പറഞ്ഞ വാക്കു മാറ്റാനോ നിലപാടിൽ നിന്ന് ഒളിച്ചോടാനോ എനിക്കു പറ്റില്ല, തൽക്കാലം ദിലീപ് ഈ സിനിമയിൽ നിന്നു മാറിക്കോളു, ഊമപ്പെണ്ണിൽ സംഭവിച്ചത് വെളിപ്പെടുത്തി വിനയൻ

42

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സൂപ്പർ സംവിധായകൻ ആണ് വിനയൻ. അതേ സമയം തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് വിനയൻ.

അതിന്റെ പേരിൽ പലപ്പോഴും മലയാള സിനിമ മാറ്റി നിർത്തിയ സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിലും തെറ്റുകൾ ചൂണ്ടികാണിച്ചതിന്റെ പേരിൽ പലരുടേയും കണ്ണിലെ കരടായി വിനയൻ മാറിയിരുന്നു. പക്ഷെ തന്റെ നിലപാടുകളിൽ നിന്ന് ഒരു ശതമാനം പോലും പിന്നോട്ട് പോകാൻ വിനയൻ ഒരിക്കലും തയ്യാറായിരുന്നില്ല.

Advertisements

ഒരുഘട്ടത്തിൻ തന്നെ ഒറ്റപ്പെടുത്തി മാറ്റിനിർത്തിയവർക്ക് നേരെയും സംഘടനകൾക്ക് നേരെയും ഒറ്റയാൾ പോരാട്ടം നയിച്ചു വിനയൻ സിനിമകൾ ചെയ്യുകയും അത് സൂപ്പർഹിറ്റുകൾ ആക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന സിനിമയിൽ നിന്ന് ജനപ്രിയനടൻ ദിലീപിനെ മാറ്റി ജയസൂര്യ എന്ന പുതുമുഖത്തെ നായകനാക്കിയ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് വിനയൻ.

ചിത്രത്തിന്റെ തിരക്കഥാകൃത്തായ കലൂർ ഡെന്നീസ് ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിലൂടെ തന്റെ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അത് വായിക്കാനിടയായ വിനയൻ കലൂർ ഡെന്നീസ് അതിൽ പറഞ്ഞിരിക്കുന്ന തന്റെ സിനിമയെ കുറിച്ചുള്ള കാര്യങ്ങൾ എത്രത്തോളം ശരിയാണെന്ന് പറയുകയായിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനയൻ അത് വെളിപ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമയ്ക്ക് ജയസൂര്യ എന്ന അനുഗ്രഹീത നടനെ സമ്മാനിച്ച സിനിമയായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ. സിനിമയിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് നടൻ ദിലീപിനെയായിരുന്നു.
എന്നാൽ തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ് ആവശ്യപ്പെട്ടതോടെ ദിലീപിനെ സിനിമയിൽ നിന്ന് മാറ്റി പുതിയ താരത്തിനെ സംവിധായകൻ വിനയൻ മലയാളികൾക്ക് പരിചയപ്പെടുത്തുകയായിരുന്നെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കല്ലൂർ ഡെന്നീസ് മാധ്യമം ആഴ്ചപതിപ്പിൽ എഴുതിയ ആത്മകഥയിൽ പറഞ്ഞിരുന്നു.

അതേ സമയം ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’എന്ന സിനിമയിലൂടെ അന്ന് സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. അതിനു കാരണമായതോ മറ്റു ചില പിടിവാശികൾ ആയിരുന്നു എന്നും വിനയൻ പറയുന്നു.

കല്യാണസൗഗന്ധികം മുതൽ രാക്ഷസരാജാവു വരെ നിരവധി വിജയ ചിത്രങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കുകയും ഒരു സഹോദരനെ പോലെ ഞാൻ സ്നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു നടൻ ദിലീപ്. വളരെ ആത്മാർത്ഥതയോടെ ഞാൻ കണ്ടിരുന്ന ആ ബന്ധത്തിൽ ആദ്യമായി ചെറിയൊരു അകൽച്ച ഉണ്ടാകേണ്ടി വന്ന സാഹചര്യമാണ് ഡെന്നീസു ചേട്ടൻ വീണ്ടും ഓർമ്മയിൽ എത്തിച്ചതെന്നും വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ:

മലയാള സിനിമയിലെ തലമുതിർന്ന തിരക്കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീ കലൂർ ഡെന്നീസ് മാദ്ധ്യമം ആഴ്ചപ്പതിപ്പിൽ ആത്മകഥ എഴുതുന്ന വിവരം ഞാൻ ഈ ഓൺലൈൻ ന്യൂസിലുടെയാണ് അറിഞ്ഞത്. ഇത്തവണത്തെ അദ്ധ്യായം വായിച്ചപ്പോൾ എന്റെ മനസ്സും 19 വർഷം പിന്നിലുള്ള ആ ഓർമ്മകളിലേക്ക് അറിയാതെ പോയി. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണല്ലോ നമ്മൾ പഴയ കാര്യങ്ങൾ ഓർക്കുന്നത്.

ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യൻ എന്ന സിനിമയിലൂടെ അന്ന് സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും യാദൃശ്ചികം ആയിട്ടായിരുന്നു. അതിനു കാരണമായതോ? മറ്റു ചില പിടിവാശികളും. കല്യാണസൗഗന്ധികം മുതൽ രാക്ഷസരാജാവു വരെ നിരവധി വിജയ ചിത്രങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കുകയും ഒരു സഹോദരനെ പോലെ ഞാൻ സ്‌നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു നടൻ ദിലീപ്.

വളരെ ആത്മാർത്ഥതയോടെ ഞാൻ കണ്ടിരുന്ന ആ ബന്ധത്തിൽ ആദ്യമായി ചെറിയൊരു അകൽച്ച ഉണ്ടാകേണ്ടി വന്ന സാഹചര്യമാണ് ഡെന്നീസു ചേട്ടൻ വീണ്ടും ഓർമ്മയിൽ എത്തിച്ചത്. പികെആർ പിള്ളച്ചേട്ടൻ ശിർദ്ദിസായി ക്രിയേഷൻസിനു വേണ്ടി നിർമ്മിച്ച ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ എന്റെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കുന്നത് ഡെന്നീസുചേട്ടൻ ആയിരിക്കുമെന്ന് അഡ്വാൻസ് വാങ്ങുമ്പോഴേ ഞാൻ വാക്കു കൊടുത്തിരുന്നതാണ്.

പിള്ളച്ചേട്ടനും ഡെന്നീസു ചേട്ടനും കൂടി എന്റെ വീട്ടിൽ വന്നാണ് ആ ചിത്രത്തിന് അഡ്വാൻസ് തന്നത്. ആകാശഗംഗയും, ഇൻഡിപ്പെൻഡൻസും, വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും, പോലെ സൂപ്പർ താരങ്ങൾ ഒന്നുമില്ലാത്ത എന്റെ ചിത്രങ്ങൾ സൂപ്പർ ഹിറ്റായി മാറിയിരുന്ന ആ സമയത്ത് വമ്പൻ സിനിമകൾ ധാരാളം നിർമ്മിച്ച് സാമ്പത്തികമായി പാടേ തകർന്നു പോയ പികെആർ പിള്ളച്ചേട്ടന് ഒന്നു പിടിച്ചു നിൽക്കാൻ ഒരു സിനിമ ചെയ്യണമെന്നും പറഞ്ഞാണ് എന്റെ അടുത്തു വരുന്നത്.

രാക്ഷസ രാജാവ് എന്ന എന്റെ മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന സമയമായിരുന്നു അത്. അതുകഴിഞ്ഞ് തമിഴ് ചിത്രമായ കാശിയുടെയും ഷൂട്ടിംഗ് തുടങ്ങേണ്ടതായിട്ടുണ്ട്. ഇതിനിടയിൽ ഡെന്നീസു ചേട്ടന്റെ നിർബന്ധം ഒന്നു കൊണ്ടു മാത്രമാണ് ആ സിനിമ ചെയ്യാൻ പിള്ളച്ചേട്ടനിൽ നിന്നും ഞാൻ അഡ്വാൻസ് വാങ്ങിയത്.

കലൂർ ഡെന്നീസുമായി അതിനു മുൻപ് സിനിമ ഒന്നും ചെയ്തിട്ടില്ലങ്കിലും വളരെ നല്ല സുഹൃത്ബന്ധം ആയിരുന്നു ഞങ്ങൾ പുലർത്തിയിരുന്നത്. ഞാനൊരു കഥ ദിലീപിനോടു പറഞ്ഞിട്ടുണ്ടന്നും ദിലീപിനെയും കാവ്യയേയും വച്ച് ആ സിനിമ വേണമെങ്കിൽ പിള്ളച്ചേട്ടനു വേണ്ടി ചെയ്യാമെന്നും ഞാൻ പറഞ്ഞു. പിള്ളച്ചേട്ടനു സന്തോഷമായി. ദിലീപിനോട് അക്കാര്യം പറയുകയും ദിലീപിന് ഒരു ലക്ഷം രുപ അഡ്വാൻസായി പികെആർ പിള്ള കൊടുക്കുകയും ചെയ്തു.

ഇതിനിടയിലാണ് ചിത്രത്തിൻെ തിരക്കഥ തയ്യാറാക്കുന്നത് ശ്രീ കലൂർ ഡെന്നീസാണന്ന വാർത്ത ശ്രീ ദിലീപ് അറിയുന്നത്. ഒരു ദിവസം ദിലീപ് പാലാരിവട്ടത്തുള്ള എന്റെ വീട്ടിൽ നേരിട്ടെത്തുന്നു. ഭാര്യ മഞ്ജുവും അന്ന് കൂടെ ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ്മ. സംസാരമദ്ധ്യേ ദിലീപ് ഇക്കാരം എടുത്തിട്ടു നല്ല കഥയാണന്നും പക്ഷേ തിരക്കഥ കലൂർ ഡെന്നീസെഴുതിയാൽ ശരിയാകില്ലന്നും പറയുന്നു.

മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒക്കെ വേണ്ടി ധാരാളം ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ച ആളാണന്നും ഞാൻ വാക്കു കൊടുത്തു പോയി എന്നു പറഞ്ഞിട്ടും ദിലീപ് നിർബന്ധം തുടർന്നു. സത്യത്തിൽ എനിക്ക് ഡെന്നീസു ചേട്ടനോട് ഒരു ദേഷ്യവും ഇല്ല വിനയേട്ടാ. എന്നാണ് ദിലീപ് പറഞ്ഞത് പക്ഷേ ഡെന്നീസു ചേട്ടന്റെ പങ്കാളിത്വം ഉണ്ടായാൽ ആ സിനിമ ഓടില്ല എന്ന ഒറ്റ പിടിവാശിയിൽ ദിലീപ് നിന്നു.

അതിനു കാരണമായി ചൂണ്ടിക്കാണിച്ചത് ആ സമയത്തെ അദ്ദേഹം എഴുതിയ ചില സിനിമകളുടെ പരാജയമാണ്. ചില സിനിമകളുടെ പരാജയം വച്ച് മൊത്തത്തിൽ വിലയിരുത്തരുതെന്നും അങ്ങനെയെങ്കിൽ ദിലീപ് അഭിനയിക്കുന്ന വേറെ ചില ചിത്രങ്ങൾ പരാജയപ്പെടുന്നില്ലേ? എന്നും ഞാൻ ചോദിച്ചു. മാത്രമല്ല, എന്റെ ഈ സബ്ജക്ട് തിരക്കഥയാക്കുമ്പോൾ ഞാൻ പുർണ്ണമായും കൂടെയുണ്ടാകും എന്നു പറഞ്ഞിട്ടും ദിലീപ് തന്റെ തീരുമാനത്തിൽ നിന്നു മാറുന്നില്ല എന്നു മനസ്സിലാക്കിയ ഞാൻ തെല്ലൊന്നാലോചിച്ച ശേഷം പറഞ്ഞു.

ദിലീപേ ഇതെന്റെ സിനിമയാണ് ഇതു വിജയിക്കേണ്ടത് ദിലീപിനേക്കാൾ കൂടുതൽ എന്റെ ആവശ്യമാണ്. പക്ഷേ അതിനായി ഒരാളോടു പറഞ്ഞ വാക്കു മാറ്റാനോ? എടുത്ത നിലപാടിൽ നിന്ന് ഒളിച്ചോടാനോ എനിക്കു പറ്റില്ല. എന്നു മാത്രമല്ല നിർമ്മാതാവു കഴിഞ്ഞാൽ സിനിമയുടെ ക്യാപ്റ്റൻ സംവിധായകനാണന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ. തിരക്കഥാകൃത്തിനെയും, ക്യാമറാമാനെയും, നായികയെയും ഒക്കെ തീരുമാനിക്കുന്നത് സംവിധായകന്റെ ചുമതലയാണ്.

അല്ലാതെ നടന്റെ അല്ല അതുകൊണ്ട് നമുക്കൊരു കാര്യം ചെയ്യാം. ഏതായാലും ഡെന്നിസു ചേട്ടനെ മാറ്റുക എന്ന ദിലീപിന്റെ ആവശ്യം ഈ സിനിമയിൽ നടക്കില്ല. പിന്നെ ഒരു പോംവഴിയേ ഉള്ളു വളരെ വിഷമത്തോടെ ആണങ്കിലും പറയട്ടേ. തൽക്കാലം ദിലീപ് ഈ സിനിമയിൽ നിന്നു മാറുക. നമുക്ക് അടുത്ത സിനിമ ചെയ്യാം. ദിലീപ് പൊട്ടിച്ചിരിച്ചു പിന്നെ വിനയേട്ടൻ ആരെ വച്ചു ചെയ്യും. ദിലീപിന്റെ ആ ചോദ്യം പ്രസക്തമായിരുന്നു.

കാരണം ഹ്യൂമറും സെന്റിമെൻസും നിറഞ്ഞ ആ ഊമയുടെ വേഷത്തിന് ദിലീപ് കഴിഞ്ഞേ അന്നാരുമുണ്ടായിരുന്നൊള്ളു. മാത്രമല്ല പഞ്ചാബി ഹൗസും, ഈ പറക്കും തളികയും, ഇഷ്ടവും ഒക്കെ തകർത്തോടിയ സമയം. പക്ഷേ ഒരു ഫിലിം മേക്കറുടെ വ്യക്തിത്വം ബലികഴിച്ചു കൊണ്ട് താരത്തിന്റെ ആജ്ഞാനുവർത്തി ആകുന്നതിലും നല്ലത് സിനിമ ചെയ്യാതിരിക്കുന്നതല്ലേ എന്നു ഞാൻ ചിന്തിച്ചു.

പിള്ളച്ചേട്ടനോട് ദിലീപിനു കൊടുത്ത അഡ്വാൻസ് തുക തിരിച്ചു വാങ്ങിക്കോളാൻ പറഞ്ഞു. അദ്ദേഹം ആ തുക തിരിച്ചു വാങ്ങി. അതിന്റെ തൊട്ടടുത്ത ദിവസം എസിവി യിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യനെ കാണുന്നു.. ( അന്ന് അഞ്ചാം ക്ലാസ്സിൽ പഠിച്ചിരുന്ന എന്റെ മകൻ വിഷ്ണുവാണ് അതിനു കാരണമായത്) എന്റെ കഥാപാത്രമായി ഇയാളെ മാറ്റിയാലോ എന്നു ചിന്തിക്കുന്നു.
പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് രാജൻ ഫിലിപ്പിനെ വിട്ട് തൃപ്പൂണിത്തുറയിൽ നിന്നും അയാളെ വിളിപ്പിക്കുന്നു.

അങ്ങനെ ജയസൂര്യ എന്റെ മുന്നിലെത്തുന്നു. ആ സമയം ജയനെ പോലെ ധാരാളം പേർ പുതുമുഖത്തെ തേടുന്നു എന്ന വിവരം അറിഞ്ഞ് എത്തിയെങ്കിലും ജയസൂര്യയെ തിരഞ്ഞെടുക്കുവാനാണ് ഞാൻ തയ്യാറായത്. ഞാൻ പറഞ്ഞ പോലെ ഒരു സീൻ എന്നെ അയാൾ അഭിനയിച്ചു കാണിച്ചു എന്നതിലുപരി അന്ന് കോട്ടയം നസീറിന്റെ ട്രൂപിൽ മിമിക്രി ചെയ്തിരുന്ന ജയന്റെ സാമൂഹ്യ പശ്ചാത്തലവും എന്നെ സംബന്ധിച്ച് ആ സെലക്ഷനിൽ ഒരു ഘടകം തന്നെ ആയിരുന്നു.

അവസരങ്ങൾ ചോദിച്ച് അലയുന്ന തനിക്ക് സിനിമയിൽ നല്ല ഒരു ഇൻട്രൊഡക്ഷൻ കിട്ടിയാൽ മിമിക്രിയിൽ കൂടുതൽ പ്രതിഫലം ലഭിക്കും എന്നു പറഞ്ഞ ജയന്റെ മുന്നിലേക്ക് അന്ന് മലയാളത്തിന്റെ പ്രിയങ്കരി ആയ നായിക കാവ്യാ മാധവന്റെ നായകപദവി ഞാൻ സമ്മാനിക്കുകയായിരുന്നു. ആ ചിത്രത്തിന്റെ വിജയവും അതിനു ശേഷം ജയസൂര്യ കാണിച്ച അർപ്പണ ബോധവും പരിശ്രമവും ഒക്കെ ജയനെ വലിയ നിലയിൽ എത്തിച്ചിരിക്കാം.

പക്ഷേ അതിലും വലുതായി എന്റെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്. തങ്ങളുടെ മകൻ സിനിമയിലെ നായകനാവുമോ എന്ന അടങ്ങാത്ത ആകാംഷയോടും അതിലേറെ പ്രാർത്ഥനയോടും കൂടി നിറകണ്ണുകളോടെ എന്നേ വന്നുകണ്ട് ചോദിച്ച ജയസുര്യയുടെ സ്‌നേഹ നിധികളായ മാതാപിതാക്കളുടെ മുഖമാണ്. അവരുടെ പ്രാർത്ഥനയുടെ കൂടെ ഫലമാണ് ജയസൂര്യ എന്നനടന്റെ ഇന്നത്തെ ഉന്നതി എന്നു വിശ്വസിക്കുന്നവനാണ് ഞാൻ.

ജയസുര്യ തന്നെ ആയിരിക്കും ആ ചിത്രത്തിലെ നായകനെന്നറിഞ്ഞ നിമിഷത്തിലെ ആ മാതാപിതാക്കളുടെ ആനന്ദക്കണ്ണീരും ഞാൻ കണ്ടതാണ്. നമ്മൾ ഉയർച്ചയിൽ എത്തുമ്പോഴൊക്കെ അതെല്ലാം നമ്മുടെ മാത്രം എന്തോ അസാമാന്യ കഴിവു കൊണ്ടാണന്നു വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. ആ വിജയത്തിന്റെ ഒക്കെ പിന്നിൽ നമ്മൾ രക്ഷപെടണമേ എന്ന് ആത്മാർത്ഥമായി ചിന്തിച്ച ചിലരുടെ പ്രാർത്ഥനയും പരിശ്രമവും കൂടി ഉണ്ടായിരുന്നു എന്നോർക്കണം.

അവരുടെ പ്രാർത്ഥനയുടെ ഫലത്തെ നമുക്ക് ഭാഗ്യമെന്നോ? യോഗമെന്നോ, ഗുരുത്വമെന്നോ ഒക്കെ വിളിക്കാം.
അതില്ലായിരുന്നു എങ്കിൽ നമ്മളേക്കാളേറെ കഴിവും സർഗ്ഗശേഷിയും ഉള്ള പലരും പടിക്കു പുറത്തു നിൽക്കുമ്പോൾ തനിക്ക് ഈ സോപാനത്തിൽ കയറി ഇരിക്കാൻ കഴിയില്ലായിരുന്നു എന്നു ചിന്തിക്കുന്ന കലാ കാരനും മനുഷ്യനും ഒക്കെ ആയി നമ്മൾ മാറണം. നന്ദിയും സ്‌നേഹവും ഒക്കെ മനസ്സിൽ സൂക്ഷിക്കാൻ കഴിഞ്ഞാൽ അതൊരു പ്രത്യേക സുഖമാണ്.

അതിനു വേണ്ടി ചില തോൽവികൾ ഏൽകേണ്ടി വന്നാലും. അതിലൊരു നൻമയുണ്ട്. വലിയ നൻമ മരമൊന്നും ആകാൻ കഴിഞ്ഞില്ലങ്കിലും. തികഞ്ഞ സ്വാർത്ഥരാകാതിരിക്കാൻ ശ്രമിക്കുക കലൂർ ഡെന്നിസു ചേട്ടന്റെ വാക്കുകൾ വായിച്ച് ഇത്രയുമൊക്കെ ഓർത്തു പോയി. ക്ഷമിക്കുക
വിനയൻ

Advertisement