മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബനും ശാലിനിയും ജോഡികളായി എത്തിയ ആദ്യ സിനിമ അനിയത്തിപ്രാവ്. മലയാള സിനിമയിലേക്കുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അനിയത്തിപ്രാവ്.
1997 മാർച്ച് 26നാണ് ഫാസിലിന്റെ അനിയത്തിപ്രാവ് സിനിമ തിയേറ്ററുകളിലെത്തിയത്. അന്നുവരെ ഉണ്ടായിരുന്ന നായക സങ്കൽപത്തിൽ നിന്നും മാറി ചോക്ലേറ്റ് ഇമേജുള്ള നായകൻ പിറന്നതും അനിയത്തിപ്രാവ് സിനിമയലാണ്.
സാധാരണ ഒരു പടം എന്നതിൽ കവിഞ്ഞ് ഒരു പ്രതീക്ഷയും ഇല്ലാതിരുന്നതിനാൽ സിനിമ കാണാൻ ആദ്യ ദിവസങ്ങളിൽ ആളുകൾ എത്തിയിരുന്നില്ല. പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമയ്ക്ക് പ്രചാരം ലഭിക്കുകയും തിയേറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്തുകയുമായിരുന്നു. യൂത്തിന്റെ ആവേശമായി പിന്നീട് അനിയത്തിപ്രാവും സിനിമയിലെ നായകൻ കുഞ്ചാക്കോ ബോബനും നായിക ശാലിനിയും മാറി.
യൂത്തിന് പിന്നാലെ കുടുംബപ്രേഷകരും എത്തിയതോടെ പല റെക്കോർഡുകളും സിനിമ സ്വന്തമാക്കി. പരുക്കൻ മുഖഭാവങ്ങൾ ഉള്ള നായകന്മാരെ കണ്ട് ശീലിച്ച മലയാള സിനിമക്ക് റഹ്മാന് ശേഷം ലഭിച്ച നിഷ്‌കളങ്ക മുഖമുള്ള നായകൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ.
അതിനാൽ തന്നെ ചോക്ലേറ്റ് നായകൻ എന്ന പുതിയ നായക സങ്കൽപവും അനിയത്തിപ്രാവിലൂടെ പിറവിയെടുത്തു. മലയാളികൾ നെഞ്ചിലേറ്റിയ ആ കാലഘട്ടവും സിനിമയിലെ ഗാനങ്ങളും എന്നും ഒരു ഗൃഹാതുരത്വം സമ്മാനിക്കുന്നതാണ്.
അനിയത്തിപ്രാവിന് ശേഷം നിരവധി സിനിമകളിൽ ചാക്കോച്ചൻ അഭിനയിച്ചെങ്കിലും അന്നും ഇന്നും എവർഗ്രീൻ റൊമാന്റിക് ഹീറോ ആരാണെന്ന് ചോദിച്ചാൽ സിനിമാ പ്രേമികൾ ഒന്നടങ്കം പറയുക കുഞ്ചാക്കോ ബോബന്റെ പേരായിരിക്കും. അതേ സമയം ഒട്ടും താൽപര്യമില്ലാതെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും സിനിമയിൽ അഭിനയിക്കാൻ എത്തിയതെന്ന് വെളിപ്പെടുത്തുക ആണ് ഇപ്പോൾ സംവിധായകൻ ഫാസിൽ.
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഞാൻ ചാക്കോച്ചനെ കാണുന്നതിന് മുമ്പ് ദിൽവാലേ കണ്ട് കഥ മനസിൽ വന്ന് കഴിഞ്ഞപ്പോൾ തമിഴിൽ എടുക്കാനാണ് ഉദ്ദേശിച്ചത്. സ്വർഗചിത്ര അപ്പച്ചനും സത്യൻ അന്തിക്കാടുമൊക്കെയുള്ള സദസിൽ ഞാൻ ഈ കഥ പറഞ്ഞു.
സത്യൻ ചാടിയെണീറ്റിട്ട് ഫാസിൽ ഇപ്പോൾ മലയാളത്തിൽ ചെയ്യേണ്ട സിനിമയല്ലേ ഇത് എന്ന് ചോദിച്ചു. സ്വർഗചിത്ര അപ്പച്ചൻ അതിനെ പിന്തുണച്ചു. അങ്ങനെയാണ് ഈ സിനിമ മലയാളത്തിലെടുക്കാൻ തീരുമാനിച്ചത്. അല്ലെങ്കിൽ അനിയത്തിപ്രാവിന്റെ തമിഴ് കാതലുക്ക് മര്യാദ ആദ്യം പുറത്തിറങ്ങിയേനെ.
കഥയെഴുതി കഴിഞ്ഞപ്പോൾ ഒരു പുതിയ പയ്യൻ വേണമല്ലോ എന്ന് പലരോടും അന്വേഷിക്കുന്നത് എന്റെ ഭാര്യ കേൾക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ പുതിയ വീടുവച്ച് താമസം തുടങ്ങിയിട്ട് അധികം കാലമായിരുന്നില്ല. വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ ഫോട്ടോകളുടെ ആൽബം നോക്കുകയായിരുന്ന ഭാര്യ റോസീന. ബോബൻ കുഞ്ചാക്കോയും മോളിയും കൂടി പാലുകാച്ചലിന് വന്നപ്പോൾ ഒപ്പമുണ്ടായിരുന്ന കുഞ്ചാക്കോയെ കാണിച്ചു തന്നു. എന്നിട്ട് ചാക്കോച്ചൻ പോരേ നായകനായി എന്ന് ചോദിച്ചു.
ചാക്കോച്ചന്റെ മാതാപിതാക്കളെ വിളിച്ച് ചോദിച്ചപ്പോൾ അവരും സമ്മതിച്ചു. ചാക്കോച്ചൻ ഒട്ടും താൽപര്യം ഇല്ലാതെയാണ് വന്നത്. ചാക്കോച്ചൻ അന്ന് ബികോം അവസാന വർഷമോ മറ്റോ പഠിക്കുകയായിരുന്നു. ഏതെങ്കിലും വിധത്തിൽ അവന്റെ ഭാവി പോകുമോ എന്നൊരു വിഷമം എനിക്കുണ്ടായിരുന്നു. ഞാൻ ഒരിക്കൽ മദ്രാസിൽ നിന്ന് തിരികെ വരുമ്പോൾ യാദൃശ്ചികമായി ശാലിനിയുടെ അച്ഛൻ ബാബുവിനെ കണ്ടു.
ബാബുവിനോട് ഞാൻ ശാലിനിയെക്കുറിച്ചു ചോദിച്ചപ്പോൾ ശാലു കോളജിൽ പഠിക്കുകയാണ് എന്ന് പറഞ്ഞു. സിനിമയിൽ നായികയാക്കാനൊക്കുമോ എന്ന് ചോദിച്ചു. സാർ കണ്ടു നോക്കൂ എന്നായിരുന്നു ബാബുവിന്റെ മറുപടി. അങ്ങനെ മദ്രാസിലെ എന്റെ ഓഫീസിലേക്ക് വരുത്തിയാണ് ഞാൻ ശാലിനിയെ കണ്ടത്.
ശാലിനിക്ക് അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. പഠനം പഠനം എന്ന് പറഞ്ഞ് നടക്കുകയായിരുന്നു. പക്ഷേ എന്റെ സിനിമയായത് കൊണ്ട് ഈ ഒരു സിനിമയിൽ അഭിനയിച്ച് നിർത്താമെന്ന ബാബുവിന്റെ നിർബന്ധം കൊണ്ടാണ് തുടങ്ങിയത്. പിന്നീട് ശാലിനിക്ക് തമിഴിലും മലയാളത്തിലും തിരക്കായി എന്നും ഫാസിൽ പറയുന്നു.