിപ്പെടുത്തുന്നു