ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരനായ ഗായകനായി മാറിയ താരമാണ് നജിം അർഷാദ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലെ ആദ്യ വിജയി കൂടി ആയിരുന്നു നജീം അർഷാദ്.
പിന്നീട് സിനിമാ പിന്നണിഗാങ്ങൾ അടക്കം നിരവധി ഗാനങ്ങൾ ആലപിച്ച നജീമിന് ആരാധകരും ഏറെയാണ്. ഇത്തവണത്തെ മികച്ച ഗായകനുള്ള 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നജീമിന് ആയിരുന്നു ലഭിച്ചത്. സംഗീതം പോലെ തന്നെ യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന നജീമിന്റെ മൂന്നാർ, ഇടുക്കി, തേക്കടി യാത്രയ്ക്കിടയിലായിരുന്നു സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ചും തന്റെ യാത്രകളെ കുറിച്ചും തുറന്നു പറയുകയാണ് നജീം അർഷാദ്.
മികച്ച ഗായകനുള്ള അംഗീകാരം നേടി എടുത്ത സന്തോഷത്തിലായിരുന്നു നജീം അർഷാദ്. കുടുംബ സമേതമുള്ള മൂന്നാർ യാത്രയിലായിരുന്നു നജീമിനെ തേടി സന്തോഷ വാർത്ത എത്തുന്നത്.
യാത്രകളെ ഏറെ സ്നേഹിക്കുന്ന താരം വിവാഹം കഴിഞ്ഞതോടെ ഭാര്യയെയും കൂട്ടിയുള്ള യാത്രകൾക്കാണ് പ്രധാന്യം കൊടുക്കുന്നത്. ലോക്ഡൗണിന് മുൻപും ശേഷവും പോകാൻ ആഗ്രഹിച്ച പലയിടങ്ങളിലും പോയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണിപ്പോൾ.
മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു നജീം തന്റെ പ്രിയ യാത്രകളെ കുറിച്ച് വാചാലനായത്. നജീം അർഷാദിന്റെ വാക്കുകൾ ഇങ്ങനെ:
2015 ലായിരുന്നു എന്റെ വിവാഹം. തസ്നി എന്നാണ് ഭാര്യയുടെ പേര് ഡെന്റിസ്റ്റാണ്. വിവാഹശേഷമുള്ള മിക്ക യാത്രകളിലും ഭാര്യയെയും ഒപ്പം കൂട്ടും. സ്റ്റേജ് ഷോ കൾക്കായി നിരവധി വിദേശ രാജ്യങ്ങളിൽ പോകുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഓസ്ട്രേലിയ, യുകെ, സൗദി അറേബ്യ, അങ്ങനെ കുറേ സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര നടത്താൻ സാധിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ പോയപ്പോൾ രണ്ടാൾക്കും ഒരുമിച്ച് ഉംറ ചെയ്യുവാനുള്ള ഭാഗ്യവും ഉണ്ടായി.
ഈ അനുഗ്രഹങ്ങളൊക്കെയും സംഗീതം സമ്മാനിച്ചതാണ്. ജോലിയുടെ ഭാഗമായിട്ടല്ലാതെയും ഞങ്ങൾ യാത്ര ചെയ്യാറുണ്ട്. സിനിമയുടെ മാജിക്കിൽ വിശ്വസിക്കുന്നവർക്ക് വേണ്ടി ജമ്മുകാശ്മീർ, ശ്രീനഗർ, കർഗിൽ, ലഡാക്ക്, കുളു മണാലി, അങ്ങനെ നീളുന്നു.
അതിഗംഭീരമായൊരു ട്രിപ്പായിരുന്നു. ഓരോ കാഴ്ചകൾക്കും വ്യത്യസ്ത സൗന്ദര്യമായിരുന്നു. ശരിക്കും ആസ്വദിച്ച് നടത്തിയ യാത്ര. എന്നാൽ മനസിൽ നല്ല ഭയവുമുണ്ടായിരുന്നു. ഭീകരാക്രമണങ്ങളൊക്കെ നടക്കുന്ന സ്ഥലമല്ലേ, തീർച്ചയായും പേടിക്കും. പിന്നെ ഞാനും ഭാര്യയും ദുബായിലുള്ള ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. അതായിരുന്നു ഞങ്ങൾക്ക് ധൈര്യം നൽകിയത്.
ലോക്ഡൗൺ മാറിയ സമയത്ത് ഞാനും ഫാമിലിയും പൂവാറിന് പോയിരുന്നു. തിരുവനന്തപുരം സ്വദേശി ആയതിനാൽ അവിടുത്തെ മിക്ക ടൂറിസ്റ്റ് ഇടങ്ങളും കണ്ട് കഴിഞ്ഞതാണ്. എങ്കിലും പൂവാറിലെ ബോട്ടിങ്ങിന് പോകാൻ സാധിച്ചിരുന്നില്ല. അങ്ങനെ കുടുംബവുമൊക്ക് പൂവാർ ട്രിപ്പ് പ്ലാൻ ചെയ്തു. സിനിമയിലൊക്കെ കാണുന്നത് പോലെ കണ്ടൽ കാട്ടിലൂടെയാണ് ആ ബോട്ട് പോവുക.
കണ്ടൽക്കാട്ടിലൂടെ പോയി നേരെ ചെന്ന് കയറുന്നത് കടലിലേക്കാണ്. മനോഹരമായിരുന്നത്. കായലും കടലും സംഗമിക്കുന്ന ഭൂമിയാണ് പൂവാർ. ഞങ്ങളുടെ സ്വപ്ന യാത്ര ഹിമാലയത്തിലേക്ക് ആയിരുന്നു. ആ യാത്രയും യാഥാർഥ്യമായി. ഏകദേശം 20 ദിവസമെടുത്താണ് ഹിമാലയം യാത്ര നടത്തിയത്. ഞങ്ങൾ രണ്ട് പേരെയും സംബന്ധിച്ച് അതൊരു ജീവിതാഭിലാഷമായിരുന്നു.
2019 ലായിരുന്നു ആ സാഹസിക യാത്ര, ഡൽഹി വരെ വിമാനത്തിലും അവിടെ നിന്ന് ജീപ്പിലുമായിരുന്നു യാത്ര. ഡൽഹിയിൽ നിന്നും ഹിമാലയം വരെ ജീപ്പ് എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ എത്രത്തോളം സാഹസികമാണെന്ന്. 4000 കിലോമീറ്ററോളം ജീപ്പിലൂടെ യാത്ര ചെയ്തു. ആ യാത്രയിൽ ഇന്ത്യയുടെ ഏതാണ്ട് വടക്കൻ പ്രദേശങ്ങൾ മുഴുവൻ കണ്ടുവെന്നും നജീം അർഷാദ് പറയുന്നു.