തമിഴകത്തിന്റെ ദളപതി വിജയ് നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമാണ് ബിഗിൽ. ആറ്റ്‌ലി സംവിധാനം ചെയ്ത ഈ ചിത്രം ബോക്‌സ് ഓഫിസിൽ സൂപ്പർ വിജയമാണ് നേടിയത്. ആഗോള കളക്ഷനായി മുന്നൂറു കോടിക്ക് മുകളിലാണ് ആ ചിത്രം നേടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ദളപതി വിജയിയ്ക്കൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും അഭിനയിച്ച ഈ ചിത്രത്തിൽ ഒട്ടേറെ നടിമാർ നിർണ്ണായക വേഷങ്ങൾ ചെയ്തു. വനിതാ ഫുട്‌ബോൾ ടീമിന്റെയും അവരുടെ കോച്ച് ആയി എത്തുന്ന ബിഗിൽ എന്ന യുവാവിന്റെയും കഥ പറഞ്ഞ ഈ ചിത്രത്തിലെ ഫുട്‌ബോൾ താരങ്ങളായി അഭിനയിച്ച നടിമാർ എല്ലാവരും തന്നെ വലിയ ശ്രദ്ധ നേടിയെടുത്തു.
അതിലൊരാളായിരുന്നു മലയാളി കൂടിയായ റീബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലെ നിവിൻ പോളിയുടെ നായികയായി അരങ്ങേറ്റം കുറിച്ച റീബ പിന്നീട് പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ നായികാ വേഷവും ചെയ്തു. ബിഗിൽ എന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തിൽപെടുന്ന ഒരു വനിതാ ഫുട്‌ബോളറായാണ് റീബ എത്തുന്നത്.
ചിത്രത്തിലെ ദളപതി വിജയിയ്ക്കൊപ്പമുള്ള അനുഭവം ഒരുക്കലും മറക്കാൻ പറ്റില്ല എന്നും ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ ദളപതി വിജയ് അതിൽ അഭിനയിച്ച എല്ലാവർക്കും ഓരോ മോതിരം വീതം സമ്മാനമായി നൽകി എന്നും റീബ പറയുന്നു. അത് താൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് എന്നും ആർക്കും കൊടുക്കില്ല എന്നും റീബ വ്യക്തമാക്കി.
എത്ര വില വേണമെങ്കിലും തരാം ആ മോതിരം കൊടുത്താൽ എന്ന് പറഞ്ഞു ഒരുപാട് പേര് ചോദിച്ചിരുന്നു എന്നും എന്നാൽ താനത് എന്നും സൂക്ഷിച്ചു വെക്കുമെന്നും റീബ പറയുന്നു. റീബയുടെ പുതിയ മലയാളം റിലീസ് ടോവിനോ തോമസ് നായകനായി എത്തുന്ന ഫോറൻസിക് ആണ്. ഈ വെള്ളിയാഴ്ച ഫോറൻസിക് റിലീസ് ചെയ്യും.