മലയാളചത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഇന്ത്യൻ സിനിമയിലെ സൂപ്പർ സംവിധായകനായ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ വർഷം മാർച്ച് മുതൽ റിലീസ് നോക്കിയിരിക്കുന്ന ഈ ചിത്രം പുറത്തിറങ്ങുന്നതിന് തടസ്സമായിരിക്കുന്നത് കോവിഡ് പ്രതിസന്ധിയാണ്.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിന് പുറമേ പ്രഭു, അർജുൻ, സുനിൽഷെട്ടി തുടങ്ങിയ തെന്നിന്ത്യൻ, ബോളിവുഡ് സൂപ്പർതാരങ്ങളും വേഷമിടുന്നുണ്ട്.
ലേഡി സൂപ്പർതാരം മഞ്ജു വാര്യർ നായികയായി എത്തുന്ന ഈ ചിത്രത്തിൽ മോഹൻലാലിന്റെ മകനും യുവതാരവുമായ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സിനിമ കൂടിയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ മരക്കാർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നണ് നിർമ്മിച്ചിരിക്കുകന്നത്. ഈ ചിത്രം ആഗസ്റ്റ് 12 നു കേരളത്തിലെ മുഴുവൻ സ്‌ക്രീനുകളിലും റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേ സമയം അന്തരിച്ച പ്രശസ്ത സംവിധായകൻ ഐവി ശശിയുടെ മകനായ അനി ഐവി ശശിയും ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രിയദർശന്റെ സഹസംവിധായകൻ കൂടിയായ അനി ഈ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തും കൂടിയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന മരക്കാർ എന്ന നായക കഥാപാത്രത്തിന്റെ യൗവന കാലം അവതരിപ്പിച്ചു കൊണ്ടാണ് പ്രണവ് മോഹൻലാൽ എത്തുന്നത്.
ഇപ്പോഴിതാ മരക്കാറിലെ പ്രണവ് മോഹൻലാലിന്റെ പ്രകടനത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അനി.
നമ്മുടെ സംവിധായകർ പ്രണവ് എന്ന നടനെ ഇതുവരെയും പൂർണമായും ഉപയോഗിച്ചിട്ടില്ല എന്നാണ് അനി പറയുന്നത്. മരക്കാർ എന്ന ചിത്രത്തിലെ ഒരു പ്രത്യേക സീനിലെ പ്രണവിന്റെ പ്രകടനം മോഹൻലാൽ സാറിന്റെയും സുചിയാന്റിയുടെയും കണ്ണ് നനച്ചു എന്നും പ്രണവ് മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് സിനിമാലോകം കാണാനിരിക്കുന്നതേ ഉള്ളൂ എന്നും അനി പറയുന്നു.
കൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനിയുടെ വെളിപ്പെടുത്തൽ. മരക്കാർ കൂടാതെ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം ആണ് പ്രണവ് അഭിനയിച്ചു ഇനി റീലീസ് ചെയ്യാനുള്ള ചിത്രം. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങൾ ആണ് പ്രണവ് നായകനായി പുറത്തിറങ്ങിയ സിനിമകൾ. നേരത്തെ ബാലതാരമായി എത്തി അവാർഡ് വരെ വാങ്ങിയിട്ടുണ്ട് പ്രണവ്.