ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലെത്തുകയും ഇന്ന് നായക വേഷത്തിലെത്തി വലിയ ഒരു സൂപ്പർ താര പരിവേഷം സൃഷ്ടിച്ചെടുത്ത സൂപ്പർ താരമാണ് ജോജു ജോർജ്ജ്.
മലയാളത്തിന്റെ ഹിറ്റ് ക്രാഫ്റ്റ്മാൻ ജോഷിയുടെ പുതിയ ചിത്രമായ ‘പൊറിഞ്ചു മറിയം ജോസിൽ’ ടൈറ്റിൽ റോളായ ‘പൊറിഞ്ചു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടുമ്പോൾ ജോഷിയുടെ തന്നെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച അനുഭവം പങ്കിടുകയാണ് ജോജു.
മോഹൻലാൽ ചിത്രമായ ‘പ്രജ’ എന്ന സിനിമയിൽ ഒരു വേഷം ചെയ്തപ്പോൾ ജോഷിയുടെ കയ്യിൽ നിന്ന് വഴക്ക് കേട്ട അനുഭവമാണ് ഒരു സ്വാകാര്യ എഫ്എം ചാനലിനു നൽകിയ അഭിമുഖത്തിൽ ജോജു പങ്കുവെച്ചത്. ‘പ്രജ’ എന്ന ചിത്രത്തിൽ ഒരു പോലീസുകാരന്റെ വേഷമുണ്ടായിരുന്നു. സിനിമയിൽ എങ്ങനെയെങ്കിലും മുഖം കാണിക്കണമെന്ന് ആഗ്രഹം തോന്നിയപ്പോൾ കിട്ടിയ വേഷം.
എൻഎഫ് വർഗീസ് ചേട്ടന്റെ കഥാപാത്രത്തെ സല്യൂട്ട് ചെയ്യുന്ന ഷോട്ട് ആണ്, കുറെ പോലീസുകാർക്കൊപ്പം വന്നു സല്യൂട്ട് ചെയ്യുന്ന ഒരു സീൻ അല്ലാതെ ഒന്നുമില്ല. ഷോട്ട് എടുക്കുമ്പോൾ എന്റെ സല്യൂട്ട് കൊണ്ട്
എൻഎഫ് വർഗീസ് ചേട്ടന്റെ മുഖം മറഞ്ഞു പോയി അത് കൊണ്ട് ആ ടേക്ക് വീണ്ടും എടുക്കേണ്ടി വന്നു. അങ്ങനെ സംഭവിച്ചപ്പോൾ ജോഷി സാറിന്റെ കയ്യിൽ നിന്ന് വഴക്ക് കേട്ടിരുന്നു. ഇന്ന് അതെ സാറിന്റെ സിനിമയിൽ നായകനായി അഭിനയിച്ചപ്പോൾ എനിക്ക് ഇരട്ട കുട്ടികളുണ്ടായപ്പോൾ തോന്നിയ അതേ സന്തോഷമാണ് തോന്നുന്നത്, ജോജു പറയുന്നു.